അപ്രതീക്ഷിത മാറ്റങ്ങളില്ല; നേതൃത്വത്തിന്റെ വഴിയേ
text_fieldsകോട്ടയം: അപ്രതീക്ഷിത മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ ഇല്ലാതെ സി.പി.എം ജില്ല കമ്മിറ്റി. നേതൃത്വത്തിന്റെ തീരുമാനം നടപ്പായതോടെ ഐകകണ്ഠ്യേനയായിരുന്നു ജില്ല സെക്രട്ടറിയുടെയും കമ്മിറ്റിയുടെയും തെരഞ്ഞെടുപ്പ്. ജില്ല സമ്മേളനത്തിനൊടുവില്‍ ഞായറാഴ്ച രാവിലെയാണ് 38 അംഗ ജില്ല കമ്മിറ്റിയെ തെരഞ്ഞെടുത്തത്. നിലവിലുള്ള ആറുപേരെ ഒഴിവാക്കിയാണ് പുതിയ കമ്മിറ്റി. ഇവർക്കുപകരം ആറു പുതുമുഖങ്ങളെ ഉള്‍പ്പെട്ടുത്തി. നേതൃത്വത്തിന് നല്കിയ കത്ത് പരിഗണിച്ച് മുന്‍ എം.എല്‍.എ സുരേഷ് കുറുപ്പിനെ ജില്ല കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. എ.വി. റസലിനെ വീണ്ടും സെക്രട്ടറിയായി രഞ്ഞെടുത്തു. റസല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്ന് നേരത്തേ തന്നെ തീരുമാനമായിരുന്നു. സെക്രട്ടറിയായിരുന്ന വി.എന്‍. വാസവന് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോള്‍ റസലിന് താൽക്കാലിക ചുമതല ലഭിക്കുകയായിരുന്നു. 2022 ജനുവരിയില്‍ കോട്ടയത്തു നടന്ന സമ്മേളനത്തിൽ ഔദ്യോഗികമായി സെക്രട്ടറിയായി. റസല്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടിയെ നയിച്ചുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാലായിലും കാഞ്ഞിരപ്പള്ളിയിലുമുണ്ടായ വിഭാഗീയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും അദ്ദേഹത്തിന് കഴിഞ്ഞതായി നേതൃത്വം കരുതുന്നു. വി.എൻ. വാസവനെ ‘മറികടക്കാതെയുള്ള’ പ്രവർത്തനശൈലിയും ഗുണകരമായി. ഇതോടെ വാസവന്റെ പൂർണ പിന്തുണയും ലഭിച്ചു.
സുരേഷ് കുറുപ്പ്, സി.ജെ. ജോസഫ്, കെ. അനില്‍കുമാര്‍, എം.പി. ജയപ്രകാശ്, കെ. അരുണന്, ബി. ആന്ദക്കുട്ടന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. സംസ്ഥാന സമിതി അംഗമായതിനാലാണ് അനില്‍കുമാര്‍ ഒഴിവാക്കപ്പെട്ടത്. മറ്റുള്ളവര്‍ പ്രായപരിധി കവിഞ്ഞതിലും ആരോഗ്യപരമായ കാരണങ്ങളാലും ഒഴിവാക്കപ്പെടുകയായിരുന്നു. ബി. ശശികുമാര്‍, സുരേഷ് കുമാര്‍, ഷീജ അനില്‍, കെ.കെ. രഞ്ജിത്, സുഭാഷ് പി. വര്‍ഗീസ്, കെ. ജയകൃഷ്ണന് എന്നിവരാണ് പുതുമുഖങ്ങള്‍. സുരേഷ് കുമാര്‍ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയും ഷീജ അനില്‍ മഹിള അസോസിയേഷന് ജില്ല സെക്രട്ടറിയുമാണ്. സമ്മേളനം നടക്കുന്ന പുതുപ്പള്ളി ഏരിയ സെക്രട്ടറിയെന്ന നിലയില്‍ സുഭാഷ് പി. വര്‍ഗീസിനും ജില്ല കമ്മിറ്റിയില്‍ എതിര്‍പ്പില്ലാതെ ഇടംലഭിക്കുകയായിരുന്നു.
സമ്മേളനത്തിൽ 10 അംഗ ജില്ല സെക്രട്ടേറിയറ്റിനും രൂപംനൽകി. മൂന്നുപേർ പുതുമുഖങ്ങളാണ്. കെ. രാജേഷ്, പി.വി. സുനിൽ, കെ.എൻ. വേണുഗോപാൽ എന്നിവരാണ് പുതുതായി എത്തിയത്. സുരേഷ് കുറുപ്പ്, സി.ജെ. ജോസഫ്, കെ. അനില്‍കുമാര്‍ എന്നിവർക്ക് പകരമായാണ് ഇവർ സെക്രട്ടേറിയറ്റിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.