103 കുടുംബങ്ങൾക്ക് കിടപ്പാടം നൽകി സി.പി.എം; ഒമ്പത് വീടുകളുടെ താക്കോൽദാനം ഇന്ന്
text_fieldsകോട്ടയം: സുരക്ഷിതമായി കിടക്കാൻ ഒരിടമില്ലാത്തവർക്ക് വീട് നിർമിച്ചുനൽകുന്ന സി.പി.എമ്മിെൻറ പദ്ധതി പൂർത്തീകരണത്തിലേക്ക്. ഇതുവരെ നിർമിച്ചുനൽകിയ 94 വീടുകൾക്ക് പുറമെ, അവസാനമായി നിർമാണം പൂർത്തീകരിച്ച ഒമ്പത് വീടുകളുടെ താക്കോൽദാനം തിങ്കളാഴ്ച നടക്കും.
പകൽ 11ന് കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് താക്കോൽദാനം നിർവഹിക്കുകയെന്ന് ജില്ല സെക്രട്ടറി എ.വി. റസൽ അറിയിച്ചു. ഇതോടെ ആകെ വീടുകളുടെ എണ്ണം 103 ആകും. ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ജെ . തോമസ്, മന്ത്രി വി.എൻ. വാസവൻ എന്നിവരും പങ്കെടുക്കും. 2018ലെ സംസ്ഥാന സമ്മേളന തീരുമാനപ്രകാരം ജില്ലയിൽ 100വീടുകൾ നിർമിച്ചുനൽകാനാണ് തീരുമാനിച്ചത്. ഒരുവിധത്തിലും സ്വന്തമായി വീട് നിർമിക്കാൻ നിവൃത്തിയില്ലാത്തവരെ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കണ്ടെത്തി വീട് നിർമിച്ചുനൽകുകയായിരുന്നു. പാർട്ടി പ്രവർത്തകരിൽനിന്ന് സഹായസന്നദ്ധതയുള്ള വ്യക്തികളിൽനിന്ന് പണം ശേഖരിച്ചാണ് വീടുകൾ നിർമിച്ചത്.
10 വീടുകൾ ഇപ്പോൾ നിർമാണത്തിലുമുണ്ട്. കൂട്ടിക്കലിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കുവേണ്ടിയും സി.പി.എം വീട് നിർമിച്ചുനൽകുമെന്ന് ജില്ല സെക്രട്ടറി അറിയിച്ചു. 20 വീടുകൾ നിർമിക്കുമെന്നാണ് പാർട്ടി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, 30 വീടുകൾ നിർമിക്കാവുന്ന സാഹചര്യമുണ്ട്. ഇതിെൻറ പ്രവർത്തനങ്ങൾ ഫെബ്രുവരിയിൽ തുടങ്ങും. ഇതുസംബന്ധിച്ച വാർത്തസമ്മേളനത്തിൽ ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ പ്രഫ. എം.ടി. ജോസഫ്, സി.ജെ. ജോസഫ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.