ഡീസൽ ക്ഷാമം; കെ.എസ്.ആർ.ടി.സി സർവിസുകൾ താളംതെറ്റി
text_fieldsകോട്ടയം: ഡീസൽ ക്ഷാമത്തെ തുടർന്ന് ജില്ലയിലെ കെ.എസ്.ആർ.ടി.സി സർവിസുകൾ താളംതെറ്റി. പല സർവിസും റദ്ദാക്കി. ചങ്ങനാശ്ശേരി അടക്കമുള്ള ഡിപ്പോകളിലേക്ക് കഴിഞ്ഞ ദിവസം ഡീസൽ എത്തിയില്ല. ഇവിടെനിന്നുള്ള ബസുകൾ കോട്ടയം അടക്കമുള്ള ഡിപ്പോകളിൽ എത്തിയാണ് ഡീസൽ നിറച്ചത്. ഇതോടെ കോട്ടയത്ത് വലിയ തിരക്ക് അനുഭവപ്പെട്ടു. ഡീസൽ നിറക്കാൻ ബസുകൾക്ക് ഏറെനേരം കാത്തുകിടക്കേണ്ടിവന്നതുമൂലം പല സർവിസും വൈകി. ചിലത് മുടങ്ങുകയും ചെയ്തു. പാലാ, ഈരാറ്റുപേട്ട ഡിപ്പോകളിലും സമാന സാഹചര്യമായിരുന്നു.
ഈരാറ്റുപേട്ട ഡിപ്പോയിൽനിന്ന് പോകുന്ന കോട്ടയം, കട്ടപ്പന, തലനാട്, മുണ്ടക്കയം തുടങ്ങി മറ്റ് അനവധി ട്രിപ്പുകൾ മുടങ്ങിയതായി യാത്രക്കാർ പറയുന്നു. കെ.എസ്.ആർ.ടി.സി പണം അടക്കാത്തതാണ് ഡീസൽ മുടങ്ങാൻ കാരണമെന്നാണ് ജീവനക്കാർ പറയുന്നു. സർവിസുകൾ പലതും മുടങ്ങുകയും പരാതി വ്യാപകമാകുകയും ചെയ്തതോടെ വ്യാഴാഴ്ച വൈകീട്ടോടെ ചങ്ങനാശ്ശേരി ഡിപ്പോയിൽ ഡീസലെത്തിച്ചു. സർവിസ് റദ്ദാക്കിയത് മലയോര മേഖലയിലെ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കും വിവിധ ഓഫിസുകളിൽ ജോലി ചെയ്യുന്നവർക്കും പ്രയാസം സൃഷ്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.