ആർപ്പൂക്കര പഞ്ചായത്തിന്‍റെ ശുചിമുറി നിർമാണത്തിൽ സർവത്ര അഴിമതി
text_fieldsഗാന്ധിനഗർ: ആർപ്പൂക്കര പഞ്ചായത്ത് മെഡിക്കൽ കോളജ് ടാക്സി സ്റ്റാൻഡിന് സമീപം പുതുതായി നിർമിക്കുന്ന ശുചിമുറി നിർമാണത്തിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി പരാതി. മെഡിക്കൽ കോളജ് ബസ്സ്റ്റാൻഡിലുണ്ടായിരുന്ന ശുചിമുറി വർഷങ്ങൾക്ക് മുമ്പ് പൊളിക്കുകയും ജനങ്ങൾക്ക് പ്രാഥമികാവശ്യം നിർവഹിക്കാൻ സൗകര്യമില്ലാതെ നെട്ടോട്ടമോടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ ശുചിമുറി നിർമാണം നടക്കുന്നത്.
പഴയ ശുചിമുറിയിൽനിന്ന് ടാങ്ക് തകർന്ന് മലിനജലം ബസ്സ്റ്റാൻഡിലേക്കും പ്രധാന റോഡിലേക്കും പരന്നൊഴുകിയിരുന്നു. ഇത് നിരവധി തവണ റിപ്പോർട്ട് ചെയ്ത ശേഷമാണ് ഇവിടെനിന്ന് ശുചിമുറി പൊളിച്ചുനീക്കിയത്. ഇപ്പോൾ നിർമിക്കുന്ന ശുചിമുറിയാകട്ടെ ആർക്കും കാണാൻ കഴിയാത്ത രീതിയിൽ തകർച്ചയുടെ വക്കിലെത്തിയ പഞ്ചായത്ത് ഷോപ്പിങ് കോപ്ലക്സിനു പിന്നിലായാണ്. ശുചിമുറി നിർമാണം തട്ടിക്കൂട്ട് രീതിയിലാണെന്നും ആക്ഷേപം ഉയരുന്നു. ഒരു മാനദണ്ഡവും ഇല്ലാതെയാണ് ഈ കെട്ടിടം നിർമിച്ചുകൊണ്ടിരിക്കുന്നത്.
പഞ്ചായത്തുവക മൂന്നു നിലയിൽ നിർമിച്ചിരിക്കുന്ന ഷോപ്പിങ് കോംപ്ലക്സ് തകർച്ചയുടെ വക്കിലാണ്. ഈ കെട്ടിടം പല ഭാഗത്തും പൊട്ടിപ്പൊളിഞ്ഞ് നിലംപൊത്താറായ അവസ്ഥയിലാണ്. അതുപോലെ തന്നെയാണ് സമീപത്തെ ബസ്സ്റ്റാൻഡും കെട്ടിടവും. ഇവയെല്ലാം പൊളിച്ചുനീക്കി വലിയ കെട്ടിട സമുച്ചയം നിർമിക്കുമെന്നും ബസ്സ്റ്റാൻഡ് ആധുനികരീതിയിൽ നിർമിക്കുമെന്നുമാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞിരുന്നത്. അങ്ങനെയെങ്കിൽ ഇപ്പോൾ അരക്കോടിയോളം രൂപ ചെലവിൽ നിർമിച്ചുകൊണ്ടിരിക്കുന്ന ശുചിമുറി അവിടെനിന്നും പൊളിച്ചുകളയേണ്ടിവരും.
പഞ്ചായത്ത് മുൻ എൻജിനീയറുടെ മേൽനോട്ടത്തിൽ നിർമിച്ച ഈ കെട്ടിടം ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കഴിഞ്ഞദിവസം ശുചിമുറികളിൽനിന്നുള്ള മലിനജലം ശേഖരിക്കാൻ സമീപത്തുതന്നെ കുഴിയെടുത്തു. അപ്പോഴാണ് കംഫർട്ട് സ്റ്റേഷന്‍റെ നിർമാണ അപാകത ശ്രദ്ധയിൽപെട്ടത്. കെട്ടിട നിർമാണത്തിന് ഇളകിയ മണ്ണിൽ കോൺക്രീറ്റ് ചെയ്യാതെ അടിത്തറ കരിങ്കൽ കെട്ടിയാണ് നിർമിച്ചത്. രണ്ടു വർഷമായി ബസ്സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ പ്രാഥമികാവശ്യത്തിന് ബുദ്ധിമുട്ടുന്ന വിവരവും നിരവധി തവണ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേ തുടർന്നാണ് നിലവിലുള്ള പഞ്ചായത്ത് ഭരണസമിതി ആറുമാസം മുമ്പ് കംഫർട്ട് സ്റ്റേഷൻ നിർമാണം ആരംഭിച്ചത്. എന്നാൽ, ഈ കാലയളവിനുള്ളിൽ നാലാമത്തെ എൻജിനീയറാണ് ഇപ്പോൾ നിർമാണച്ചുമതലയിലുള്ളത്. കെട്ടിടനിർമാണം നടത്തുമ്പോൾ ചുമതലക്കാരനായിരുന്ന എൻജിനീയറുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ് കെട്ടിടനിർമാണത്തിന്‍റെ അപാകതക്ക് കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.