വെള്ളത്തിൽ മുങ്ങിയിട്ടും... മഴ കുറവാ..
text_fieldsകോട്ടയം: കാലവർഷം കനത്തിട്ടും പ്രതീക്ഷിച്ച അളവിൽ ജില്ലയിൽ മഴയില്ല. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴ പ്രളയം വിതച്ചിട്ടും ശനിയാഴ്ച വരെയുള്ള കണക്കുകളനുസരിച്ച് പ്രതീക്ഷിച്ചതിൽനിന്ന് 26 ശതമാനത്തിന്റെ കുറവാണ് ജില്ലയിലുണ്ടായത്.
എന്നാൽ, കഴിഞ്ഞയാഴ്ചത്തെ അപേക്ഷിച്ച് മഴയുടെ അളവ് കുതിച്ചുയർന്നു. കഴിഞ്ഞയാഴ്ച പ്രതീക്ഷിച്ചതിൽനിന്ന് 64 ശതമാനത്തിന്റെ കുറവാണ് ജില്ലയിലുണ്ടായത്. കാലാവസ്ഥ വകുപ്പ് 511.2 മില്ലിമീറ്റർ മഴയാണ് പ്രതീക്ഷിച്ചതെങ്കിലും 186 മില്ലിമീറ്റർ മഴ മാത്രമായിരുന്നു അന്നുവരെ പെയ്തത്. എന്നാൽ, ഈ വലിയ വിടവ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ കനത്ത മഴ നികത്തി.
ശനിയാഴ്ച വരെ 587.9 മില്ലിമീറ്റർ ജില്ലയിൽ ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ മഴയാണ് അളവിൽ കുതിപ്പിന് ഇടയാക്കിയത്. 792.6 മില്ലിമീറ്റർ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിച്ചിരുന്നത്. ഇതിന് അടുത്തേക്ക് എത്താൻ കഴിഞ്ഞദിവസങ്ങളിലെ മഴയിലൂടെ കഴിഞ്ഞു. ഇടവിട്ട് മഴ തുടരുന്നതിനാൽ ദിവസങ്ങൾക്കുള്ളിൽ ശരാശരി മഴ ലഭിച്ച ജില്ലയായി കോട്ടയം മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ നിഗമനം.
കഴിഞ്ഞ ദിവസം രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയത്തായിരുന്നു. ഇതാണ് മഴയുടെ അളവിൽ വർധനയുണ്ടാക്കിയത്.
മഴയളവ് ഇങ്ങനെ
(വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ ശനിയാഴ്ച രാവിലെ എട്ടുവരെ)
- കോട്ടയം- 31.4 മില്ലിമീറ്റർ
- കോഴാ-26
- പാമ്പാടി-26.8
- ഈരാറ്റുപേട്ട-25
- തീക്കോയി-14
- മുണ്ടക്കയം-28.4
- കാഞ്ഞിരപ്പള്ളി-18.6
- ആകെ-170.2 മി.മീ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.