കോട്ടയത്ത് നാശംവിതച്ച് മഴയും കാറ്റും
text_fieldsമരം വീണ് ജലവിതരണ പൈപ്പുകൾ തകർന്നു
വൈക്കം: കൂറ്റൻ വാകമരം കടപുഴകി വീണ് കുടിവെള്ള വിതരണത്തിന് സ്ഥാപിക്കാൻ സൂക്ഷിച്ച പൈപ്പുകൾ തകർന്നു. അരയജഞ്ചുമുതൽ 140 ഇഞ്ചുവരെയുള്ള 3000 മീറ്ററോളം പൈപ്പാണ് ബുധനാഴ്ച വൈകീട്ട് 6.30ഓടെയുണ്ടായ ശക്തമായ കാറ്റിൽ തകർന്നത്. നഗരസഭയുടെ 26 വാർഡുകളിലെ 1500 കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കാൻ കേന്ദ്ര സർക്കാറിന്റെ അമൃതം പദ്ധതിയുടെ ഭാഗമായി അയ്യർ കുളങ്ങരയിലെ ജല അതോറിറ്റിയുടെ വളപ്പിലാണ് പൈപ്പുകൾ സൂക്ഷിച്ചിരുന്നത്.
പൈപ്പുകൾ നശിച്ചമൂലം അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അമൃതംപദ്ധതിയുടെ കരാർ ഏറ്റെടുത്ത കെ.എം. മോഹൻദാസ്, കെ.യു. ടോമിച്ചൻ എന്നിവർ പറഞ്ഞു. അഞ്ചുകോടി രൂപ വിനിയോഗിച്ച് നഗരസഭയിലെ 26 വാർഡുകളിലുമായി 16 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കാൻ 90, 63, 140, 160, 110 എം.എം പൈപ്പുകളാണ് ജല അതോറിറ്റി വളപ്പിൽ സൂക്ഷിച്ചിരുന്നത്. ഗാർഹിക കണക്ഷൻ നൽകേണ്ട 1500 വീടുകളിൽ 80 ശതമാനത്തിലും പൈപ്പ് സ്ഥാപിച്ച് വെള്ളമെത്തിച്ചുകഴിഞ്ഞു. മുഴുവൻ പൈപ്പുകളുമുണ്ടായിരുന്ന സമയത്താണ് കൂറ്റൻ വാകമരം വീണിരുന്നതെങ്കിൽ കോടികളുടെ നഷ്ടമുണ്ടാകുമായിരുന്നു.
കാറ്റിൽ മരം കടപുഴകി; പശുക്കൾക്ക് പരിക്ക്
- തൊഴുത്ത് പൂർണമായി തകർന്നു
ഉദയനാപുരം: ശക്തമായ കാറ്റിൽ വൻമരം തൊഴുത്തിനു മീതെ വീണതിനെ തുടർന്ന് ആറു പശുക്കളിൽ നാലെണ്ണത്തിന് പരിക്ക്. കെട്ടിടത്തിന്റെ ഭാഗം കാലിൽ വീണ് കാലു തകർന്ന ഒരു കറവ പശു മൃതപ്രായയായി. മറ്റ് മൂന്ന് പശുക്കളുടെ പുറംഭാഗത്ത് വലിയ മുറിവുകളുണ്ട്. തൊഴുത്തിനു സമീപം കെട്ടിയിരുന്ന ആടുകൾ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ഉദയനാപുരം ചെട്ടിമംഗലം നിമ്മി നിവാസിൽ കുമാരിയുടെ പശുക്കൾക്കാണ് പരിക്കേറ്റത്.
കാറ്റിന്റെ ശക്തിയിൽ തൊഴുത്തിന്റെ ടിൻഷീറ്റ് മേഞ്ഞ മേൽക്കൂര പറന്ന് വീടിന്റെ മുറ്റത്ത് വേലിയോട് ചേർന്ന് തങ്ങി നിന്നു. ശബ്ദം കേട്ട് ഓടിയെത്തിയ കുമാരിയും ഭർത്താവ് പത്മനാഭനും മറ്റും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തൊഴുത്ത് പൂർണമായി തകർന്നു. 2010 മുതൽ പശു വളർത്തി ഉപജീവനം നടത്തിവരികയാണ് കുമാരിയും കുടുംബവും. ആറു വയസ്സ് പ്രായമുള്ള 10 ലിറ്ററോളം പാൽ ലഭിച്ചിരുന്ന 80,000 രൂപക്ക് വാങ്ങിയ പശുവിന്റെ കാലാണ് തകർന്നത്. 70,000 രൂപയോളം വിലയുള്ള മറ്റു മൂന്ന് പശുക്കൾക്കും പരിക്കേറ്റു.
കാലുതകർന്ന കറവ പശുവിനെ രക്ഷിക്കുന്നത് പ്രയാസമാണെന്നും മറ്റു മൂന്ന് പശുക്കൾക്ക് വിദഗ്ധ ചികിത്സ നൽകിയാൽ രക്ഷിച്ചെടുക്കാനാകുമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. ദിനംപ്രതി 30 ലിറ്ററോളം പാൽ ഇവർക്ക് ലഭിച്ചിരുന്നു. ചൂടു വർധിച്ചതോടെ വരുമാനം കുറയുകയും കന്നുകാലികളുടെ പരിപാലന ചെലവ് വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ കാറ്റു വരുത്തിയ വിന നിർധന കുടുംബത്തിന്റെ ജീവിതം വഴിമുട്ടിച്ചു. പശുക്കളെ വാങ്ങാൻ ബാങ്കിൽ നിന്ന് വായ്പയെടുക്കുകയും സ്വർണം പണയം വെക്കുകയും ചെയ്തിരുന്നതായി കുമാരി പറഞ്ഞു. ക്ഷീര സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ നൽകിയ വനിത ക്ഷീര കർഷകക്കുള്ള വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും മിൽമയുടെയും പുരസ്കാരം നേടിയയാളാണ് കുമാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.