സാമ്പത്തികബുദ്ധിമുട്ടിന്റെ പേരിൽ പദ്ധതികൾ വെട്ടിക്കുറച്ചു: കൂടൊഴിഞ്ഞ് പശുക്കൾ; പിടിച്ചുനിൽക്കാനാവാതെ ക്ഷീരകർഷകർ
text_fieldsകോട്ടയം: ചെലവേറിയതിനനുസരിച്ച് വരുമാനമില്ലാതായതോടെ ചെറുകിട കർഷകർ പശുവളർത്തൽ ഉപേക്ഷിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ക്ഷീരകർഷകരെ ഈ മേഖല ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുന്നത്. മുൻകാലങ്ങളിൽ ക്ഷീരമേഖലയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയിരുന്നു. ഇന്ന് സാമ്പത്തികബുദ്ധിമുട്ടിന്റെ പേരിൽ പകുതിയോളം പദ്ധതികൾ വെട്ടിക്കുറച്ചത് കർഷകർക്ക് തിരിച്ചടിയായി. തദ്ദേശവകുപ്പുകളോട് പദ്ധതിയിലുൾപ്പെടുത്തി നൽകാനാണ് നിർദേശമെങ്കിലും നടപ്പാകാറില്ല.
ക്ഷീരകർഷകർക്ക് പശുവിനെ വാങ്ങാൻ സബ്സിഡി നൽകുന്ന മിൽക്ക്ഷെഡ് വികസന പദ്ധതി ആദ്യകാലത്ത് ഗുണകരമായിരുന്നു. തമിഴ്നാട്ടിൽനിന്ന് മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ടുചെന്നാണ് പശുക്കളെ തെരഞ്ഞെടുത്തിരുന്നത്. പാൽ ഉൽപാദനം വർധിപ്പിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ പിന്നീട് കാര്യക്ഷമമായ ഇടപെടൽ ഉദ്യോഗസ്ഥരിൽ നിന്നുണ്ടായില്ല. തമിഴ്നാട്ടിൽനിന്ന് ഗുണനിലവാരം കുറഞ്ഞ പശുക്കൾ എത്തിയതോടെ കേരളത്തിന്റെ തനത് കന്നുകാലി സമ്പത്ത് നഷ്ടമായി. പശുക്കൾക്ക് വ്യാപകമായി രോഗം വരാനും തുടങ്ങി.
അസുഖം വന്ന പശുക്കളെ ചികിത്സിക്കാൻ ഡോക്ടർമാരില്ലാത്ത അവസ്ഥയാണ്. മൃഗാശുപത്രികളിൽ ഓമന മൃഗങ്ങൾ നിരവധി എത്തുന്നതിനാൽ പശുക്കളെ നോക്കാൻ അവർക്ക് സമയമില്ലെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. രോഗം ബാധിച്ച പശുക്കളുമായി കർഷകർക്ക് ആശുപത്രിയിൽ വരാനൊക്കുന്നുമില്ല. സൗജന്യമരുന്നുകളും യഥാസമയം ലഭ്യമാകുന്നില്ല. നേരത്തെ സൗജന്യമായാണ് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ ബീജം കുത്തിവെച്ചിരുന്നത്. ഇപ്പോൾ സർക്കാർ ഫീസ് 25 രൂപയാക്കി. എങ്കിലും 500 രൂപ ചോദിച്ചുവാങ്ങുന്ന ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരും ഉണ്ടെന്ന് കർഷകർ പറയുന്നു. കെ.എസ്. കാലിത്തീറ്റക്ക് 50 കിലോയുടെ ചാക്കിന് 1650 രൂപയാണ് വില. പിണ്ണാക്ക്, ഗോതമ്പ് ഉമി എന്നിവക്കും വില കൂടി.
ഒരു കെട്ട് വൈക്കോലിന് 400 രൂപ കൊടുക്കണം. 25 കിലോയിൽ താഴെയേ തൂക്കം ഉണ്ടാവൂ. പണ്ട് 50 കിലോ വരുന്ന ഒരു കെട്ടിന് 30 രൂപ നൽകിയാൽ മതിയായിരുന്നു. തീറ്റ കുറഞ്ഞാൽ പാൽ കുറയും. ഈ വിലവർധനവിന് ആനുപാതികമായി സർക്കാർ സഹായം ലഭിക്കുന്നില്ല. പാലിനാവട്ടെ 40-43 രൂപ വരെയേ സൊസൈറ്റിയിൽ കിട്ടൂ. രോഗം വന്ന് ഒരു പശു ചത്താൽ തന്നെ ധനനഷ്ടം വലുതാണ്. കോവിഡ് കാലത്ത് ചെറുകിട ഫാം തുടങ്ങിയ പലരും പിടിച്ചുനിൽക്കാനാവാതെ പിൻവാങ്ങിക്കഴിഞ്ഞു. ജില്ലയിലെ ഏറ്റവും വലിയ മാർക്കറ്റായ മോനിപ്പള്ളിയിലെത്തിയാൽ കാണുന്ന കാഴ്ച പശുക്കളെ തമിഴ്നാട്ടിലേക്ക് വിറ്റൊഴിയുന്നതാണ്.
പശുക്കളെ വിറ്റൊഴിച്ച് ക്ഷീരകർഷകൻ
13 വയസ്സ് മുതൽ പശു വളർത്തൽ ജീവിതമാർഗമാക്കിയ ക്ഷീരകർഷകൻ കഴിഞ്ഞ ദിവസമാണ് തന്റെ പശുക്കളെ വിറ്റൊഴിയുന്നതായി പരസ്യം നൽകിയത്. ഇന്നുവരെ പ്രത്യേകിച്ച് ലാഭമുണ്ടായിട്ടില്ല. അന്നാന്നത്തെ കാര്യങ്ങൾ അല്ലലില്ലാതെ മുന്നോട്ടുപോയെന്നു മാത്രം. രണ്ടു മക്കളുടെ വിവാഹം നടത്തിയത് വായ്പ എടുത്താണ്. 13 വർഷമായി ഇരുപതോളം പശുക്കളുള്ള ഫാം നടത്തിവരുന്നു. ഇനി വയ്യെന്നാണ് 61 കാരനായ അദ്ദേഹം പറയുന്നത്. വെറുതെ കഷ്ടപ്പെടുന്നത് മാത്രം മിച്ചം. നാലുപശുക്കൾ രോഗംവന്നു ചത്തു. പാലിനു സൊസൈറ്റിയിൽ കിട്ടുന്നത് 40 രൂപയാണ്. വീടുകളിൽ കൊണ്ടുപോയി കൊടുത്താൽ 60 രൂപ വരെ കിട്ടും. അതിന് വേറെ ആളെ വെക്കണം. ഫാമിൽ പശുവിനെ നോക്കാൻ ഒരാളുണ്ട്. ആൾക്ക് മാസം 25000 രൂപ നൽകണം. 1650 രൂപക്ക് ഒരുചാക്ക് കാലിത്തീറ്റ വാങ്ങിയാൽ നാലുദിവസത്തേക്കു തികയില്ല. ആഘോഷമോ മരണമോ എന്തോ ആയിക്കോട്ടെ പശുക്കൾ ഉള്ളതുകൊണ്ട് വീടുവിട്ട് പോവാനും കഴിയില്ല. ഇത്രകാലം മെനക്കെട്ടിട്ടും പ്രയോജനമുണ്ടായില്ല. തീറ്റയും കറന്റ് ചാർജും അടക്കം ഒരുമാസം ഒരുലക്ഷത്തിലധികം രൂപ ചെലവുണ്ട്. ഇങ്ങനെ മുതലാവില്ലെന്നതുകൊണ്ട് വിൽക്കാൻ തീരുമാനിക്കുകയായിരുന്നു- അദ്ദേഹം പറയുന്നു.
‘സ്വകാര്യകമ്പനികളെ ആനയിക്കാൻ ശ്രമം’ -എബി ഐപ്പ് (കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി)
ക്ഷീരമേഖലയിലേക്ക് സ്വകാര്യകമ്പനികളെ ആനയിക്കാനുള്ള ശ്രമമാണ് സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. കേരളത്തിന്റെ പാൽ വിപണനമേഖലയിൽ കണ്ണുനട്ടാണ് ചില കമ്പനികൾ രംഗത്തെത്തിയിട്ടുള്ളത്.ഇവർക്കുവേണ്ടി ചെറുകിട ക്ഷീരമേഖലയെ ഇല്ലാതാക്കുകയാണ് സർക്കാർ. അതേസമയം, കർഷകർക്ക് സഹായകരമായ യാതൊന്നും സർക്കാർ ചെയ്യുന്നില്ല. മൃഗസംരക്ഷണ മന്ത്രി പറഞ്ഞതൊന്നും ഈ മേഖലയിൽ നടപ്പായിട്ടില്ല. ദിനംപ്രതി നിരവധിപേരാണ് പശുവളർത്തൽ ഉപേക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.