ലതികക്കെതിരെ ശക്തമായ നിലപാടുമായി കോൺഗ്രസ്
text_fieldsകോട്ടയം: ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കുന്ന മഹിള കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിനെതിരെ കോൺഗ്രസ് കടുത്ത നടപടിയിലേക്ക്. ഇവരുമായി സഹകരിക്കുന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന ഉമ്മൻ ചാണ്ടിയുടെ മുന്നറിയിപ്പ് ഇതിെൻറ സൂചനയാണ്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ലതികക്കെതിരെ നിലപാട് കടുപ്പിച്ച് രംഗത്തുവന്നിരുന്നു.
ലതിക വിഷയം അടഞ്ഞ അധ്യായമാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ഏറ്റുമാനൂരിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥിയെ പിൻവലിച്ചത് ലതികയുടെ ബി.ജെ.പി ബന്ധത്തിെൻറ തെളിവാണെന്ന് ചെന്നിത്തലയും ആരോപിച്ചു. കെ.പി.സി.സി ആസ്ഥാനത്തെത്തി തലമുണ്ഡനം ചെയ്തതും ലതികയുടെ പ്രസ്താവനകളും യു.ഡി.എഫിനു തിരിച്ചടിയാകുമെന്ന റിപ്പോർട്ടാണ് തിരക്കിട്ട നടപടിയിലേക്ക് നീങ്ങാൻ നേതൃത്വത്തെ പ്രേരിപ്പിച്ചത്.
1987ൽ കോൺഗ്രസ് സ്വതന്ത്രനായി ജോർജ് ജോസഫ് പൊടിപാറ മത്സരിച്ച് ജയിച്ചിരുന്നു. അന്ന് കോൺഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു. ജാതി-മത സമവാക്യങ്ങളും തിരിച്ചടിയാകുമോയെന്ന ആശങ്കയും നേതൃത്വം തള്ളുന്നില്ല. വിവിധ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന അവഗണനയുടെ പ്രതീകമായാണ് ലതിക സീറ്റ് ലഭിക്കാത്തതിനെ ഉയർത്തിക്കാട്ടുന്നത്. ഇത് സ്ത്രീ വോട്ടർമാർ എങ്ങനെ സ്വാധീനിക്കുമെന്നതും നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു.
രാഷ്ട്രീയത്തിലുപരി ലതിക സുഭാഷ് നേരിട്ട അവഗണന ചർച്ചയാകുന്നത് യു.ഡി.എഫിനു തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. മറ്റ് മണ്ഡലങ്ങളിൽ ഇതിെൻറ പ്രതിഫലനം ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളും നേതൃത്വം നടത്തുന്നുണ്ട്.
ത്രികോണ മത്സരത്തിലേക്ക് കാര്യങ്ങളെത്തിയത് യു.ഡി.എഫ് സ്ഥാനാർഥിയായ ജോസഫ് ഗ്രൂപ്പിെല പ്രിൻസ് ലൂക്കോസിനെയും ഞെട്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.