21 ദിവസം, 45 പേർക്ക് ഡെങ്കിപ്പനി
text_fieldsകോട്ടയം: മഴക്കാലം എത്തിയതോടെ പനിബാധിതരുടെ എണ്ണവും വർധിക്കുന്നു. നിരവധി പേരാണ് ഈ ദിവസങ്ങളിൽ പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയത്. ഈ മാസം 21 ദിവസത്തിനകം 45 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിലെത്തിയത്.
252 പേർ ഡെങ്കിപ്പനി ലക്ഷണങ്ങൾ ബാധിച്ച് ചികിത്സ തേടി. മുളക്കുളം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ, എരുമേലി, ഞീഴൂർ, കുറവിലങ്ങാട്, എലിക്കുളം, നീണ്ടൂർ, കടുത്തുരുത്തി, നെടുംകുന്നം ഭാഗങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. 5000ത്തിലേറെ രോഗികളാണ് പനി ബാധിച്ച് സർക്കാർ ആശുപത്രികളിലെത്തിയത്.
122 പേരെ കിടത്തിച്ചികിത്സിച്ചു. എലിപ്പനിയും വ്യാപകമാവുന്നു. അഞ്ചുപേർക്കാണ് എലിപ്പനി ബാധിച്ചത്. മഴ കനക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും പനി വന്നാൽ വിദഗ്ധ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
അപകട സൂചനകൾ
പനിക്കൊപ്പം തുടർച്ചയായ ഛർദി, വയറിളക്കം, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്ത സമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുര്‍ച്ചയായ കരച്ചിൽ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രോഗബാധിതർ സമ്പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നുനാല് ദിവസം കൂടി ശ്രദ്ധിക്കണം.
ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം.
പകൽ വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകു വലക്കുള്ളിൽ ആയിരിക്കണം. ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നു കഴിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.