സർവേ സഹകരണ സംഘം തട്ടിപ്പ്; പണം തിരിച്ചുപിടിക്കാൻ നടപടിയില്ല
text_fieldsകോട്ടയം: സർവേ സഹകരണസംഘത്തിൽ വൻ തട്ടിപ്പ് കണ്ടെത്തി എട്ടുവർഷം പിന്നിട്ടിട്ടും തുക തിരിച്ചുപിടിക്കാൻ നടപടിയില്ല. കോട്ടയം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ജില്ല സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ് എംപ്ലോയീസ് സഹകരണസംഘത്തിലാണ് വൻ സാമ്പത്തിക തിരിമറി നടന്നത്. സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തിൽ 2.41 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തുകയും ഈ തുക ഭരണസമിതി അംഗങ്ങളിൽനിന്ന് തിരിച്ചുപിടിക്കാൻ ഉത്തരവിടുകയും ചെയ്തു. എന്നിട്ടും നിക്ഷേപകർക്ക് ഇതുവരെ പണം തിരികെ ലഭിച്ചിട്ടില്ല.
സർവേ വകുപ്പിലെ സർക്കാർ ജീവനക്കാർ അംഗങ്ങളായി 1970ലാണ് സംഘം പ്രവർത്തനം ആരംഭിച്ചത്. അംഗങ്ങൾക്ക് വായ്പകൾ നൽകുന്നതിനൊപ്പം നിക്ഷേപങ്ങളും സ്വീകരിച്ചു. തുടക്കത്തിൽ ജീവനക്കാർ തന്നെയായിരുന്നു സംഘത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നതെങ്കിലും പിന്നീട് മുഴുവൻ സമയ സെക്രട്ടറിയെ നിയമിച്ചു. ഇതോടെയാണ് സംഘത്തിന്റെ പ്രവർത്തനത്തിൽ താളപ്പിഴകൾ ഉണ്ടായതെന്നും സെക്രട്ടറി വലിയതോതിൽ ക്രമക്കേട് നടത്തിയതായും നിക്ഷേപകർ ആരോപിക്കുന്നു.
ഭരണസമിതിയുടെ കെടുകാര്യസ്ഥതയെ തുടർന്ന് 2014ൽ സംഘം പിരിച്ചുവിടുകയും അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുകയും ചെയ്തു. സഹകരണസംഘം സെക്രട്ടറിയും പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ചേർന്ന് നടത്തിയ തട്ടിപ്പാണ് തകർച്ചക്ക് കാരണമെന്ന് ആക്ഷേപമുയർന്നതോടെ സഹകരണവകുപ്പ് അന്വേഷണത്തിനും ഉത്തരവിട്ടു.
സഹകരണവകുപ്പ് ജില്ല ജോ.രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ 2,41,60,539 രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഭരണസമിതി അംഗങ്ങളിൽനിന്ന് റവന്യൂ റിക്കവറിയിലൂടെ ഈ തുക തിരിച്ചുപിടിക്കാനും ജോ.രജിസ്ട്രാർ ഉത്തരവിട്ടു. സെക്രട്ടറിയിൽനിന്ന് 1.70 കോടിയും പ്രസിഡന്റിൽനിന്ന് 7.88 ലക്ഷവും അടക്കം പിടിക്കാനായിരുന്നു ഉത്തരവ്. ചെറിയ തുക അടക്കാനുണ്ടായിരുന്നവർ തുക അടച്ചെങ്കിലും സെക്രട്ടറി പണം അടക്കാൻ തയാറായില്ല. തുക തിരിച്ചടക്കാത്തവർ ഉത്തരവിനെതിരെ അപ്പീലുമായി ഹൈകോടതിയെ സമീപിച്ചു. ഇതെല്ലാം കോടതി തള്ളി. എറ്റവുമൊടുവിൽ ഇവർ സഹകരണസവകുപ്പ് സെക്രട്ടറിക്ക് അപ്പീൽ നൽകിയിരിക്കുകയാണ്. ഇതിൽ തീരുമാനമാകാതെ റവന്യൂ റിക്കവറി നടത്താൻ കഴിയില്ലെന്നാണ് സഹകരണവകുപ്പ് പറയുന്നത്. എന്നാൽ, അപ്പീലിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയാണെന്നും ജില്ല സഹകരണവകുപ്പ് ഉദ്യോഗസ്ഥർ വിഷയത്തിൽ വേണ്ടത്ര താൽപര്യം കാട്ടുന്നില്ലെന്നും ആക്ഷേപമുണ്ട്.
70 നിക്ഷേപകർക്കാണ് പണം നഷ്ടമായിരിക്കുന്നത്. 10000 മുതൽ 15 ലക്ഷം രൂപവരെയാണ് പലർക്കും കിട്ടാനുള്ളത്. ഹൈകോടതിയിൽനിന്നടക്കം അനുകൂല ഉത്തവ് ലഭിച്ചിട്ടും പണത്തിനായുള്ള ഇവരുടെ അലച്ചിൽ തുടരുകയാണ്. മനുഷ്യാവകാശകമീഷൻ, ലോകായുക്ത എന്നിവയെയും ഇവർ സമീപിച്ചു. ഉടൻ പണം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടിരുന്നു. ലോകായുക്ത നിർദേശപ്രകരം വിജിലൻസും അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി, സഹകരണമന്ത്രി, ചീഫ് സെക്രട്ടറി, സഹകരണവകുപ്പ് സെക്രട്ടറി എന്നിവർക്കും നിക്ഷേപകർ നിവേദനം നൽകിയിരുന്നു. വായ്പ തിരിച്ചടവ് ഇനത്തിൽ 1.58 കോടി തിരിച്ചുകിട്ടാനുണ്ടെന്നും ഇത് പിരിച്ചെടുക്കണമെന്നും നിക്ഷേപകൾ ആവശ്യപ്പെടുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയ സർക്കാർ ജീവനക്കാരടക്കമുള്ള ഭരണസമിതി അംഗങ്ങൾക്കെതിരെ ക്രിമിനിൽകേസ് നൽകാൻ സഹകരണവകുപ്പ് തയാറാകണമെന്നും നിക്ഷേപകർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.