പാൽ ഉൽപാദനത്തിൽ ഇടിവ്; ഒരുവർഷത്തിനിടെ കുറഞ്ഞത് 44.63 ലക്ഷം ലിറ്റർ
text_fieldsകോട്ടയം: ജില്ലയിൽ പാൽ ഉൽപാദനത്തിൽ വൻ ഇടിവ്. 44.63 ലക്ഷം ലിറ്ററിന്റെ കുറവാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലുണ്ടായത്. 2023 ഏപ്രിൽ മുതൽ 2024 മാർച്ചുവരെ ജില്ലയിൽ ആകെ ഉൽപാദിപ്പിച്ചത് 3,21,94,765 ലിറ്റർ പാലാണ്. ഇതിന് തൊട്ടുമുമ്പത്തെ വർഷം 3,66,58,459 ലിറ്ററായിരുന്നു ഇത്. കന്നുകാലി വളർത്തലിൽനിന്ന് വലിയതോതിൽ കർഷകർ പിൻവാങ്ങിയതാണ് ഉൽപാദനം കുറയാൻ കാരണം. നഷ്ടത്തിലേക്ക് നീങ്ങിയതോടെയാണ് പലരും പശുക്കളെ കൈവിട്ടത്. ഉടമയുടെ അധ്വാനം ഉള്‍പ്പെടുത്താതെ, ഒരു ദിവസം പശുവിനെ വളര്‍ത്താന്‍ 500 രൂപവരെ വേണ്ടിവരുമെന്ന് കർഷകർ പറയുന്നു. എന്നാല്‍, എട്ട് ലിറ്റര്‍ പാല് നൽകുന്ന കര്ഷകന് 350 രൂപ മാത്രമാണ് ക്ഷീര സംഘങ്ങളില്‍നിന്ന് ലഭിക്കുന്നത്.
ഇതിനൊപ്പം കാലിത്തീറ്റ വില ക്രമാതീതമായി ഉയരുന്നതും പ്രതിസന്ധി വർധിപ്പിക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു. കനത്ത ചൂടും പാലിന്റെ അളവിനെ ബാധിച്ചിട്ടുണ്ട്. ചൂടിനെത്തുടർന്ന് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വലിയ തോതിൽ ഉൽപാദനം കുറഞ്ഞതായാണ് ക്ഷീര വികസന വകുപ്പിന്റെ കണക്ക്. മാർച്ചിൽ മാത്രം 3.57 ലക്ഷത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2023 മാർച്ചിൽ 27,21,218 ലിറ്ററായിരുന്നു ഉൽപാദനമെങ്കിൽ ഈ മാർച്ചിൽ ഇത് 23,63,788 ലിറ്ററായി കുറഞ്ഞു. ഫെബ്രുവരിയിലും ഉൽപാദത്തെ ചൂട് ബാധിച്ചു. 2023 ഫെബ്രുവരിയിൽ 28,55,513 ലിറ്ററായിരുന്നെങ്കിൽ ഈ ഫെബ്രുവരിയിൽ 24,25,725 ലിറ്ററായി കുറഞ്ഞു. ജനുവരിയിലും പാലിന്റെ അളവ് കുറഞ്ഞിരുന്നു.
ചൂടിനെതുടർന്ന് പശുക്കൾ അവശനിലയിലാകുന്നതും പുല്ലിന്റെ ലഭ്യത കുറഞ്ഞതുമാണ് ഉൽപാദത്തെ ബാധിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലെ വേനൽ മഴയിൽ പുല്ല് വീണ്ടും ലഭിച്ചുതുടങ്ങിയെങ്കിലും ചൂടിന് കുറവില്ലാത്തതിനാൽ കന്നുകാലികള്‍ തളര്‍ന്നു വീഴുന്നതടക്കമുള്ള സംഭവങ്ങൾ ആവർത്തിക്കുകയാണ്. ചൂട് ഉയരുന്നതിനനുസരിച്ച് പ്രതിരോധശേഷി നഷ്ടപ്പെടുന്നതും തീറ്റയെടുക്കാനാകാത്തതും പാല് ലഭ്യതയില്‍ കുറവു വരുത്തുന്നുമുണ്ട്. കൂടുതല്‍ പാല് ലഭിക്കുമെന്നതിനാല്‍ കര്‍ഷകര്‍ നാടന്‍ പശുക്കളെക്കാള്‍ സങ്കരയിനം പശുക്കളെയാണ് കൂടുതലായി വളര്‍ത്തുന്നത്. എന്നാല്‍, വലിയ ചൂട് സഹിക്കാന്‍ എച്ച്.എഫ്, ബ്രൗണ്‍, സിന്ധ്, ജേഴ്സി തുടങ്ങിയ സങ്കര ഇനങ്ങള്‍ക്ക് കഴിയാറില്ല.
താപനില ഉയരാതെ സൂക്ഷിക്കാന്‍ ഫാനും തൊഴുത്തിന്റെ മേല്‍ക്കൂര തണുപ്പിക്കാന്‍ വെള്ളം സ്പ്രേ ചെയ്യുന്ന സംവിധാനവും ഒരുക്കുന്നുണ്ടെങ്കിലും പ്രയോജനപ്പെടുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. സാധാരണ കര്‍ഷകര്‍, അലുമിനിയം, ഇരുമ്പ് ഉള്‍പ്പെടെയുള്ള ഷീറ്റുകള്‍കൊണ്ടാണ് മേല്‍ക്കൂര നിര്‍മിച്ചിരിക്കുന്നത്. ഇതിനു മുകളില്‍ ഓലനിരത്തി വെള്ളം ഒഴിച്ചിട്ടും ചൂട് കുറക്കാന്‍ കഴിയുന്നില്ല. തീറ്റതിന്നാനും വെള്ളം കുടിക്കാനും പശുക്കള്‍ മടികാണിക്കുന്നത് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നു. ചൂടുകാരണം പല പശുക്കളുടെയും കറവ രണ്ടില്‍നിന്ന് ഒന്നായി ചുരുങ്ങി. രണ്ടുനേരം കറവയുള്ള പശുക്കളുടെ പാൽ ഉൽപാദനമാകട്ടെ പകുതിയായി ചുരുങ്ങി. പാലിന്റെ അളവ് കുറഞ്ഞതും സങ്കരയിനം പരുക്കള്‍ക്ക് ഈ ചൂട് താങ്ങാന്‍ കഴിയാത്തതും കാരണം കര്‍ഷകരും പശുവിനെ വിൽക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.