കെ.എസ്.ആർ.ടി.സി പുനരുദ്ധാരണം: സുശീൽ ഖന്ന പോരാ; ഇനി നമഃശിവായം പഠിക്കും
text_fieldsകോട്ടയം: കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്താനുള്ള പഠനഭാരം ഇനി ആസൂത്രണ ബോർഡ് അംഗം നമഃശിവായം വഹിക്കും. ഇതിന്‍റെ ഭാഗമായി ഗതാഗത മന്ത്രിയുടെ ഓഫിസിൽ കോർപറേഷനിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ നിയോഗിച്ച സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ പരീക്ഷണം. 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ഉടനെയാണ് കെ.എസ്.ആർ.ടി.സിയുടെ അവസ്ഥ പഠിച്ച് പുനരുദ്ധാരണ റിപ്പോർട്ട് തയാറാക്കാൻ സാമ്പത്തിക വിദഗ്ധൻ പ്രഫ. സുശീൽ ഖന്നയെ നിയോഗിച്ചത്. ആറ് മാസത്തിനകം ഖന്ന റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു. സർക്കാർ ചെയ്യേണ്ട കാര്യങ്ങളും മാനേജ്മെന്‍റ് ചെയ്യേണ്ട കാര്യങ്ങളും അടങ്ങുന്നതായിരുന്നു റിപ്പോർട്ട്.
2016 മാർച്ച് 31ന് കെ.എസ്.ആർ.ടി.സിയിൽ 44,520 ജീവനക്കാർ ഉണ്ടായിരുന്നു എന്നാണ് ഔദ്യോഗിക കണക്ക്. 2022 മാർച്ചിലെ പണിമുടക്ക് ദിനത്തിൽ കെ.എസ്.ആർ.ടി.സിയുടെ കണക്കിലുള്ള ആകെ ജീവനക്കാർ 26,269 മാത്രം. ചുരുക്കത്തിൽ ആറുവർഷം നീണ്ട ഇടതുഭരണത്തിൽ കെ.എസ്.ആർ.ടി.സിയിൽ 18,251 ജീവനക്കാരുടെ ജോലി പോയി. 2016നുശേഷം കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക സഹായമായി 7366.4 കോടി രൂപയും പദ്ധതി വിഹിതമായി 87.38 കോടി രൂപയും ചേർത്ത് ആകെ 7454.02 കോടി സർക്കാർ നൽകിയിരുന്നു. എന്നിട്ടും ശമ്പളംപോലും കൃത്യമായി നൽകാൻ കഴിഞ്ഞില്ല.
സുശീൽ ഖന്നയുടെ ഉപദേശപ്രകാരം കെ.എസ്.ആർ.ടി.സിയെ നയിച്ചപ്പോൾ സർക്കാറിന് 7454 കോടി രൂപ പോയി. ആദ്യമായി രണ്ടുമാസത്തെ ശമ്പളം കുടിശ്ശികയുമായി. ഇത് കോർപറേഷന്‍റെ കെടുകാര്യസ്ഥതയുടെ ഭാഗമാണെന്ന സർക്കാർ നിലപാടിന്‍റെ തുടർച്ചയായാണ് നമഃശിവായത്തിന്‍റെ വരവ്.
പൊതുഗതാഗതത്തെക്കുറിച്ച് ഒന്നുമറിയാത്തയാളാണ് സുശീൽ ഖന്നയെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതേ ആക്ഷേപം നമഃശിവായത്തിനെതിരെയും വിവിധ തൊഴിലാളി യൂനിയനുകൾ ഉയർത്തുന്നുണ്ട്. 14ാം പഞ്ചവത്സര പദ്ധതിയിൽ ഗതാഗതം സംബന്ധിച്ച പദ്ധതിരേഖ തയാറാക്കാനുള്ള ഉത്തരവാദിത്തം നമഃശിവായത്തിനായിരുന്നു. സമയത്ത് പദ്ധതിരേഖ സമർപ്പിക്കാനായില്ലെന്ന് മാത്രമല്ല കരടുരേഖ അദ്ദേഹം തന്നെ തിരസ്കരിക്കുന്ന സ്ഥിതിയും വന്നു. ആസൂത്രണ ബോർഡിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മേഖലയെപ്പറ്റി പഞ്ചവത്സര പദ്ധതിരേഖ തയാറാക്കാൻ സാധിക്കാതെ വന്നത്. ഈ സാഹചര്യത്തിൽ സുശീൽ ഖന്ന റിപ്പോർട്ടിന് മുകളിൽ നമഃശിവായത്തിനെന്ത് ചെയ്യാനാകുമെന്നാണ് ഉദ്യോഗസ്ഥരും തൊഴിലാളികളും ആശങ്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.