പത്താംക്ലാസ് കടന്ന് ദമ്പതികൾ; പത്താംക്ലാസ് തുല്യത പരീക്ഷയിൽ 93.86 വിജയ ശതമാനം
text_fieldsകോട്ടയം: പ്രായത്തെ മറികടന്ന് സാക്ഷരത മിഷെൻറ പത്താംക്ലാസ് തുല്യത പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി വടവാതൂർ സ്വദേശികളായ കൃഷ്ണകുമാർ - മഞ്ജുള ദമ്പതികൾ. 50 വയസ്സുള്ള കെ.ജി. കൃഷ്ണകുമാർ ഓട്ടോ ഡ്രൈവറാണ്. 46 വയസ്സുണ്ട് മഞ്ജുളക്ക്. മൂത്തമകൾ അർച്ചന ഡിഗ്രിക്കും മകൻ അമൽ പ്ലസ്ടുവിനും പഠിക്കുന്നു. 'എട്ടാംക്ലാസിൽ പഠിത്തം നിർത്തിയവരാണ് ഞാനും ഭർത്താവും. അന്നത്തെ സാഹചര്യത്തിൽ തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല.
പിള്ളേരൊക്കെ പഠിച്ച് ഉയർന്ന ക്ലാസിലെത്തിയപ്പോൾ എനിക്കും പഠിച്ചാൽ കൊള്ളാമായിരുന്നു എന്ന് തോന്നി. ഞാൻ നിർബന്ധിച്ചാണ് ചേട്ടനെ സാക്ഷരത ക്ലാസിൽ കൂട്ടിക്കൊണ്ടുപോയിരുന്നത്'- മഞ്ജുള പറഞ്ഞു. കോവിഡ് കാലത്ത് ഓൺ ലൈൻ വഴിയാണ് സാക്ഷരതാ ക്ലാസുകൾ എടുത്തിരുന്നത്. ഓട്ടം കഴിഞ്ഞ് കൃഷ്ണകുമാർ വീട്ടിലെത്തുമ്പോൾ ക്ലാസിൽ കയറാൻ തയ്യാറായി മഞ്ജുള കാത്തിരിക്കും. പാഠഭാഗങ്ങളുടെ കൃത്യമായ നോട്ട് നൽകിയതിനാൽ പഠനം കൂടുതൽ എളുപ്പമായിരുന്നെന്നും മഞ്ജുള പറയുന്നു.
ഹ്യുമാനിറ്റീസ് ഐച്ഛിക വിഷയമായെടുത്ത് പ്ലസ് ടു തുല്യത പരീക്ഷ എഴുതിയെടുക്കുകയാണ് ഈ ദമ്പതികളുടെ അടുത്ത ലക്ഷ്യം. ജില്ലയിൽ ഇത്തവണ 424പേർ സാക്ഷരത മിഷെൻറ പത്താംക്ലാസ് തുല്യത പരീക്ഷ എഴുതി. 398പേർ വിജയിച്ചു. 93.86 ആണ് വിജയ ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.