കോവിഡ്: കോട്ടയത്തും നിയന്ത്രണം കടുപ്പിച്ചു; പൊതുപരിപാടികൾക്ക് വിലക്ക്
text_fieldsകോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ പൊതുപരിപാടികൾക്ക് വിലക്ക്. ഇതടക്കം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ എന്നിവക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി 50 ആയി നിജപ്പെടുത്തി. രോഗസ്ഥിരീകരണ നിരക്ക് 30ന് മുകളിൽ എത്തുന്ന സാഹചര്യത്തിൽ ജില്ലയിൽ പൊതുപരിപാടികൾ അനുവദിക്കില്ല.
ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. അത്യാവശ്യ സന്ദർഭങ്ങളിൽ ഓഫിസുകളും സംഘടനകളും യോഗം സംഘടിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ഓൺലൈൻ സംവിധാനത്തിൽ ചേരണം.
ഹോട്ടലുകളിൽ 50 ശതമാനം ഇരിപ്പിടങ്ങളേ അനുവദിക്കൂ. കോവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ പകർച്ചവ്യാധി നിയന്ത്രണ നിയമം, ദുരന്തനിവാരണ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവയനുസരിച്ച് നിയമനടപടി സ്വീകരിക്കും.
പൊലീസുമായി ചേർന്ന് നടപടി സ്വീകരിക്കാൻ ഇൻസിഡന്റ് കമാൻഡർമാരെ ചുമതലപ്പെടുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആരോഗ്യവകുപ്പുമായി ചേർന്ന് കൂടുതൽ കോവിഡ് പരിശോധനകൾ നടത്തി ടി.പി.ആർ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം.
സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കുന്നുണ്ടെന്ന് സ്ഥാപനമേധാവി ഉറപ്പാക്കണം.
മാസ്ക് ധരിക്കൽ, സമൂഹ അകലം പാലിക്കൽ, സാനിറ്റൈസർ ഉപയോഗം, തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കൽ എന്നിവ നടപ്പാക്കണം. പൊതുജനങ്ങൾ വിനോദയാത്രകളും അനാവശ്യ യാത്രകളും ഒഴിവാക്കണം. വ്യാപാര സ്ഥാപനങ്ങളിൽ തെർമൽ സ്കാനർ പരിശോധന നടത്തണം. സമൂഹ അകലം പാലിക്കൽ, മാസ്ക്, സാനിറ്റൈസർ ഉപയോഗം എന്നിവ പാലിക്കണമെന്നും കലക്ടർ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.