ഹോട്ടലുകളെ വിഴുങ്ങി കോവിഡ്
text_fieldsകോട്ടയം: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജില്ലയിൽ അടഞ്ഞുകിടക്കുന്നത് 70 ശതമാനം ഹോട്ടൽ. 30 ശതമാനം ഹോട്ടൽ മാത്രമാണ് തുറന്നുപ്രവർത്തിക്കുന്നത്. പലതും കഴിഞ്ഞ ലോക്ഡൗൺ കാലത്ത് പൂട്ടിയവയാണ്. ഇവ ഇനി എന്ന് തുറക്കാനാകുമെന്ന് ഉടമകൾക്കുപോലും ധാരണയില്ല. പാർസൽ സർവിസിന് അനുമതി ഉണ്ടെങ്കിലും ഭൂരിഭാഗം ഹോട്ടലുകളും അതിനുള്ള സാമ്പത്തിക സ്ഥിതിയിലല്ല. ചെറുതും വലുതുമായി രണ്ടായിരത്തിനടുത്ത് ഹോട്ടലാണ് ജില്ലയിലുള്ളത്. ഇവയിൽപെടാത്ത അഞ്ഞൂറോളം തട്ടുകടയുമുണ്ട്.
കോവിഡ് തുടങ്ങിയതിനുപിന്നാലെ നഗര, ഗ്രാമ പ്രദേശങ്ങളിൽ നൂറോളം ചെറുകിട ഹോട്ടലുകൾ പൂട്ടിപ്പോയി. പരമ്പരാഗത രീതിയിൽ തനതുഭക്ഷണം നൽകുന്ന ഹോട്ടലുകളാണ് പിടിച്ചുനിൽക്കാൻ പാടുപെടുന്നത്. പാർസൽ സർവിസും ഓൺലൈൻ ഡെലിവറിയും ലഭിക്കുന്നത് പുത്തൻ രുചിപരീക്ഷണങ്ങളുള്ള ഹോട്ടലുകൾക്കാണ്. കോട്ടയം നഗരത്തിലെ പ്രശസ്തമായ 'ബെസ്റ്റോട്ടൽ' ആഗസ്റ്റ് 31ന് പ്രവർത്തനം അവസാനിപ്പിക്കും. മറ്റൊരു വെജിറ്റേറിയൻ ഹോട്ടൽ കഴിഞ്ഞ ദിവസം പൂട്ടി. കോവിഡ് കാലത്തെ പ്രതിസന്ധിയാണ് വർഷങ്ങളായി കോട്ടയത്തിെൻറ മുഖമുദ്രയായി നിന്നിരുന്ന ഈ ഹോട്ടലുകൾ പൂട്ടാൻ ഉടമകളെ പ്രേരിപ്പിച്ചത്. കൂടുതൽ ഹോട്ടലുകൾ ഇത്തരത്തിൽ പൂട്ടാനൊരുങ്ങുകയാണ്. പാർസൽ നൽകണമെങ്കിലും നാലുപേരെയെങ്കിലും ജോലിക്ക് വെക്കണം. അതിനുള്ള വരുമാനം വേണം. അതിനിടയിൽ പാചകവാതക,- അവശ്യസാധനങ്ങളുടെ വില വർധിക്കുകയാണ്. 25,000 രൂപ കുറഞ്ഞത് വൈദ്യുതി നിരക്കുണ്ട്. വെള്ളത്തിെൻറ നിരക്ക് വേറെ. തദ്ദേശസ്ഥാപനങ്ങൾ കെട്ടിടനികുതി കുറച്ചുനൽകാൻ തയാറായിട്ടില്ലെന്നും ഹോട്ടലുടമകൾ പറയുന്നു.
കഴിഞ്ഞ കോവിഡ് കാലത്ത് പ്രതിസന്ധിയുണ്ടായിരുന്നെങ്കിലും ൈകയിൽ പണമുണ്ടായിരുന്നു. വായ്പകളും ലഭിക്കുമായിരുന്നു. എന്നാൽ, ഇത്തവണ എല്ലാവരുടെയും പോക്കറ്റ് കാലിയാണ്. വായ്പ തിരിച്ചടക്കേണ്ട ആധിയും. ആളുകളെ ഇരുത്തി ഭക്ഷണം നൽകാൻ കഴിഞ്ഞാൽ തൽക്കാലത്തേക്ക് ആശ്വാസമാകുമെന്നാണ് ഹോട്ടലുടമകളുടെ പ്രതീക്ഷ. 50 ശതമാനം ആളുകളെ ഇരുത്തി ഭക്ഷണം നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എമാർക്ക് നിവേദനം നൽകുകയാണ് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ. ജില്ലയിലെ എം.എൽ.എമാർക്ക് അതത് ജില്ല യൂനിറ്റുകൾ നിവേദനം നൽകുന്ന നടപടി പുരോഗമിക്കുന്നു. ഇതിന് മുന്നോടിയായി ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെല്ലാം വാക്സിൻ നൽകുന്നുമുണ്ട്.
'ആനന്ദമന്ദിര'ത്തിനും താഴുവീണു
കോട്ടയം: വാഴയിലയിൽ വിളമ്പുന്ന ഊണിന് പേരുകേട്ട കോട്ടയം നഗരത്തിലെ 'ന്യൂ ആനന്ദ മന്ദിരം' ഹോട്ടലിനും താഴുവീണു. തിരുനക്കര മഹാദേവ ക്ഷേത്രത്തിനുസമീപത്തെ വെജിറ്റേറിയൻ ഹോട്ടലായ 'ന്യൂ ആനന്ദ മന്ദിര' ത്തിന് 98 വർഷം പഴക്കമുണ്ട്. 100ാം വയസ്സിലേക്ക് ചുവടും വെക്കുംമുമ്പ് കോവിഡ് മഹാമാരി വഴിമുടക്കി. കഴിഞ്ഞ മാർച്ച് മുതൽ ഹോട്ടൽ അടഞ്ഞുകിടക്കുകയാണ്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതടക്കം പ്രതിസന്ധിയായതോടെയാണ് ഹോട്ടൽ പൂട്ടാൻ തീരുമാനിച്ചത്.
1923ൽ കൊടുപ്പുന്ന സ്വദേശി വേലായുധപിള്ളയാണ് എസ്.എൻ.വി എന്ന പേരിൽ ഹോട്ടൽ തുടങ്ങിയത്. വേലായുധപിള്ളയുടെ മകൾ രാജമ്മയുടെ ഭർത്താവ് ഗോപാലപിള്ളയുടെ കാലത്ത് തൊണ്ണൂറുകളിലാണ് എസ്.എൻ.വി ആനന്ദ മന്ദിരമാകുന്നത്.
ഗോപാലപിള്ളയുടെ മകൻ രാജേന്ദ്രനായിരുന്നു ഇപ്പോഴത്തെ നടത്തിപ്പുകാരൻ. ഉച്ചയൂണായിരുന്നു ഇവിടെ പ്രധാനം. രണ്ടുമണിക്കൂർ കൊണ്ട് 400 പേർക്കുവരെ ഊണ് നൽകും. സാഹിത്യ പ്രവർത്തക സഹകരണസംഘം യോഗങ്ങൾക്കെത്തുന്ന സാഹിത്യകാരന്മാരും രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകരും ഒത്തുചേരുന്നതും ഇവിടെ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.