നാടിെൻറ വികസനം, ഞങ്ങളുടെ സ്വപ്നം
text_fieldsനാടിന്റെ വികസനത്തെ കുറിച്ച് നിയുക്ത എം.എൽ.എമാർ മനസ് തുറക്കുന്നു
ഏറ്റുമാനൂര്‍ താലൂക്കിനും റവന്യൂ ടവറിനും പ്രഥമപരിഗണന –വി.എന്‍. വാസവന്
ഏറ്റുമാനൂര്‍: താലൂക്ക് രൂപവത്കരണവും റവന്യൂ ടവര്‍ നിര്‍മാണവുമാണ് പ്രഥമ പരിഗണന നല്കുന്ന വിഷയങ്ങള്‍. രാജഭരണകാലത്ത് ഏറ്റുമാനൂര്‍ താലൂക്ക് ആസ്ഥാനമായിരുന്നു. ചെലവു ചുരുക്കലിെൻറ ഭാഗമായി ദിവാന് ടി. രാഘവയ്യായാണ് താലൂക്ക് നിര്‍ത്തലാക്കിയത്. ഡി. ബാബുപോള്‍ കമീഷന് റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ 2018 ഫെബ്രുവരിയില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് ഏറ്റുമാനൂരില്‍ താലൂക്ക് പുനഃസംഘടിപ്പിക്കുമെന്ന് നിയമസഭയില്‍ അറിയിച്ചിരുന്നു. താലൂക്ക് പുനഃസംഘടിപ്പിക്കുന്നതോടൊപ്പം സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴില് കൊണ്ടുവരിക എന്ന ഏറ്റുമാനൂര്‍ നിവാസികളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കും.
എം.ജി യൂനിവേഴ്സിറ്റി കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള എജുക്കേഷന്‍ ഹബ് നടപ്പാക്കും. സര്‍വകലാശാലയും മണ്ഡലത്തിെൻറ വിവിധ ഭാഗങ്ങളില്‍ സ്ഥിതിചെയ്യുന്ന സ്കൂളുകള്‍, കോളജുകള്‍, ഐ.ടി.ഐ, മറ്റ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയെയെല്ലാം സംയോജിപ്പിച്ചുള്ള വന്പ്രോജക്ടാണിത്. ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കും. റിങ് റോഡുകള്‍ ഉടൻ പൂര്‍ത്തിയാക്കും. ഫ്ലൈഓവര്‍ നിര്‍മാണം സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തും.ഏറ്റുമാനൂര്‍ ക്ഷേത്രം, അതിരമ്പുഴ പള്ളി, താഴത്തങ്ങാടി മുസ്ലിം പള്ളി തുടങ്ങി മണ്ഡലത്തിലെ വിവിധ ആരാധനാലയങ്ങള്‍ കൂട്ടിയിണക്കി തീര്‍ഥാടക ടൂറിസത്തിന് വഴിയൊരുക്കും. കോട്ടയം മെഡിക്കല്‍ കോളജിെൻറ തുടര്‍വികസനത്തിനും പ്രാമുഖ്യം നല്‍കും.
രണ്ടാം വികസനക്കുതിപ്പ് ഗ്രാമങ്ങളില്‍നിന്ന് -മാണി സി.കാപ്പന്
പാലാ: പാലായുടെ ആത്മാവ് ഗ്രാമങ്ങളിലാണ്. അതുകൊണ്ടുതന്നെ ഗ്രാമങ്ങള്‍ക്ക് ഏറെ പദ്ധതികള്‍ ലഭിക്കേണ്ടതുണ്ട്.ടൂറിസം വികസനം, മുടങ്ങിപ്പോയ പദ്ധതികള്‍ പൂര്‍ത്തിയാക്കല്‍, പുതിയ റോഡുകള്‍, തര്‍ക്കങ്ങള്‍ പരിഹരിച്ച് ഫയലില്‍ ഉറങ്ങുന്ന വികസനം സാക്ഷാത്കരിക്കല്‍ തുടങ്ങിയവക്കാണ് മുന്‍ഗണന.രാമപുരം കുടിവെള്ള പദ്ധതി, കരിമ്പുകയം പദ്ധതി, തലനാട്-മേലുകാവ് റോഡ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കും. പാലാ ഏറെ വിനോദസഞ്ചാര സാധ്യതയുള്ള നഗരമാണ്. ഹൈറേഞ്ചിെൻറ കവാടമെന്ന് വിശേഷിപ്പിക്കാം. നല്ലരീതിയില്‍ പ്രോത്സാഹിപ്പിച്ചാല്‍ പാലാ ടൂറിസം ഹബ്ബാകും. ഇലവീഴാപൂഞ്ചിറയും ഇല്ലിക്കകല്ലും വാഗമണും അടുത്തടുത്ത ടൂറിസം കേന്ദ്രങ്ങളാണ്. അവിടെ അടിസ്ഥാന സൗകര്യം, ഗതാഗതം എന്നിവക്ക് പുറമെ റോപ്വേ പോലുള്ള പദ്ധതികളും ഒരുക്കിയാല്‍ കൂടുതല്‍ സഞ്ചാരികളെത്തും. കെ.ടി.ഡി.സിയുമായി സഹകരിച്ച് സമഗ്ര വിനോദസഞ്ചാര പാക്കേജ് നടപ്പാക്കുവാന്‍ ശ്രമിക്കും. സമാന്തരപാത പൂര്‍ത്തിയാക്കും.
സെൻറ് മേരീസ് സ്കൂള്‍ മുതല്‍ സിവില്‍ സ്റ്റേഷന് വരെയുള്ള ഭാഗത്ത് വീതിയില്ലാത്തതിനാല്‍ സമാന്തര പാതയുടെ പ്രയോജനം പൂര്‍ണമായി ലഭിക്കുന്നില്ല. സ്ഥലമേറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിച്ചിരുന്നു. തുടര്‍നടപടി വൈകില്ല. പാലായില്‍ തകര്‍ന്ന റോഡുകളെല്ലാം അന്താരാഷ്ട്ര നിലവാരത്തിലാക്കും
ഭവനരഹിതരില്ലാത്ത പൂഞ്ഞാറാണ് ലക്ഷ്യം -സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
മുണ്ടക്കയം/ഈരാറ്റുപേട്ട: പൂഞ്ഞാറിലെ ഭവനമില്ലാത്ത മുഴുവന്‍ പേര്‍ക്കും വീട് എന്ന സ്വപ്നത്തിനായി പ്രവര്‍ത്തിക്കും. സര്‍ക്കാറിെൻറ ഫണ്ടുകള്‍ ഉപയോഗിച്ച് പരമാവധി വീടുകള്‍ നല്‍കും. കഴിയാത്തത് സന്നദ്ധസംഘടനകളുമായി കൂടിയാലോചിച്ചു ചെയ്യും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന. മണ്ഡലത്തിലെ ആരോഗ്യമേഖലയെ ഏകോപിപ്പിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇതിെൻറ ഭാഗമായി ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് വാക്സിനേഷനുള്ള നടപടി സ്വീകരിക്കും. മുണ്ടക്കയം ശുദ്ധജല പദ്ധതി വിപുലീകരിച്ചു നടപ്പാക്കും. ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നിര്‍മാണം അടിയന്തരമായി നടപ്പാക്കും. എരുമേലി സൗത്ത് വാട്ടര്‍സപ്ലൈ സ്കീം പൂര്‍ത്തീകരിക്കും. എരുമേലി ഫയര്‍ സ്റ്റേഷന്, മുണ്ടക്കയം സബ്ട്രഷറി നിര്‍മാണം തുടങ്ങി മുടങ്ങിക്കിടന്ന പദ്ധതികള്‍ ഉടന്‍ ആരംഭിക്കും. പൂഞ്ഞാര്‍ താലൂക്ക്, മുക്കൂട്ടുതറ പഞ്ചായത്ത്, എരുമേലി വിമാനത്താവളം, സിയാല്‍ റബര്‍ കമ്പനി, ശബരി റെയില്‍പാത, മുണ്ടക്കയത്തും ഈരാറ്റുപേട്ടയിലും മിനിസിവില്‍ സ്റ്റേഷന് എന്നിവക്കും പ്രാധാന്യം നല്‍കും. മുണ്ടക്കയം, എരുമേലി സാമൂഹികാരോഗ്യ േകന്ദ്രത്തിനു പദവി ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കും. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കും.
തുടങ്ങിവെച്ച പദ്ധതികൾ പൂർത്തിയാക്കണം -തിരുവഞ്ചൂർ
കോട്ടയം: തുടങ്ങിവെച്ച പദ്ധതികൾ പൂർത്തിയാക്കുന്നതിനാണ് മണ്ഡലത്തിൽ പ്രഥമ പരിഗണന. മൊബിലിറ്റി ഹബ്, കോറിഡോര്‍ പദ്ധതി, കച്ചേരിക്കടവ് പദ്ധതി അങ്ങനെ 17പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണ്. ശീമാട്ടി റൗണ്ടാനയില്‍ കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിനുവേണ്ടി വിഭാവനം ചെയ്തതാണ് ആകാശപ്പാത.കോട്ടയത്ത് പൊതുജനങ്ങള്‍ക്കായി ആര്‍ട്ട് ഗാലറി ഇല്ല. ആകാശപ്പാത യാഥാര്‍ഥ്യമാവുന്നതോടെ ഇത് സാധ്യമാകും. കോട്ടയം മികച്ച ഐ.ടി ഹബ് ആക്കി മാറ്റും. ചിങ്ങവനത്ത് പാട്യാല മാതൃകയില്‍, രാജ്യത്തെ കായികരംഗത്തിന് തന്നെ മുതല്‍ക്കൂട്ടാവുന്ന സ്പോര്‍ട്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ രൂപരേഖ തയാറാക്കി, 11 ഏക്കര്‍ സ്ഥലവും സര്‍ക്കാറിന് കൈമാറിയിരുന്നു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പദ്ധതി അംഗീകരിക്കുകയും നിർമാണോദ്ഘാടനം നടത്തുകയും ചെയ്തതാണ്. ഇപ്പോള്‍ നിര്‍മാണം പൂര്‍ണമായി നിലച്ചിരിക്കുന്നു. ഈ പദ്ധതി പുനരുജ്ജീവിപ്പിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. കഴിഞ്ഞതവണ സംഭവിച്ചതുപോലെ തടസ്സങ്ങൾ ഇത്തവണ ഉണ്ടാവില്ലെന്നു കരുതുന്നു.
പ്രഥമ പരിഗണന വികസനത്തിന് -ഡോ. എൻ. ജയരാജ്
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ബൈപാസ്, മണിമല, കരിമ്പുകയം കുടിവെള്ള പദ്ധതികൾ, സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം, വിവിധ റോഡുകളുടെ നിർമാണം എന്നിവക്ക് പ്രഥമ പരിഗണന നൽകും.
കാഞ്ഞിരപ്പള്ളി ബൈപാസ് സ്ഥലമേറ്റെടുക്കല്‍ അവസാന ഘട്ടത്തിലാണ്. നാലുമാസത്തിനുള്ളില്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കാന്‍ ശ്രമിക്കും. മണിമല മേജര്‍ കുടിവെള്ള പദ്ധതിയില്‍നിന്ന് ജലവിതരണം ആരംഭിക്കും.
കരിമ്പുകയം കുടിവെള്ള പദ്ധതി നിര്‍മാണം ആരംഭിക്കും. വാഴൂര്‍, ചാമംപതാല്‍, കുന്നുംഭാഗം, താഴത്തുവടകര, നെടുങ്കുന്നം നോര്‍ത്ത് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം പണിയുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടം പൂര്‍ത്തിയായ വാഴൂര്‍ മിനി സിവില്‍ സ്റ്റേഷന് രണ്ടാംഘട്ടം ഭരണാനുമതി ലഭിച്ച പ്രവൃത്തികൂടി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. കിഫ്ബി പദ്ധതിയില്‍ ഭരണാനുമതി ലഭിച്ച കങ്ങഴയിലെ സാംസ്കാരിക സമുച്ചയം പണി ആരംഭിക്കും.
കിഫ്ബി പദ്ധതിയില്‍ ഭരണാനുമതി ലഭിച്ച രണ്ട് റോഡുകള്‍ -പത്തനാട് ഇടയിരിക്കപ്പുഴ, കാഞ്ഞിരപ്പള്ളി മണിമല കുളത്തൂര്‍മൂഴി റോഡുകള്‍ നിര്‍മാണ പ്രവൃത്തി ആരംഭിക്കും. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്കൂളില്‍ അനുവദിച്ച സ്പോര്‍ട്സ് സ്കൂളിെൻറ അനന്തരനടപടി വേഗത്തിലാക്കും. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി പൂര്‍ണസജ്ജമായി പണി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്നും ഡോ. എൻ. ജയരാജ് പറഞ്ഞു.
ചങ്ങനാശ്ശേരിക്ക് മാത്രമായി കുടിവെള്ളപദ്ധതി -അഡ്വ. ജോബ് മൈക്കിള്‍
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിക്ക് മാത്രമായി കുടിവെള്ള പദ്ധതി നടപ്പാക്കുകയെന്നതിനാണ് പ്രഥമ പരിഗണന. ചങ്ങനാശ്ശേരി നഗരസഭ, കുറിച്ചി, വാഴപ്പള്ളി, മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്ന തരത്തിലുള്ള പദ്ധതിയാണ് ലക്ഷ്യം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനുള്ള നടപടികളുമായി മുമ്പോട്ടുപോകും. ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനു സമീപം കെ.എസ്.ആര്.ടി.സി ഹബ്ബ്, ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ആധുനിക സൗകര്യങ്ങളുള്ള ട്രാഫിക് പൊലീസ് സ്റ്റേഷന്, തെങ്ങണയില്‍ മിനി സിവില്‍ സ്റ്റേഷന്, ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ മണ്ഡലത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കും. കാര്‍ഷിക മേഖലയില്‍ പഠനം നടത്തി കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കും. എല്ലാ പഞ്ചായത്തുകളിലും നഗരസഭ പ്രദേശത്തും ഏക്കര്‍കണക്കിന് കൃഷിയിടങ്ങള്‍ തരിശായി കിടക്കുകയാണ്, ശക്തമായ പുറംബണ്ട് നിര്‍മിച്ചും ജലസേചന സൗകര്യം ഒരുക്കിയും ജനകീയ കര്‍ഷക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ തരിശുപാടങ്ങളില്‍ കൃഷിചെയ്യുന്നതിന് വേണ്ട സത്വര നടപടി സ്വീകരിക്കും. ഉള്‍നാടന്‍ ജലഗതാഗതവും ഉള്‍നാടന്‍ ജല ടൂറിസവും വികസിപ്പിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കും. മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഭിന്നശേഷിക്കാര്‍ക്കായി ഡേ കെയര്‍ സെൻററുകൾ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.