മൃതദേഹത്തോട് അനാദരവെന്ന്; കോട്ടയം മെഡിക്കൽ കോളജിനെതിരെ പരാതി
text_fieldsഗാന്ധിനഗർ: മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് കൊണ്ടുവന്ന മൃതദേഹം ഇൻക്വസ്റ്റിനുശേഷം അഞ്ച് മണിക്കൂറിലധികം തറയിൽ കിടത്തിയെന്നും കൃത്യസമയത്ത് വിട്ടുകിട്ടാതിരുന്നതിനാൽ മതാചാരപ്രകാരമുള്ള ചടങ്ങുകൾ നടത്താൻ കഴിഞ്ഞില്ലെന്നും പരാതി.
ഫോറൻസിക് മേധാവിക്കെതിരെ ചിങ്ങവനം കുറിച്ചി സ്വദേശിനി പ്രസീതദേവിയാണ് പരാതി നൽകിയത്. പരാതിക്കാരിയുടെ പിതാവ് പൊന്നപ്പൻ ആചാരിയെ വ്യാഴാഴ്ച അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇദ്ദേഹം യാത്രമധ്യേ മരിച്ചതായി റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരിച്ചതിനാൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
രോഗിയായിരുന്നതിനാൽ ചികിത്സ രേഖകൾ പൊലീസ് മുഖേന എത്തിച്ചാൽ മൃതദേഹം വിട്ടുനൽകുകയാണ് പതിവ്. എന്നാൽ, ഈ രേഖ എത്തിക്കാഞ്ഞതിനാൽ മൂന്നാംതീയതി രാവിലെ ചിങ്ങവനം പൊലീസെത്തി മൃതദേഹം ഇൻക്വസ്റ്റ് ചെയ്ത് പോസ്റ്റ്മോർട്ടത്തിനായി കൈമാറി.
എന്നാൽ, അഞ്ചുമണിക്കൂർ കഴിഞ്ഞിട്ടും പോസ്റ്റ്മോർട്ടം ആരംഭിച്ചില്ലെന്നും ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഫോറൻസിക് മേധാവി ബന്ധുക്കളോട് മോശമായി സംസാരിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നുമാണ് ആശുപത്രി ആർ.എം.ഒ ഡോ. ലിജോ മാത്യുവിന് നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ, മൃതദേഹത്തോട് അനാദരവ് കാട്ടിയിട്ടില്ലെന്ന് ഡോ. ലിജോ മാത്യു പറഞ്ഞു. അർബുദ രോഗിയായ ഇയാൾ തനിച്ച് താമസിക്കുകയായിരുന്നു.
അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ മരിച്ചതിനാൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന് തെരുവുനായുടെ കടിയേറ്റിട്ടുമുണ്ട്. ഇതുസംബന്ധിച്ച് തർക്കം ഉണ്ടാകുകയും ഇവരുടെ ബന്ധു കൂടിയായ പൊലീസ് ഉദ്യോഗസ്ഥൻ ഫോറൻസിക് മേധാവിയുടെ മുറിയിൽ അതിക്രമിച്ചുകയറുകയും മോശമായി പെരുമാറുകയും ചെയ്തതായും ആർ.എം.ഒ പറഞ്ഞു.
ഇയാൾക്കെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.