തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കൽ; ക്ഷേത്രം റോഡ് അടച്ചു
text_fieldsകോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കലുമായി ബന്ധപ്പെട്ട് വീണ്ടും പൊലീസിന്റെ ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ച ഉച്ചയോടെ തിരുനക്കര ക്ഷേത്രത്തിന് മുന്നിലേക്കുള്ള റോഡില്‍ പൂര്‍ണമായും ഗതാഗതം നിരോധിച്ചു. ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് റോഡ് അടക്കുകയായിരുന്നു.
യാത്രക്കാര്‍ക്കോ നഗരവാസികള്ക്കോ മുന്നറിയിപ്പൊന്നും നല്‍കാതെയായിരുന്നു ക്രമീകരണം. ഇത് യാത്രക്കാരെ വലച്ചു. ഒപ്പം നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. ബസ്റ്റാന്‍ഡ് കെട്ടിടം പൊളിക്കുന്നതിനാൽ അപകടസാധ്യത കണക്കിലെടുത്താണ് തീരുമാനമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
ആഴ്ചകള്‍ക്കുമുമ്പാണ് ഷോപ്പിങ് കോംപ്ലക്സ് പൊളിക്കുന്ന ജോലി ആരംഭിച്ചത്. ഇതിനെതുടർന്ന് ബസുകൾ ക്ഷേത്രത്തിന് മുന്നിലേക്കുള്ള റോഡിലൂടെ കടത്തിവിടുന്ന രീതിയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. എന്നാൽ, കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ ജോലിക്കിടെ കെട്ടിടാവശിഷ്ടങൾ അടര്‍ന്നുവീണു.
ഇതോടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ പെട്ടെന്ന് ഗതാഗതം നിരോധിച്ചത്.തിരുവാതുക്കല്‍ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകള്‍ പുളിമൂട് ജങ്ഷനില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റി മടങ്ങിപ്പോകുന്ന രീതിയിലാണ് പുതിയ ഗതാഗത ക്രമീകരണം. മെഡിക്കല്‍ കോളജ് ഭാഗത്തേക്കുള്ള സ്വകാര്യ ബസുകള്‍ ശാസ്ത്രി റോഡിലോ ബേക്കര്‍ ജങ്ഷന് ഭാഗത്തോ നിര്‍ത്തി യാത്രക്കാരെ കയറ്റണമെന്നാണ് പൊലീസിന്റെ നിർദേശം.
എന്നാല്‍, പല ബസുകളും ഇത് പാലിച്ചില്ല. ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്തു. ഇത് വലിയ ഗതാഗതക്കുരുക്കിനും കാരണമായി. കെട്ടിടം പൊളിച്ചുതീരും വരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കുന്നത്.
നഗരത്തിൽ ഗതാഗത ക്രമീകരണം
തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡ് പൊളിക്കുന്നതിനെ തുടര്‍ന്ന് നഗരത്തില്‍ പൊലീസ് ഏര്‍പ്പെടുത്തുന്ന ബസ് ഗതാഗത ക്രമീകരണം.
. കെ.കെ റോഡിലൂടെ വരുന്ന ബസുകള്‍ തിരുനക്കര മൈതാനം ചുറ്റി ഗാന്ധിസ്ക്വയറില്നിന്നും നേരെ ശീമാട്ടി റൗണ്ട് തിരിഞ്ഞ് ശാസ്ത്രി റോഡില്‍ ആളെ ഇറക്കി ടി.എം.എസ് ജങ്ഷന് വഴി നാഗമ്പടത്തേക്ക് പോകേണ്ടതാണ്.
. എം.സി റോഡിലൂടെ ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വരുന്ന ബസുകള്‍ ഗാന്ധിസ്ക്വയറില്നിന്നും നേരേ ശീമാട്ടി റൗണ്ട് തിരിഞ്ഞ് ശാസ്ത്രി റോഡില്‍ ആളെ ഇറക്കി ടി.എം.എസ് ജങ്ഷന് വഴി നാഗമ്പടത്തേക്ക് പോകേണ്ടതാണ്.
. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും വരുന്ന ബസുകള്‍ ഗാന്ധിസ്ക്വയറില്നിന്നും നേരേ ശീമാട്ടി റൗണ്ട് തിരിഞ്ഞ് ശാസ്ത്രി റോഡില്‍ ആളെ ഇറക്കി ടി.എം.എസ് ജങ്ഷന്, നാഗമ്പടം, സിയേഴ്സ് ജങ്ഷന് വഴി പോകേണ്ടതാണ്.
. കുമരകം-പരിപ്പ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പതിവുപോലെ സർവിസ് നടത്തേണ്ടതാണ്.
. ചുങ്കം-കുടയംപടി-കുടമാളൂര്‍-മെഡിക്കള്‍ കോളജ് ഭാഗത്തുനിന്ന് വരുന്നതും പോകുന്നതുമായ ബസുകള്‍ നാഗമ്പടം സ്റ്റാൻഡില്‍നിന്നും സർവിസ് ആരംഭിച്ച് ബേക്കർ ജങ്ഷനിലെത്തി ദീപിക ബസ് സ്റ്റോപ്പിലെത്തി ആളെ കയറ്റി പോകേണ്ടതാണ്. തിരികെ അതേ റൂട്ടില്‍ വന്ന് നാഗമ്പടത്ത് സർവിസ് അവസാനിപ്പിക്കേണ്ടതാണ്.
. തിരുവാര്‍പ്പ് ഭാഗത്തുനിന്നും വരുന്ന ബസുകള്‍ പതിവുപോലെ പുളിമൂട് ജങ്ഷനിലെത്തി ആളെയിറക്കി ശീമാട്ടി റൗണ്ട് വഴി ശാസ്ത്രി റോഡിലെത്തി ആളെയിറക്കി നാഗമ്പടം സ്റ്റാന്‍ഡില്‍ എത്തി ട്രിപ് അവസാനിക്കേണ്ടതാണ്. തിരികെ നാഗമ്പടത്തുനിന്നും ബേക്കര്‍ ജങ്ഷന്-സെന്‍ട്രല്‍ ജങ്ഷന്-കെ.എസ്.ആർ.ടി.സി-ഐഡ ജങ്ഷന്-പുളിമൂട് ജങ്ഷന് വഴി പാലാമ്പടം ജങ്ഷനിലെത്തി ആളെ കയറ്റി പോകേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.