ജോളിയുടെ അറസ്റ്റ് കോടതി തടഞ്ഞു; നാട്ടകം സുരേഷിനെതിരെ കേസെടുക്കാനും സമ്മർദം
text_fieldsകോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയെ അറസ്റ്റ് ചെയ്യരുതെന്ന് കോട്ടയം സെഷൻസ് കോടതി കാഞ്ഞിരപ്പള്ളി പൊലീസിന് ഇടക്കാല ഉത്തരവ് നൽകി. കേസ് പരിഗണിക്കവേയാണ് അന്തിമവിധി വരും വരെ ജോളിയുടെ അറസ്റ്റ് കോടതി തടഞ്ഞത്.
ജോളി മടുക്കകുഴിക്ക് വേണ്ടി അഡ്വ. അലക്സ് ഇടയ്ക്കാട് കോടതിയിൽ ഹാജരായി. അതേസമയം കോൺഗ്രസ് മാർച്ചിനിടെ സ്ത്രീത്വത്തെ അപമാനിക്കുകയും ജോളിയെ വീട്ടിൽ കിടത്തി ഉറക്കില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്ത കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് എമ്മും രംഗത്തുണ്ട്.
ബ്ലോക്ക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിനിടയിൽ ദൃശ്യം പകർത്തുന്നതിനിടെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോൺഗ്രസ് വനിതാഅംഗത്തിന്റെ കയ്യിൽ നിന്ന് ഫോൺ പിടിച്ചുവാങ്ങിച്ചതും അതുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് കേസിനാധാരം. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.
ഈ പ്രതിഷേധം ഉദ്ഘാടനം ചെയ്യവെയാണ് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയതെന്നാണ് ആരോപണം. എന്നാൽ ഇത് സംബന്ധിച്ച് ആരും ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. വിഷയത്തിൽ പരാതി നൽകേണ്ടത് ജോളി തന്നെയാണെന്നാണ് കേരള കോൺഗ്രസ് എം നേതാവും കർഷക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.എച്ച്.
ഹഫീസ് ‘മാധ്യമ’ത്തോട് പ്രതികരിച്ചത്. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ഹഫീസിന്റെ പ്രവർത്തന മേഖലയെങ്കിലും വിദ്യാർഥി രാഷ്ട്രീയക്കാലം മുതൽ ഒന്നിച്ച് പ്രവർത്തിക്കുന്ന ജോളി മടുക്കക്കുഴിക്കെതിരെ ഭീഷണിയുണ്ടായതിനെ തുടർന്ന് ഹഫീസ് ഈ വിഷയം സുരേഷുമായി സംസാരിക്കുകയും അത് പരസ്പരമുള്ള തെറിവിളിയിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടെ ചില ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അത് ഫലം കണ്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.