പാലായിലെയും കടുത്തുരുത്തിയിലെയും തോൽവി അന്വേഷിക്കാൻ കമീഷനുകളെ നിയോഗിച്ച് സി.പി.എം
text_fieldsകോട്ടയം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാലായിലെയും കടുത്തുരുത്തിയിലെയും പരാജയം അന്വേഷിക്കാൻ കമീഷനെ നിയോഗിച്ച് സി.പി.എം. ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ പ്രഫ. എം.ടി. ജോസഫും ടി.ആര്. രഘുനാഥനും അംഗങ്ങളായ കമീഷന് പാലായിലെ തോല്‍വി പരിശോധിക്കും.
സെക്രട്ടേറിയറ്റംഗങ്ങളായ പി.കെ. ഹരികുമാറും കെ.എം. രാധാകൃഷ്ണനുമാണ് കടുത്തുരുത്തിയിലെ പരാജയം അന്വേഷിക്കുന്നത്. ഇതോടൊപ്പം ജില്ലയിലെ ഒമ്പതു നിയമസഭ മണ്ഡലങ്ങളിലെയും ജയപരാജയങ്ങൾ വിലയിരുത്താനും തീരുമാനിച്ചു.
ഓരോ മണ്ഡലത്തിെൻറയും അന്വേഷണ ചുമതല ഓരോ നേതാക്കൾക്ക് നൽകും. കേരള കോൺഗ്രസ് എം ഇടതുമുന്നണിയിലെത്തിയത് ഗുണം ചെയ്തുവെന്ന് യോഗം വിലയിരുത്തി. പാലായില്‍ സി.പി.എം വോട്ടുകള്‍ ചോര്‍ന്നെന്നും വിജയിക്കേണ്ട സീറ്റാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗം നേരത്തേ വിലയിരുത്തിയിരുന്നു. കടുത്തുരുത്തിയിലും വേണ്ടത്ര ജാഗ്രത പുലര്‍ത്തിയാല്‍ വിജയിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. പരാജയത്തിെൻറ പശ്ചാത്തലത്തിൽ കേരള കോൺഗ്രസ് എമ്മിനുണ്ടായ ആശങ്ക പരിഹരിക്കുന്നതും അന്വേഷണത്തിെൻറ ലക്ഷ്യമാണ്.
പരാജയം സംബന്ധിച്ചു വിശദ പരിശോധന നടത്താന്‍ ജില്ല കമ്മിറ്റിക്കു സംസ്ഥാന നേതൃത്വം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിെൻറ പിന്തുണയോടെ മിന്നുന്ന വിജയമാണ് ഇടതുമുന്നണി കോട്ടയം ജില്ലയിൽ നേടിയത്.
എന്നാൽ, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി പരാജയപ്പെട്ടത് വലിയ തിരിച്ചടിയായി. സി.പി.എം വോട്ടുകൾ ചോർന്നതാണ് പരാജയകാരണമെന്ന് ആരോപണമുയർന്ന സാഹചര്യത്തിലാണ് അന്വേഷിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പ് അവലോകനവും സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിങ്ങും കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക് വിശദീകരിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പിറവത്ത് മത്സരിച്ച സി.പി.എം അംഗവും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറുമായ ഡോ. സിന്ധുമോള്‍ ജേക്കബിനെ പുറത്താക്കിയ ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയുടെയും പാലാ ഏരിയ കമ്മിറ്റിയുടെയും തീരുമാനം ജില്ല കമ്മിറ്റി തടഞ്ഞു. സിന്ധുമോള്‍ ജേക്കബ് പാര്ട്ടിയംഗമല്ലെന്നും ഈ വര്‍ഷം പാര്‍ട്ടി അംഗത്വം പുതുക്കിയിട്ടില്ലെന്നും നേതൃത്വം അറിയിച്ചു. കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്, സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ.ജെ. തോമസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.