കേരള കോൺഗ്രസിൽ തർക്കം തുടരുന്നു: സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ബഹിഷ്കരിച്ച് ഒരു വിഭാഗം
text_fieldsകോട്ടയം: കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിൽനിന്ന് ഒരു വിഭാഗം നേതാക്കൾ വിട്ടുനിന്നു. ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ, മുൻചെയർമാൻ സി.എഫ് തോമസിെൻറ സഹോദരനും പാർട്ടി വൈസ് ചെയർമാനുമായ സാജൻ ഫ്രാൻസിസ് എന്നിവരാണ് പങ്കെടുക്കാതിരുന്നത്.
പുനഃസംഘടനയുടെ ഭാഗമായി പാർട്ടി പദവികൾ വീതംവെച്ചതിലെ അതൃപ്തിയാണ് ഇവർ പങ്കെടുക്കാത്തതിന് പിന്നിലെന്നാണ് സൂചന. അതേസമയം, ഫ്രാൻസിസ് ജോർജ് വാക്സിനെടുത്തതിനെ തുടർന്നുള്ള പനി മൂലവും ജോണി നെല്ലൂർ നേരത്തേ തീരുമാനിച്ച മറ്റൊരു േയാഗത്തിൽ പങ്കെടുക്കാനുള്ളതിനാലുമാണ് വരാതിരുന്നതെന്നാണ് പി.ജെ ജോസഫിെൻറ വിശദീകരണം. മറ്റുള്ളവർ പങ്കെടുക്കാതിരുന്നതിെൻറ കാരണം വ്യക്തമാക്കിയില്ല.
എന്നാൽ, സീനിയറായ ഫ്രാൻസിസ് ജോർജിനെ തഴഞ്ഞ് മോൻസ് ജോസഫിന് എക്സിക്യൂട്ടിവ് ചെയർമാൻ സ്ഥാനം നൽകിയതിനെച്ചൊല്ലിയാണ് ഇപ്പോഴത്തെ തർക്കം. എക്സിക്യൂട്ടിവ് ചെയർമാന് താഴെയുള്ള ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ ഫ്രാൻസിസ് ജോർജ് വിസമ്മതിച്ചിരുന്നു. ചില നേതാക്കൾ പ്രധാന പദവികൾ കയ്യടക്കിയെന്നും തങ്ങളെ ഒതുക്കിയെന്നുമാണ് ഇവരുടെ പരാതി.
ഇതു സംബന്ധിച്ച പ്രതിഷേധം ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ, അറക്കൽ ബാലകൃഷ്ണപ്പിള്ള എന്നിവർ കഴിഞ്ഞ ദിവസം പാർട്ടി ചെയർമാൻ പി.ജെ. ജോസഫിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് ജോസഫിെൻറ വസതിയിൽ ചേർന്ന യോഗത്തിലും ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായി. ഇതിെൻറ ബാക്കിയായാണ് ഫ്രാൻസിസ് ജോർജിെൻറ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിൽനിന്ന് വിട്ടു നിന്നത്.
പ്രശ്നം പരിഹരിക്കാൻ ജോസഫിെൻറയും പി.സി. തോമസിെൻറയും നേതൃത്വത്തിൽ അനുനയശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. സംഘടനാതലത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞ യോഗം തീരുമാനിച്ചിട്ടുണ്ടെന്നും അതോടെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നുമാണ് ജോസഫ് പറയുന്നത്. കോട്ടയം സ്റ്റാർ ജങ്ഷനിൽ ഗാന്ധിജി സ്റ്റഡി സെൻറായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് സംസ്ഥാന കമ്മിറ്റി ഓഫിസാക്കി മാറ്റിയത്. ഉദ്ഘാടനം പി.ജെ. ജോസഫ് നിർവഹിച്ചു.
വർക്കിങ് ചെയർമാൻ പി.സി. തോമസ്, മോൻസ് ജോസഫ്, വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി, ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.