ഒടുവിൽ പ്രതിസന്ധി നീങ്ങി; നെല്ല് സംഭരണം പുനരാരംഭിക്കും
text_fieldsപാടശേഖരങ്ങളിൽ കൊയ്ത്തു കഴിഞ്ഞ് കൂട്ടിയിട്ട നെല്ല് സംഭരിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ കലക്ടർ
ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
കോട്ടയം: നെല്ലുസംഭരണം പുനരാരംഭിക്കാൻ കലക്ടർ ജോൺ വി. സാമുവൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി. മില്ലുടമകളുമായുള്ള തർക്കത്തിൽ നെല്ലുസംഭരണം പ്രതിസന്ധിയിലായതിനെ തുടർന്നാണ് നടപടി. തിരുവാർപ്പ് കൃഷിഭവൻ പരിധിയിലെ ചെങ്ങളം മാടേക്കാട് പാടശേഖരം, കുറിച്ചി മണ്ണങ്കര കുറിഞ്ഞിക്കാട്ട് പാടശേഖരം എന്നിവിടങ്ങളിൽ അവശേഷിക്കുന്ന നെല്ല് അടിയന്തരമായി സംഭരിക്കും. നിലവിലെ കരാർ വ്യവസ്ഥകൾക്ക് അനുസരിച്ചായിരിക്കും സംഭരണം. സപ്ലൈകോ മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസൻ, കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരും പങ്കെടുത്തു.
കേന്ദ്ര സർക്കാർ തീരുമാനിച്ച മാനദണ്ഡങ്ങൾക്കനുസരിച്ചാണ് നെല്ലിന്റെ ഗുണനിലവാര പരിശോധന നടത്തുന്നതെന്ന് സപ്ലൈകോ മാനേജിങ് ഡയറക്ടർ വിശദികരിച്ചു. നെൽകർഷകർ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് കർഷക സംഘടന പ്രതിനിധികൾ വിശദീകരിച്ചു.
ഇടനിലക്കാരുടെ ചൂഷണം തടയാൻ നടപടിയുണ്ടാകണമെന്നും കർഷകർ ആവശ്യപ്പെട്ടു. നിശ്ചിത നിലവാരമില്ലാത്തതാണ് പ്രശ്നമെന്നും തങ്ങൾക്ക് ഭീമമായ നഷ്ടമുണ്ടാകുന്നതായും മില്ലുടമ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
പ്രിൻസിപ്പൽ കൃഷി ഓഫിസർ സിജോ ജോസ്, പാഡി മാനേജർ കെ. അനിത, പാഡി ഓഫിസർ അനുജ ജോർജ്, സി.പി.ഐ. ജില്ല സെക്രട്ടറി വി.ബി. ബിനു, ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, കർഷകസംഘടന പ്രതിനിധികളായ കെ.എം. രാധാകൃഷ്ണൻ, ജി. ഗോപകുമാർ, കെ.കെ. ചന്ദ്രബാബു, ഇ.എൻ. ദാസപ്പൻ, അഡ്വ. ജോസഫ് ഫിലിപ്പ്, തോമസുകുട്ടി മണക്കുന്നേൽ, റജീന അഷ്റഫ്, വി.ജെ. ലാലി, കെ. ബിനിമോൻ, ജേക്കബ് കുരുവിള, പി.ബി. ലാലുമോൻ, എ.ജി. അജയകുമാർ, സുനിൽ പി. ജോർജ്, പി.കെ. സജീവ്, ടി.എം. രാജൻ, ചാക്കോ ജോസഫ്, എം.ടി. ജോസഫ്, കെ.വി. ഷാജി, ജിതിൻ ജെയിംസ്, മില്ലുടമ പ്രതിനിധികളായ കെ.കെ. കർണൻ, വർക്കി പീറ്റർ, എൻ.പി. ഷാജു, എ.കെ. ടോമി, ഇ.ജി. സുരേഷ്ബാബു, സജികുമാർ, കെ.എം. അബ്ദുൾ കാസി, ജോൺസൺ വർഗീസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
മാടേക്കാടും കുറിഞ്ഞിക്കാടും നാളെ മുതൽ നെല്ലെടുക്കും
കോട്ടയം: ചെങ്ങളം മാടേക്കാട്, കുറിച്ചി മണ്ണങ്കര കുറിഞ്ഞിക്കാട് പാടശേഖരങ്ങളിൽ വ്യാഴാഴ്ച മുതൽ നെല്ലെടുക്കും. ചൊവ്വാഴ്ച ഉച്ചക്കു മുമ്പ് നെല്ല് സംഭരണം തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടന്നില്ല. മാടേക്കാട് അഞ്ചു കിലോ കിഴിവിൽ പഴയ മില്ലുകാർ തന്നെ നെല്ലെടുക്കാനാണ് കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന ചർച്ചയിൽ തീരുമാനമായത്.
കുറിഞ്ഞിക്കാട് പാടശേഖരത്തിൽ നാലു കിലോ കിഴിവിലും. മാടേക്കാട് പാടത്തിന്റെ കരയിൽനിന്ന് വള്ളത്തിൽ കയറ്റി കുമരകത്തെത്തിച്ചുവേണം നെല്ല് വാഹനത്തിൽ കയറ്റാൻ. 22 കിലോ കിഴിവാണ് മില്ലുകാർ ആശ്യപ്പെട്ടിരുന്നത്. 175 ഏക്കറിലെ നെല്ല് രണ്ടു കിലോ കിഴിവിൽ മില്ലുകാർ എടുത്തിരുന്നു. 50 ഏക്കറിലെ നെല്ല് ബാക്കി കിടക്കെ ഇവർ സംഭരണം നിർത്തി. പാഡി ഓഫിസ് വഴി ചുമതലപ്പെടുത്തിയ പുതിയ മില്ലുകാരാണ് 22 കിലോ കിഴിവ് ആവശ്യപ്പെട്ടത്. കുറിഞ്ഞിക്കാട് പാടശേഖരത്തിൽ 15 കിലോ കിഴിവാണ് ആവശ്യപ്പെട്ടത്.
ഇതിൽ പ്രതിഷേധിച്ച് കർഷകർ നെൽകർഷക സംരക്ഷണ സമിതിയുടെയും യു.ഡി.എഫിന്റെയും നേതൃത്വത്തിൽ തിങ്കളാഴ്ച പാഡി ഓഫിസ് ഉപരോധിച്ചിരുന്നു. പാഡിമാർക്കറ്റിങ് ഓഫിസർ അടക്കം ജീവനക്കാരെ തടഞ്ഞുവെച്ച ഉപരോധം രാത്രി ഒമ്പതേകാൽ വരെ നീണ്ടു.
അടുത്ത ദിവസം കലക്ടറുമായി ചർച്ച നടത്താമെന്ന ഉറപ്പിലാണ് സമരക്കാർ പിരിഞ്ഞുപോയത്. അതനുസരിച്ചാണ് ചൊവ്വാഴ്ച കലക്ടർ യോഗം വിളിച്ചത്. ദിവസങ്ങൾ നീണ്ട പ്രതിസന്ധിക്കും കർഷകരുടെ പ്രതിഷേധങ്ങൾക്കുമാണ് ഇതോടെ പരിഹാരമായത്.
നെല്ലെടുപ്പ് പകുതിക്കിട്ടു പോവരുത്
ഒരു പാടശേഖരത്തിലെ നെല്ലെടുപ്പിനു മില്ലിനെ നിയോഗിച്ചാൽ കാലതാമസം വരുത്താതെ തന്നെ നെല്ലെടുത്തു തുടങ്ങണമെന്നും മുഴുവൻ നെല്ലും തുടർച്ചയായി എടുക്കണമെന്നും മുടക്കം വരുത്തരുതെന്നും കലക്ടർ മില്ലുടമകൾക്കു നിർദേശം നൽകി. വലിയ വാഹനമെത്തുന്നിടത്ത് നെല്ല് എത്തിച്ചുനൽകണമെന്ന മില്ലുടമകളുടെ ആവശ്യം കർഷകർ അംഗീകരിച്ചു.
കൊയ്ത്തു നടക്കാനുള്ള പാടശേഖരങ്ങളിലെ നെല്ലുസംഭരണം സുഗമമാക്കുന്നതിന് കൊയ്ത്തു നടക്കുന്ന തീയതി പാടശേഖരസമിതി അറിയിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം മില്ല് ഏതെന്ന് നിശ്ചയിച്ചുനൽകും. അടുത്ത ദിവസംതന്നെ പാടശേഖരസമിതി ഭാരവാഹികളും മില്ലുടമകളും തമ്മിൽ ഗുണനിലവാരം സംബന്ധിച്ച ധാരണയിലെത്തണം.
അല്ലെങ്കിൽ പാടശേഖരസമിതിയുടെയും മില്ലുടമാപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഗുണനിലവാര പരിശോധന നടത്തി അതനുസരിച്ച് നെല്ലെടുപ്പിനു ധാരണയുണ്ടാക്കും. മഴയടക്കം കാലാവസ്ഥ പ്രശ്നങ്ങൾ മൂലം നെല്ല് കേടാകുന്ന സാഹചര്യമുണ്ടാകുന്നപക്ഷം ഇരുകൂട്ടരും തമ്മിൽ ചർച്ചചെയ്ത് രമ്യമായ പരിഹാരമുണ്ടാക്കണമെന്ന് കലക്ടർ നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.