പ്രതിസന്ധി പരിഹരിക്കൽ; ട്രാവൻകൂർ സിമന്റ്സ് കാക്കനാട്ടെ സ്ഥലം വിൽക്കുന്നു
text_fieldsകോട്ടയം: ട്രാവൻകൂർ സിമൻറ്സിന്റെ ഉടമസ്ഥതയിൽ എറണാകുളം കാക്കനാട് വാഴക്കാലയിലുള്ള 2.79 ഏക്കർ സ്ഥലം വിൽക്കാൻ ആഗോള ടെൻഡർ ക്ഷണിച്ചു. ട്രാവൻകൂർ സിമന്റ്സിന്റെ സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് സ്ഥലം വിൽക്കാനുള്ള തീരുമാനം.
ഡിസംബർ 15 വരെ ടെൻഡർ നൽകാം. 18ന് ടെൻഡർ ഉറപ്പിക്കും. 40 കോടിയാണ് സ്ഥലത്തിന് ഏറ്റവും കുറഞ്ഞ തുകയായി നിശ്ചയിച്ചത്. സിമന്റ് നിർമാണത്തിനുള്ള അവശ്യവസ്തുക്കൾ വാങ്ങിയ വകയിൽ നൽകാനുള്ളതടക്കം നിലവിൽ 30 കോടിയോളമാണ് കമ്പനിയുടെ ബാധ്യത. വിരമിച്ച ജീവനക്കാർക്കുള്ള എട്ടുകോടി രൂപയുടെ കുടിശ്ശികയും ഇതിൽ ഉൾപ്പെടും.
കമ്പനിയുടെ പ്രധാന ഉൽപന്നമായ വേമ്പനാട് വൈറ്റ് സിമന്റ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുവായ ക്ലിങ്കർ ഇറക്കുമതി പ്രവർത്തന മൂലധനമില്ലാത്തതിനാൽ നടക്കുന്നില്ല. അതിനാൽ വൈറ്റ് സിമന്റ് ഉൽപാദനം നിലച്ചു. രണ്ടാമത്തെ ഉൽപന്നമായ വാൾപുട്ടി നിർമാണവും പ്രതിസന്ധിയിലാണ്. സ്ഥലം വിറ്റ് ലഭിക്കുന്ന പണത്തിലൊരുഭാഗം ഉപയോഗിച്ച് ക്ലിങ്കർ ഇറക്കുമതി നടത്താനാണ് തീരുമാനം. ഇതിനൊപ്പം കുടിശ്ശികകൾ തീർത്ത് കമ്പനി പ്രവർത്തനങ്ങൾ സജീവമാക്കാനും ധാരണയായിട്ടുണ്ട്.
നേരത്തെ ആനുകൂല്യങ്ങൾ മുടങ്ങിയതിനെതുടർന്ന് വിരമിച്ച 36 പേർ കോടതിയെ സമീപിച്ചിരുന്നു. ഇവർക്ക് 1.57 കോടി രൂപ ഉടൻ നൽകണമെന്ന് വിധിച്ചെങ്കിലും നൽകാനായില്ല. ഇതോടെ ജപ്തിയിലേക്കു പ്രശ്നം നീണ്ടു. തുടർന്ന് സർക്കാർ സഹായത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
ഇതോടെയാണ് കാക്കനാട്ട് ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം വിറ്റ് ബാധ്യതകൾ പൂർണമായി തീർക്കാനുള്ള തീരുമാനം. വിൽപന തുക ലഭിക്കുന്നതോടെ പൂർണതോതിൽ കമ്പനി പ്രവർത്തിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാനേജ്മെന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.