തിരുനക്കര ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് ഓർമയാകും; പൊളിക്കാൻ 1.10 കോടി
text_fieldsകോട്ടയം: മത്സരലേലം വിളിക്കൊടുവിൽ തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിന് ‘വില’ 1.10 കോടി. കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചുനീക്കാനുള്ള കരാർ ഉറപ്പിച്ചു. കൊല്ലം കേരളപുരം അലയൻസ് സ്റ്റീൽസാണ് 1.10 കോടിക്ക് ലേലം പിടിച്ചത്. ഇവർ കെട്ടിടം പൊളിച്ചുനീക്കും.ബുധനാഴ്ച രാവിലെ നഗരസഭ ഹാളിൽ നടന്ന ലേലത്തിൽ 43 പേർ പങ്കെടുത്തു. സീൽ ചെയ്ത നാല് ക്വട്ടേഷനുമുണ്ടായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങൾക്കൊപ്പം തമിഴ്നാട്ടിൽനിന്ന് ലേലം വിളിയിൽ പങ്കെടുക്കാൻ കരാറുകാർ എത്തിയിരുന്നു.
40 ലക്ഷം രൂപയായിരുന്നു കെട്ടിടത്തിന് അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. ഈ തുകയിലായിരുന്നു ലേലം ആരംഭിച്ചത്. 41.75 ലക്ഷമായിരുന്നു ആദ്യവിളി. തുടർന്ന് അതിവേഗം തുക ഉയർന്നു. അരമണിക്കൂറിനുള്ളിൽ തുക ഒരുകോടി കവിഞ്ഞു. ഒടുവിൽ ലേലം1.10 കോടിയിലെത്തി. കൂട്ടിവിളിക്കാൻ ആരും തയാറായില്ല. അതോടെ സീൽ ചെയ്ത ക്വട്ടേഷനുകൾ പരിശോധിച്ചശേഷം കരാർ അലയൻസ് സ്റ്റീലിന് ലഭിച്ചതായി അധികൃതർ പ്രഖ്യാപിച്ചു.
ലേലം അലയൻസ് സ്റ്റീൽ കമ്പനിക്ക് ഉറപ്പിച്ചു. സ്ക്രാപ് ബിസിനസിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഇവർ കെ.എസ്.ഇ.ബിയുടെ അടക്കം നിരവധി കരാറുകൾ നേരത്തേ സ്വന്തമാക്കിയവരാണ്. 1.10 കോടി ലേലത്തുകയും 19,80,000 രൂപ ജി.എസ്.ടിയും കരാറുകാരൻ നഗരസഭയിൽ അടക്കണം. ഇതിൽ പകുതി തുക കരാറുകാരൻ ബുധനാഴ്ച തന്നെ അടച്ചു. ബാക്കി തുക വ്യാഴാഴ്ച അടക്കും. കെട്ടിടാവശിഷ്ടങ്ങളും ഇതിനുള്ളിലെ കമ്പി, കല്ല് അടക്കമുള്ളവ ലേലം പിടിച്ചയാൾക്കാണ്. ഇതിനാണ് നഗരസഭക്ക് 1.10 കോടി നൽകുന്നത്. കെട്ടിടം പൊളിക്കാനുള്ള ചെലവും ഇവർ വഹിക്കണം.
നഗരസഭ ധനകാര്യ സ്ഥിരം സമിതിയുടെ നേതൃത്വത്തിലായിരുന്നു ലേലനടപടികൾ. നഗരസഭ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി. ഗോപകുമാർ എന്നിവർ നേതൃത്വം നൽകി. ഇനി നഗരസഭ കൗൺസിൽ ചേർന്ന് ലേലം അംഗീകരിച്ച് പാസാക്കിയാൽ കരാർ ഒപ്പിടും. ശനിയാഴ്ച കൗൺസിൽ യോഗം ചേരും. ഇതിൽ കരാർ ഒപ്പിടുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് വൈസ് ചെയർമാൻ ബി. ഗോപകുമാർ പറഞ്ഞു.
കരാർ ഒപ്പിട്ടുകഴിഞ്ഞാൽ മൂന്നു മാസത്തിനകം കെട്ടിടം പൊളിച്ചു നീക്കണമെന്നാണ് നിബന്ധന. രാത്രി മാത്രമേ പൊളിക്കാൻ അനുവദിക്കൂ. കെട്ടിടം തറനിരപ്പിൽ പൊളിച്ചു മാറ്റണം. അവശിഷ്ടങ്ങൾ സ്വന്തം ചെലവിൽ നീക്കണം. പൊളിക്കുന്ന സമയത്ത് ആവശ്യമായ സുരക്ഷ ഏർപ്പെടുത്തേണ്ടതും അതത് ഓഫിസുകളിൽനിന്ന് അനുമതി വാങ്ങേണ്ടതും കരാറുകാരന്റെ ഉത്തരവാദിത്തമാണെന്നും നഗരസഭ വ്യക്തമാക്കി.
ഷോപ്പിങ് കോംപ്ലക്സിന് ബലക്ഷയമുണ്ടെന്ന പരാതിയിൽ ഹൈകോടതി ഉത്തരവിനെത്തുടർന്നാണ് പൊളിച്ചുനീക്കാൻ തീരുമാനമായത്. നേരത്തേ കെട്ടിടത്തിലെ 52 കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു. നിലവിൽ ഏഴ് കച്ചവടക്കാർ താൽക്കാലികമായി ഇവിടെ ഉണ്ട്. പൊളിക്കുന്നതോടെ ഇവരെയും ഒഴിപ്പിക്കും. അതേസമയം, ഇവർക്ക് പുനരധിവാസം ഒരുക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല.
നാല് ബ്ലോക്കുകളുള്ള കെട്ടിടത്തിൽ രാജധാനി ഹോട്ടൽ ഒഴികെയുള്ള ഭാഗങ്ങളാണ് നീക്കുന്നത്. ഹോട്ടൽ നവീകരിച്ചതിനാൽ പൊളിക്കലിൽനിന്ന് ഒഴിവാക്കിയെന്നാണ് നഗരസഭ പറയുന്നത്.1959, 1968, 1970, 1973 വർഷങ്ങളിലായി ഘട്ടംഘട്ടമായി നിർമിച്ചതാണ് ഷോപ്പിങ് കോംപ്ലക്സ്. നാഗമ്പടത്ത് പുതിയ സ്വകാര്യ ബസ്സ്റ്റാൻഡ് നിർമിക്കുന്നതുവരെ നഗരത്തിലെ പ്രധാന ബസ്സ്റ്റാൻഡ് ഇവിടെയായിരുന്നു. പിന്നീട് ഇവിടം ബസ്ബേ മാത്രമായി മാറി.
പൊളിക്കാൻ തുടങ്ങുന്നതോടെ ബസുകൾ വഴിതിരിച്ചുവിടും
തിരുനക്കര ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിക്കാൻ തുടങ്ങുന്നതോടെ തിരുനക്കര ബസ്സ്റ്റാൻഡ് പൂർണമായി അടക്കുമെന്നും ബസുകൾ വഴിതിരിച്ചുവിടുമെന്ന് നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാർ പറഞ്ഞു. നിലവിൽ തിരുനക്കരയിൽ പ്രവർത്തിക്കുന്ന ടാക്സി സ്റ്റാൻഡ് പുതിയസ്ഥലത്തേക്ക് മാറ്റും. ഇതിനായി ടാക്സി ഡ്രൈവർമാരുമായി ചർച്ച നടത്താനും നഗരസഭ തീരുമാനിച്ചു.
അതേസമയം, തിരുനക്കര ഷോപ്പിങ് കോംപ്ലക്സിനൊപ്പം ആക്രിസാധനങ്ങളുടെ ലേലവും നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ആരും ഉയർന്ന തുക വിളിക്കാൻ തയാറായില്ല. ഷോപ്പിങ് കോംപ്ലക്സിൽ നേരത്തേ പ്രവർത്തിച്ചിരുന്ന കൽപക സൂപ്പർമാർക്കറ്റിനുള്ളിൽ ഉണ്ടായിരുന്ന അലമാരങ്ങൾ അടക്കമുള്ള സാധനങ്ങളാണ് ലേലം ചെയ്യാൻ തീരുമാനിച്ചത്. ഇവക്ക് 1,02,815 രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരുന്നത്. ഈ തുക കൂടുതലാണെന്ന് വ്യക്തമാക്കിയ കച്ചവടക്കാർ ലേലത്തിൽ പങ്കുകൊള്ളാൻ തയാറായില്ല. 17 പേരാണ് ഈ ലേലത്തിൽ പങ്കെടുത്തത്. ഇതോടെ ആഗസ്റ്റ് ഏഴിന് തുടർലേലം നടത്താൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.