രണ്ടു ലിറ്റർ വാഷിങ് ലിക്വിഡിെൻറ വിലയ്ക്ക് രണ്ടര ലിറ്റർ ലഭിക്കുമെന്ന് പരസ്യം: ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഇടപെടുന്നു
text_fieldsകോട്ടയം: രണ്ടു ലിറ്റർ വാഷിങ് ലിക്വിഡിെൻറ വിലയ്ക്ക് രണ്ടര ലിറ്റർ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന പരാതിയിൽ കോട്ടയം ജില്ല ഉപഭോക്തൃകാര്യ തർക്കപരിഹാര കമീഷൻ ഏരിയൽ വാഷിങ് ലിക്വിഡിെൻറ നിർമാതാക്കളായ പ്രോക്ടർ ആൻഡ് ഗാമ്പിൾ ഹോം പ്രോഡക്ട്സിനോട് വിശദീകരണം തേടി.
കോട്ടയം സ്വദേശിയായ അഭിഭാഷകൻ രാഹുൽ കൊല്ലാടിെൻറ പരാതിയിലാണ് നടപടി. 2.5 ലിറ്റർ വാഷിങ് ലിക്വിഡ് 605 രൂപക്കാണ് ഹോബ്ലി മാർട്ട് എന്ന കടയിൽനിന്ന് രാഹുൽ വാങ്ങിയത്. അന്നേ ദിവസം അതേ കടയിൽനിന്ന് ഇതേ ഉൽപന്നത്തിന്റെ ഒരു ലിറ്റർ 250 രൂപക്ക് വാങ്ങി.
വിശദ പരിശോധനയിൽ 2.5 ലിറ്റർ ലിക്വിഡിെൻറ ക്യാനിൽ ലിറ്ററിന് 302.50 രൂപ പ്രകാരമാണെന്ന് രേഖപ്പെടുത്തിയിരുന്നതെന്ന് പരാതിക്കാരൻ കണ്ടെത്തി. 500 മില്ലിലിറ്റർ വാഷിങ് ലിക്വിഡ് സൗജന്യമാണെന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമില്ലാതെ 2.5 ലിറ്ററിന്റെ ശരിയായ വില ഉൽപന്നത്തിൽ രേഖപ്പെടുത്തിയിരുന്നെങ്കിൽ ആ ഉൽപന്നം വാങ്ങിയില്ലായിരുന്നെന്നും തെറ്റിദ്ധരിപ്പിച്ച് 105 രൂപ അധികമായി ഈടാക്കിയെന്നുമാണ് പരാതി. അതുകൊണ്ട് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പിൻവലിച്ച് ഉത്തരവുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഉപഭോക്തൃ തർക്ക പരിഹാര കമീഷനെ സമീപിച്ചത്.
ഹരജിക്കാരെൻറ വാദത്തിൽ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് കണ്ടെത്തിയ അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്തൃതർക്ക പരിഹാര കമീഷൻ ഈ ഉൽപന്നം വിപണിയിൽനിന്ന് പിൻവലിച്ച് ഉത്തരവിടാതിരിക്കാൻ 15 ദിവസത്തിനകം കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊട്ടക്ടർ ആൻഡ് ഗാമ്പിൾ ഹോം പ്രോഡക്ട്സിന് നോട്ടീസ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.