റബർ കർഷകർക്ക് തിരിച്ചടി; വില ഉയർന്നപ്പോൾ ഇലപൊഴിച്ചിൽ
text_fieldsകോട്ടയം: ഷീറ്റ് വില കുതിച്ചുയരുന്നതിനിടെ, റബർ കർഷകർക്ക് തിരിച്ചടിയായി ഇലപൊഴിച്ചിൽ. ജില്ലയിലെ പല തോട്ടങ്ങളിലും ഇല പഴുത്ത് വ്യാപകമായി പൊഴിയുകയാണ്. മുൻകാലങ്ങളിൽ മഞ്ഞ് കുറഞ്ഞു തുടങ്ങുന്ന ജനുവരി-ഫെബ്രുവരി മാസങ്ങളിലായിരുന്നു ഇലപൊഴിച്ചിൽ. ഇതോടെ ഉൽപാദനം കുറയുന്നതും പതിവായിരുന്നു.
എന്നാൽ, ഇപ്പോഴത്തെ പൊഴിച്ചിൽ അസ്വാഭാവികമാണെന്ന് കർഷകർ പറയുന്നു. ഫംഗസ് രോഗബാധയാണ് ഇലപൊഴിച്ചിലിന് കാരണമായി പറയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ റബർ ബോർഡ് തയാറാകുന്നില്ലെന്നും കർഷകർ പറയുന്നു. കര്‍ഷകരെ ബാധിക്കുന്ന ഗുരുതര പ്രശ്നമായിട്ടും റബര്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ഇതിനെ പ്രതിരോധിക്കാനുള്ള മാർഗനിർദേശങ്ങളൊന്നും ബോർഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.
ജനുവരി-ഫെബ്രുവരി മാസങ്ങളിലേത് സ്വഭാവിക പ്രക്രിയയാണെങ്കിൽ ഇപ്പോഴത്തെ ഇലപൊഴിച്ചിൽ കർഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പല തോട്ടങ്ങളിലും വലിയതോതിൽ ഇല നിറഞ്ഞുകിടക്കുകയാണ്. ഇത് ഉൽപാദനത്തെ കാര്യമായി ബാധിക്കുമെന്നും കർഷകർ പറയുന്നു. ഉൽപാദനം ഏറ്റവും ഉയരുന്ന സമയംകൂടിയാണിത്. മഴ മാറി നിൽക്കുന്നതിനാൽ ജില്ലയിലെ തോട്ടങ്ങളിലെല്ലാം ടാപ്പിങ് സജീവമായിരുന്നു. വില ഉയർന്നു നിൽക്കുന്നതിനാൽ വലിയ ഉണർവും മേഖലയിലുണ്ടായിരുന്നു. ഇതിനിടെയിലാണ് പുതിയ പ്രതിസന്ധി. നിലവിൽ 2011നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് റബർ വില. 2011ൽ ഒരുകിലോ റബർ ഷീറ്റിന് 240 രൂപയിലെത്തിയിരുന്നു. ഇതിനുശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് നിലവിൽ. ഇപ്പോൾ ആർ.എസ്.എസ് നാലിന് കിലോക്ക് 219 രൂപയാണ് റബർ ബോർഡ് വില.
ലാറ്റക്സ് വില 240 രൂപയിലെത്തി. ഒട്ടുപാല് വില കിലോക്ക് 130 രൂപയാണ്. വില ഇനിയും ഉയരുമെന്നാണ് കർഷകർ പറയുന്നത്. അതിനിടെ, ടയർ കമ്പനികൾക്ക് ഇറക്കുമതിക്ക് നീക്കം സജീവമാക്കിയെങ്കിലും വിജയിച്ചിട്ടില്ല. കപ്പൽ, കണ്ടെയ്നർ ക്ഷാമമാണ് ഇറക്കുമതിക്ക് തടസ്സമാകുന്നത്. പ്രധാന കമ്പനികളെല്ലാം ചരക്ക് ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും കണ്ടെയ്നർ ലഭിക്കാത്തതിനാൽ എത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.