മൂലേടമല്ല; ഇത് വീഴുന്നേടം: നടുവൊടിച്ച് റെയിൽവേ മേൽപാലം
text_fieldsകോട്ടയം: പൊട്ടിപ്പൊളിഞ്ഞ മൂലേടം റെയിൽവേ മേൽപാലത്തിലൂടെയുള്ള യാത്ര നടുവൊടിക്കും. പാലത്തിന്റെ തുടക്കം മുതൽ അവസാനംവരെ റോഡ് ഭൂരിഭാഗവും തകർന്നുകിടക്കുകയാണ്. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോവുന്ന മേൽപാലമാണ് ഈ അവസ്ഥയിലായത്. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്ക് രാത്രിയും പകലും ഭാരവാഹനങ്ങൾ പോകുന്നുമുണ്ട്. വാഹനങ്ങൾ കടന്നു പോകുമ്പോൾ പാലം വല്ലാതെ കുലുങ്ങുന്നതും ഭീതിയുണർത്തുന്നു. 2014ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണ് പാലം പണി പൂർത്തിയാക്കി തുറന്നുകൊടുത്തത്.
പാക്കിൽ, നാട്ടകം ഗെസ്റ്റ്ഹൗസ്, പൂവന്തുരുത്ത്, കടുവാക്കുളം, പുതുപ്പള്ളി എന്നിവിടങ്ങളിൽനിന്ന് കോട്ടയം നഗരത്തിലെത്താനുള്ള എളുപ്പമാർഗമാണ് ഈ മേൽപാലം. എന്നാൽ, ഇതുവഴി യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ്. കട്ടിങ്ങുകളിലും ടാറിളകി നീളത്തിൽ കുഴിയായി. അപകടങ്ങളും നിത്യസംഭവം. ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽ പെടുന്നവയിലേറെയും. വഴി പരിചയമില്ലാതെ എത്തുന്നവർ പാലത്തിലേക്ക് വേഗത്തിൽ കയറിവരുമ്പോൾ കുഴിയിൽ കയറി തെറിച്ചുവീഴുകയാണ് ചെയ്യുന്നത്. പരിചയമുള്ളവർപോലും സർക്കസ് കളിച്ചാണ് പാലം കടക്കുന്നത്. മുന്നിൽ പോകുന്ന വാഹനം കുഴിയിൽനിന്ന് രക്ഷപ്പെടാൻ എങ്ങോട്ടുവെട്ടിക്കുമെന്ന് പറയാനാവില്ല.
മേൽപാലം പണിത് 10 വർഷമായിട്ടും ഒരിക്കൽ പോലും അറ്റകുറ്റപ്പണി നടന്നിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പാലത്തിലെ കുഴികളടക്കാൻ ആവശ്യപ്പെട്ട് നാട്ടുകാർ പലതവണ അധികൃതരെ സമീപിച്ചിട്ടും നടപടിയില്ല. രാത്രി പാലത്തിൽ വെളിച്ചമില്ലാത്തതും യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത് റെയിൽവേയാണ്. എന്നാൽ, പൊതുമരാമത്തിനോട് ചെയ്യാനാണ് റെയിൽവേയുടെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.