അപകടങ്ങൾ അകലെയല്ല; പട്ടിത്താനം-മണർകാട് ബൈപാസിൽ ഭീതിയാത്ര
text_fieldsകോട്ടയം: അപകടങ്ങൾ ഒഴിയാതെ പട്ടിത്താനം -മണർകാട് ബൈപാസ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ചെറുതും വലുതുമായ 32 ലധികം അപകടങ്ങൾ നടന്നതായാണ് കണക്ക്.
വീതിയേറിയ റോഡിലൂടെ വാഹനങ്ങൾ അമിതവേഗത്തിൽ പായുന്നതാണ് പ്രധാന കാരണം. ബൈപാസിലേക്ക് തുറക്കുന്ന പോക്കറ്റ് റോഡുകളും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ഇത്തരം ചെറുറോഡുകളിൽനിന്ന് ബൈപാസിലേക്ക് അശ്രദ്ധമായി ബൈക്കുകൾ കടക്കുന്നതാണ് പലപ്പോഴും കൂട്ടിയിടികൾക്ക് കാരണമാകുന്നത്.
മരണങ്ങളടക്കം നടന്നിട്ടും റോഡിൽ വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകളോ ഗതാഗത സുരക്ഷാ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ശനിയാഴ്ചയും ഏറ്റുമാനൂർ ബൈപ്പാസ് അപകടത്തിന് സാക്ഷിയായി. കിഴക്കേനട ബൈപാസ് ജങ്ഷനിൽ ശനിയാഴ്ച രാവിലെ 10ഓടെ കാറും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികനായ ഏറ്റുമാനൂർ ക്ലാമറ്റം സ്വദേശി ശിവപ്രസാദിന് പരിക്കേറ്റു. അപകടത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം വേർപ്പെട്ട് പോയി.
എറണാകുളം ഭാഗത്ത്നിന്ന് കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ബൈപാസിലൂടെ എത്തുന്നവർക്ക് ഈ ഭാഗത്തെ ചെറുറോഡ് കാണാൻ സാധിക്കാത്തതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്.
റോഡിനിരുവശവും ഭാരവണ്ടികൾ പാർക്ക് ചെയ്യുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായും പരാതിയുണ്ട്.
എറണാകുളം, കുറവിലങ്ങാട്, ഏറ്റുമാനൂർ റോഡുകളുടെ സംഗമകേന്ദ്രമായ പട്ടിത്താനം കവല, നാൽക്കവലയായ തവളക്കുഴി എന്നിവിടങ്ങളിലും കൂട്ടിയിടികൾ പതിവാണ്. വടക്കേനട ജങ്ഷനാണ് പാതയിലെ മറ്റൊരു അപകട കേന്ദ്രം. ബൈപാസ് റോഡ് വരുന്നതിന് മുമ്പ് ക്ഷേത്രത്തിലേക്കും ടൗണിലേക്കും എത്താൻ വള്ളിക്കാട്, മംഗല കലുങ്ക് ഭാഗത്തുള്ളവർ ആശ്രയിച്ചിരുന്ന പ്രധാന റോഡ് ഇതായിരുന്നു. വീതി കുറഞ്ഞ ഈ റോഡിന് ഇരുവശവും വീടുകളാണ്. ബൈപാസിലൂടെ എത്തുന്നവർക്ക് ഇതുവഴിയുള്ള പഴയ റോഡ് കാണാൻ കഴിയില്ല.
പാറേകണ്ടത്തും അപകട സാധ്യതയേറെയാണ്. ഏറ്റുമാനൂർ -പാലാ റൂട്ടിൽ വരുന്ന വാഹനങ്ങളും ബൈപാസ് റോഡിലൂടെ എത്തുന്ന വാഹനങ്ങളും സംഗമിക്കുന്ന സ്ഥലമാണിത്.
ഇരുഭാഗത്തും വളവുമുണ്ട്. ഒന്നര കിലോമീറ്ററോളം നിവർന്നുകിടക്കുന്ന ബൈപാസിലൂടെ പാഞ്ഞുവരുന്ന വാഹനങ്ങൾക്ക് ഇങ്ങനെ ഒരു ജങ്ഷനുണ്ടെന്നത് പെട്ടെന്ന് തിരിച്ചറിയാനാവില്ല. ഇങ്ങനെ എത്തുന്ന വാഹനങ്ങൾ നേരെ എം.സി റോഡിലേക്ക് പ്രവേശിക്കുന്നതാണ് അപകടങ്ങൾക്കു കാരണം.
അപകട പരമ്പരകൾ അവസാനിപ്പിക്കാൻ സിഗ്നൽ ലൈറ്റും ബാരിക്കേഡുകളും സ്ഥാപിക്കണമെന്ന് നാട്ടുകാർ പറയുന്നു. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ് നിയന്ത്രിക്കാൻ 24 മണിക്കൂറും ട്രാഫിക് പൊലീസിന്റെ സേവനം ഉറപ്പ് വരുത്തണമെന്നാവശ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.