ഡെപ്പോസിറ്റും സർചാർജും; വൈദ്യുതി ഉപഭോക്താക്കൾക്ക് ഇരട്ടപ്രഹരം
text_fieldsകോട്ടയം: സർചാർജിനൊപ്പം ഡെപ്പോസിറ്റും പിടിച്ചുതുടങ്ങിയതോടെ വൈദ്യുതി ഉപഭോക്താക്കൾക്ക് ഇരട്ടപ്രഹരം. നിലവിലെ വൈദ്യുതി ബിൽ പലർക്കും ഇരട്ടിയായി. 1000 രൂപ മുതൽ വിവിധ തുകകളാണ് ബില്ലിനൊപ്പം അടക്കാൻ കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരിക്കുന്നത്.
കച്ചവട സ്ഥാപനങ്ങൾക്ക് വലിയ തുകയാണ് ഇത്തരത്തിൽ അധികമായി അടക്കേണ്ടിവരുന്നത്. അപ്രതീക്ഷ വർധനക്കുള്ള കാരണം വ്യക്തമല്ലാത്തത് ആശയക്കുഴപ്പങ്ങൾക്കും ഇടയാക്കുന്നുണ്ട്. അധിക തുകയെക്കുറിച്ച് അന്വേഷിച്ച് പലരും കെ.എസ്.ഇ.ബി ഓഫിസുകളിലേക്ക് വിളിക്കുന്നുമുണ്ട്. വേനൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി വാങ്ങാൻ വന്ന അധികച്ചെലവാണ് ഇന്ധന സര്ചാർജ് എന്ന പേരിൽ ഫെബ്രുവരി മുതലുള്ള വൈദ്യുതി നിരക്കിനൊപ്പം പിടിക്കുന്നത്. ഇതിനു പിന്നാലെയാണ് അഡീഷനൽ ഡെപ്പോസിറ്റ് എന്ന പേരിൽ കൂടുതൽ തുക അടക്കാൻ ആവശ്യപ്പെടുന്നത്.
ഒരോ ഉപഭോക്താവിന്റെയും വൈദ്യുതി ബില്ലിന്റെ മൂന്നിരട്ടി തുകയാണ് ഡെപ്പോസിറ്റായി കെ.എസ്.ഇ.ബിയിൽ നിലനിർത്തുന്നത്. അടുത്തിടെ വൈദ്യുതി ബില്ല് വർധിച്ചതോടെ ഭൂരിഭാഗം ഉപഭോക്താക്കളുടെയും ഡെപ്പോസിറ്റ് തുക കുറഞ്ഞു. നിലവിൽ ലഭിച്ച ബില്ലിന്റെ മൂന്നിരട്ടി തുകയല്ല, ഇതിൽ കുറവാണ് ഇപ്പോൾ പല ഉപഭോക്താക്കളുടെയും ഡെപ്പോസിറ്റായുള്ളത്. ഇതോടെയാണ് അധികതുക വാങ്ങാനുള്ള കെ.എസ്.ഇ.ബി തീരുമാനം.
ഡെപ്പോസ്റ്റ് തുക മൂന്നിരട്ടിയായി നിലനിർത്താനാണ് ഈ നടപടിയെന്നും കുറവ് വന്നവരിൽനിന്ന് മാത്രമാണ് പണം ശേഖരിക്കുന്നതെന്നും കെ.എസ്.ഇ.ബി പറയുന്നു. വേനലിൽ ഉപയോഗം കൂടിയതിനാൽ ബിൽ തുക വർധിച്ചിരുന്നു. ഇതനുസരിച്ച് ഡെപ്പോസ്റ്റ് നിശ്ചയിക്കുന്നതും തുക ഉയരാൻ കാരണമായി പറയുന്നു.
ഇടത്തരം കുടുംബങ്ങൾക്ക് 1000 മുതൽ 3000 രൂപ വരെയാണ് ഡെപ്പോസിറ്റായി അടക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വൈദ്യുതി ചാർജിനൊപ്പം ഇതുകൂടി ചേരുന്നതോടെ വലിയ തുകയാണ് അടക്കേണ്ടിവരുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു. കൃത്യമായ വിശദീകരണം നൽകാൻ കെ.എസ്.ഇ.ബി തയാറാകുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു. വൻ തുകയാണ് അപ്രതീക്ഷിതമായി ലഭിച്ചതെന്ന് വ്യാപാരികളും പറയുന്നു. അതിനിടെ, വൈദ്യുതി സർചാർജ് ഈടാക്കുന്നത് തുടരുകയാണ്.
യൂനിറ്റിന് ഒമ്പതുപൈസ ഈടാക്കാനായിരുന്നു ആദ്യം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ അനുമതി നൽകിയിരുന്നത്. 1000 വാട്സുവരെ കണക്ടഡ് ലോഡുള്ളതും പ്രതിമാസം 40 യൂനിറ്റില്ത്താഴെ ഉപഭോഗമുള്ളതുമായ ഗാര്ഹികോപഭോക്താക്കളെ സർചാര്ജില്നിന്ന് ഒഴിവാക്കിയിരുന്നു.കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നുമുതൽ ജൂൺ 30 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് ബോർഡിന് അധികം ചെലവായ 87.07 കോടി രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.