ആവേശക്കടലായി ഡി.സി.സി ഓഫിസ്
text_fieldsകോട്ടയം: വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മുതൽ ഡി.സി.സി ഓഫിസ് ആവേശക്കടലായിരുന്നു. ആദ്യം മുതൽ അഡ്വ. ഫ്രാൻസിസ് ജോർജ് ലീഡ് ചെയ്യുന്നു എന്ന വിവരം എത്തിയതോടെ പ്രവർത്തകർ കൂട്ടമായി ഓഫിസിലേക്കെത്തി. ലീഡ് നില ഉയരുന്നതനുസരിച്ച് ആരവങ്ങളും കൈയടികളും ഉയർന്നു. തുടക്കത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പാർട്ടി ഓഫിസിലായിരുന്നു ഫ്രാൻസിസ് ജോർജ്. തുടർന്ന് മോൻസ് ജോസഫ് എം.എൽ.എക്കും പ്രവർത്തകർക്കുമൊപ്പം സമീപത്തെ ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിലേക്ക് എത്തി. പിന്നീട് വിജയം ഉറപ്പാക്കും വരെ അദ്ദേഹം ഇവിടെ ഇരുന്നാണ് ടി.വിയിൽ വോട്ടെണ്ണൽ നിരീക്ഷിച്ചത്.
കോട്ടയത്തെ ലീഡ് നില ഉയരുന്ന ഘട്ടത്തിലും മറ്റു പ്രമുഖരുടെ ലീഡുകളും വന്നപ്പോൾ കൈയടികളും ആരവങ്ങളുമായി ഓഫിസിന് പുറത്ത് ഹാളിൽ പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിച്ചു. അപ്പോഴും സ്ഥാനാർഥിയുടെ മുഖത്തെ പിരിമുറുക്കം അയഞ്ഞില്ല. കോട്ടയത്തെ ട്രെൻഡ് യു.ഡി.എഫിന് അനുകൂലമാണെന്ന വിലയിരുത്തൽ തന്നെയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫും പങ്കുവെച്ചത്. വിജയ വഴിയിലേക്ക് നീങ്ങിയ വേളയിൽ മാണി സി. കാപ്പൻ, പി.സി. തോമസ് തുടങ്ങി കൂടുതൽ നേതാക്കളും പ്രവർത്തകരും എത്തി. ഒന്നരയോടെ ലീഡ് 30,000 മുകളിലേക്ക് കയറിയപ്പോഴാണ് സ്ഥാനാർഥിയുടെ മുഖത്ത് ആശ്വാസം കണ്ടത്.
ഇതോടെ പ്രവർത്തകർ ലഡുവും പായസവും വിതരണം ആരംഭിച്ചു. രണ്ടരയോടെ വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ എത്തിയ സമയത്ത് പ്രവർത്തകർക്കൊപ്പം ഡി.സി.സി ഓഫിസിൽ നിന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് പുറപ്പെട്ടു. ഇവിടെയും പ്രവർത്തകർക്കൊപ്പം ആഹ്ലാദം പങ്കിട്ട ശേഷം തിരിച്ച് ഡി.സി.സി ഓഫിസിൽ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.