പൊലീസിന്റെ ‘വിലങ്ങ്’ ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമാണം നീളുന്നു
text_fieldsഈരാറ്റുപേട്ട: സ്ഥലത്തിൽ തട്ടി ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമാണം നീളുന്നു. സിവിൽ സ്റ്റേഷനായി ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനോട് അനുബന്ധിച്ചുള്ള സർക്കാർ ഭൂമിയാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. ആഭ്യന്തരവകുപ്പിന്റെ ഉടമസ്ഥതയിലെ 2 .79 ഏക്കർ വസ്തുവിൽനിന്ന് 1.40 ഏക്കർ സിവിൽ സ്റ്റേഷനായി നീക്കിവെക്കാനായിരുന്നു റവന്യൂ വകുപ്പിന്റെ ശിപാർശ. ബാക്കിയുള്ള 1.39 ഏക്കർ പൊലീസ് സ്റ്റേഷന് തുടർന്നും ഉപയോഗിക്കാമെന്നായിരുന്നു ഇവരുടെ നിർദേശം. എന്നാൽ, പൊലീസ് വകുപ്പ് ഇതിൽ എതിർപ്പുമായി രംഗത്തെത്തി. ഇതോടെ ഒരു ഏക്കർ സ്ഥലമെങ്കിലും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കലക്ടർ സർക്കാറിന് റിപ്പോർട്ട് നൽകി. ഇതിനിടെ 2021-2022ലെ സംസ്ഥാന ബജറ്റിൽ മിനിസിവിൽ സ്റ്റേഷനായി രണ്ട് കോടി അനുവദിച്ചിരുന്നു. എന്നാൽ, സ്ഥലം ലഭിക്കാത്തതിനാൽ നിർമാണം അനിശ്ചിതത്വത്തിലാണ്.
ജില്ലയിലെ 31 പൊലീസ് സ്റ്റേഷനുകളിൽ പൊൻകുന്നം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ഥലം കൈവശത്തിലുള്ളത് ഈരാറ്റുപേട്ടയിലാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷന് 11 സെന്റും കടുത്തുരുത്തി സ്റ്റേഷന് 17 സെന്റും മാത്രമാണുള്ളത്. ജില്ല ആസ്ഥാനം ഉൾപ്പെടുന്ന കോട്ടയം ഈസ്റ്റ്, വെസ്റ്റ് പൊലീസ് സ്റ്റേഷനുകൾക്ക് യഥാക്രമം 52 സെന്റ് സ്ഥലം മാത്രമാണ് കൈവശത്തിലുള്ളത്. അടുത്തിടെ, ഏറ്റുമാനൂർ സിവിൽ സ്റ്റേഷൻ നിർമാണത്തിനായി പൊലീസ് ഡിപ്പാർട്ട്മെൻറ് കൈവശത്തിലുള്ള ഭൂമിയുടെ ഒരു ഭാഗം ഏറ്റെടുക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിക്കുകയും ആദ്യ ഘട്ട നിർമാണത്തിനായി തുക അനുവദിക്കുകയും ചെയ്തു.
ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന്റെ ആകെയുള്ള 50 സെൻറ് ഭൂമിയിൽ നിന്നുമാണ് ഒരു ഭാഗം ഏറ്റെടുക്കുന്നത്. ഈ സാഹചര്യത്തിൽ പൊലീസ് വിട്ടുവീഴ്ചക്ക് തയാറാകണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനിടെ നിർദിഷ്ട ഭൂമിയിൽ സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിനെതിരെ കേസ് നിലനിൽക്കുന്നുവെന്ന വാദം ഉയർത്തി നിർമാണം തടസ്സപ്പെടുത്താൻ ആസൂത്രിതമായി ശ്രമം നടക്കുന്നതായും ആേക്ഷപമുണ്ട്. ഈരാറ്റുപേട്ടയിൽ നിലവിൽ എട്ട് സർക്കാർ ഓഫിസുകൾ വാടക കെട്ടിടങ്ങളിലും അഞ്ച് സർക്കാർ ഓഫിസുകൾ അടിസ്ഥാന സൗകര്യങ്ങളില്ലാതെയുമാണ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.