കോട്ടയം നഗരസഭയിൽ കോൺഗ്രസ്–ബി.ജെ.പി ഒത്തുകളിയെന്ന് സി.പി.എം
text_fieldsകോട്ടയം: വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബി.ജെ.പി ഒത്തുകളിയെന്ന് എൽ.ഡി.എഫ്. ബി.ജെ.പിക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഉറപ്പാക്കാനായി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു.
കോട്ടയം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് ബി.ജെ.പിയുടെ നാല് അംഗങ്ങളും എൽ.ഡി.എഫിെൻറ രണ്ട് അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവശേഷിക്കുന്ന രണ്ട് ഒഴിവുകളിലേക്കായിരുന്നു ബുധനാഴ്ച തെരഞ്ഞെടുപ്പ്. ഇതിൽ എൽ.ഡി.എഫിന് രണ്ടംഗങ്ങളെ വിജയിപ്പാനുള്ള വോട്ട് ഉണ്ടായിരുന്നു.
ഇവർ തെരഞ്ഞെടുക്കപ്പെട്ടാൽ ബി.ജെ.പിക്കും എൽ.ഡി.എഫിനും തുല്യകക്ഷിനിലയാകുകയും അധ്യക്ഷനെ ടോസിലൂടെ കണ്ടെത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകുമായിരുന്നുവെന്ന് സി.പി.എം നേതാക്കൾ പറയുന്നു. എന്നാൽ, അപ്രതീക്ഷിതമായി കോൺഗ്രസ് ജൂലിയസ് ചാക്കോയെ മത്സരിപ്പിച്ചു. ഇതോടെ സി.പി.എമ്മിലെ ഒരാൾ പരാജയപ്പെട്ടു. ബി.ജെ.പി-നാല്, എൽ.ഡി.എഫ്-മൂന്ന്, കോൺഗ്രസ്- ഒന്ന് എന്നിങ്ങനെയായി കക്ഷിനില. ഇതോടെ ബി.ജെ.പി അധ്യക്ഷസ്ഥാനം ഉറപ്പാക്കി. വൈസ് ചെയർമാനാണ് ബി.ജെ.പിയുമായുള്ള രഹസ്യധാരണക്ക് പിന്നിലെന്നും ഇവർ പറയുന്നു.
മത്സരിക്കാതെ മാറിനിന്നാൽ അധ്യക്ഷസ്ഥാനം ബി.ജെ.പിക്ക് ഉറപ്പാകുന്ന സാഹചര്യം ഒഴിവാക്കാമെന്നിരിക്കെ, കോൺഗ്രസ് മത്സരിച്ചത് അവരെ സഹായിക്കാൻ ലക്ഷ്യമിട്ടാണെന്ന് സി.പി.എം കൗൺസിലർ ഷീജ അനിൽ ആരോപിച്ചു. ബി.െജ.പി- കോൺഗ്രസ് രഹസ്യബന്ധം ഇതിലൂടെ വ്യക്തമായതായും ഇവർ പറഞ്ഞു.
വിട്ടുനിൽക്കണമെന്ന് ഒരുവിഭാഗം കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും വൈസ് ചെയർമാനടക്കം താൽപര്യമെടുത്താണ് മത്സരിച്ചതെന്ന് കോൺഗ്രസ് നേതാക്കളിൽ ചിലർ പറയുന്നു. ഇതിൽ ഇവർ പ്രതിഷേധവും ഉയർത്തുന്നുണ്ട്.
എന്നാൽ, ഒരുപ്രതിനിധിപോലും ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കാനാണ് മത്സരിച്ചതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നു. മത്സരിച്ചില്ലായിരുന്നെങ്കിൽ എട്ടംഗ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിൽ കോൺഗ്രസിന് പ്രാതിനിധ്യം ഉണ്ടാകില്ലായിരുന്നുെവന്നും ഇവർ പറയുന്നു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനങ്ങൾ കൂടുതൽ ലഭിക്കാതെ പോയതിെൻറ നിരാശയിലാണ് സി.പി.എം ആരോപണം ഉന്നയിക്കുന്നതെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.