ആമ്പക്കുഴിപാലം അപകടാവസ്ഥയിൽ
text_fieldsകോട്ടയം: കോട്ടയം-കുമരകം റോഡിൽ ആമ്പക്കുഴി ഭാഗത്തെ പാലം അപകടാവസ്ഥയിൽ. മെഡിക്കൽ കോളജിലേക്കും സമീപപ്രദേശങ്ങളിലേക്കും സഞ്ചരിക്കാൻ ഏറെപേർ ആശ്രയിക്കുന്ന പാലമാണ് ഇത്. പാലം ഏതു സമയത്തും ആറ്റിലേക്ക് നിലം പൊത്താമെന്നും നാട്ടുകാർ പറയുന്നു. 55 വർഷം മുമ്പ് നിർമിച്ച പാലം നാട്ടുകാരുടെ സഹായത്തോടെ പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും അടിത്തറയിൽ മാറ്റം വരുത്തിയിരുന്നില്ല. നിലവിൽ അടിത്തറ ഇളകിയ നിലയിലാണ്. അപകട ഭീഷണിയെത്തുടർന്ന് ഗതാഗതം നിരോധിച്ചിരുന്നു.
തിരുവാർപ്പ്, ചെങ്ങളം വില്ലേജുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ, വാട്ടർ അതോറിറ്റി പമ്പ് ഹൗസ്, ചെങ്ങളത്തുകാവ് ദേവീക്ഷേത്രം, ദേവാലയങ്ങൾ, മഠങ്ങൾ, സ്കൂളുകൾ എന്നിവയിലേക്ക് എത്താൻ ആശ്രയിക്കുന്ന പാലമാണിത്. പരാതിയെത്തുടർന്ന് മന്ത്രി വി.എൻ. വാസവൻ സ്ഥലം സന്ദർശിച്ചു. എസ്റ്റിമേറ്റ് തയാറാക്കി എത്രയും വേഗം പുതിയ പാലം നിർമിക്കുമെന്ന് മന്ത്രി നാട്ടുകാർക്ക് ഉറപ്പ് നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, കെ.ആർ. അജയ്, ഹസീദ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി.എ. അബ്ദുൽ കരീം തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.