ജില്ല സ്കൂൾ കായികമേള; ഈരാറ്റുപേട്ടയുടെയും എസ്.എം.വിയുടെയും കുതിപ്പ്
text_fieldsപാലാ: തകർന്ന ട്രാക്കും കനത്ത ചൂടും താരങ്ങളെ പിന്നോട്ടുവലിച്ചതോടെ, മിന്നും പ്രകടനങ്ങളില്ലാതെ ജില്ല സ്കൂൾ കായികമേളക്ക് തണുപ്പൻ തുടക്കം.
ആദ്യദിനത്തെ മത്സരങ്ങൾ അവസാനിച്ചപ്പോൾ ഈരാറ്റുപേട്ട ഉപജില്ലയാണ് മുന്നിൽ. പൂഞ്ഞാർ എസ്.എം.വി എച്ച്.എസ്.എസിന്റെ കരുത്തിൽ 93.5 പോയന്റുമായാണ് ഈരാറ്റുപേട്ടയുടെ കുതിപ്പ്.
പാലായാണ് രണ്ടാമത് (86). 61 പോയന്റ് നേടിയ കാഞ്ഞിരപ്പള്ളി ഉപജില്ലക്കാണ് മൂന്നാം സ്ഥാനം. സ്കൂൾ വിഭാഗത്തിൽ 57.5 പോയന്റുമായി പൂഞ്ഞാർ എസ്.എം.വി എച്ച്.എസ്.എസാണ് മുന്നിൽ. പാലാ സെന്റ് തോമസ് എച്ച്.എസ്.എസ് രണ്ടാമതും മുരിക്കുംവയൽ ഗവ. വി.എച്ച്.എസ്.എസ് മൂന്നാമതുമാണ്.
കനത്ത ചൂട് താരങ്ങളുടെ പ്രകടനങ്ങളെ കാര്യമായി ബാധിച്ചു. തകർന്ന സിന്തറ്റിക് ട്രാക്കും വില്ലനായി. നിരവധി താരങ്ങൾക്കാണ് പരിക്കേറ്റത്. പരിക്കേൽക്കാൻ സാധ്യത കൂടുതലായതിനാൽ ഷൂ ഇല്ലാതെ ആരും മത്സരിക്കരുതെന്ന് അധികൃതർ പലതവണ മുന്നറിയിപ്പും നൽകി. രാവിലെ മാണി സി. കാപ്പന് എം.എല്‍.എ കായികമേള ഉദ്ഘാടനം ചെയ്തു. പാലാ നഗരസഭ ചെയര്മാന് ഷാജു തുരുത്തന് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയക്ടര്‍ സുബിന് പോള്‍ പതാക ഉയര്‍ത്തി. വ്യാഴാഴ്ച രാവിലെ ഏഴ് കിലോമീറ്റര്‍ നടത്തത്തോടെ മത്സരങ്ങള്‍ ആരംഭിക്കും. 31 ഇനങ്ങളില്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. വെള്ളിയാഴ്ച മേള സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.