ശുദ്ധജല മത്സ്യങ്ങളെ കൊല്ലരുതേ...ആറുമാസം തടവും പിഴയുമാണ് ശിക്ഷ
text_fieldsകോട്ടയം: നിയമവിരുദ്ധ മത്സ്യബന്ധന രീതിയായ ഊത്തപിടിത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്ല്യം. കേരളത്തിലെ 44 നദികളിലും 127 ഉൾനാടൻ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങളുണ്ട്.
തെക്കു-പടിഞ്ഞാറൻ കാലവർഷത്തിന്‍റെ തുടക്കത്തിൽ മത്സ്യങ്ങൾ പുഴകളിൽനിന്നും മറ്റു ജലാശയങ്ങളിൽനിന്നും വയലുകളിലേക്കും ചെറുതോടുകളിലേക്കും ചതുപ്പുകളിലേക്കും കനാലുകളിലേക്കും കൂട്ടത്തോടെ കയറിവരുന്ന ദേശാന്തരഗമന പ്രതിഭാസമാണ് ഊത്ത എന്നറിയപ്പെടുന്നത്. വയറുനിറയെ മുട്ടകളുമായി പ്രജനനത്തിനായി കൂട്ടത്തോടെ ഒഴുക്കിനെതിരെ പുതുവെള്ളത്തിലേക്ക് നീന്തിവരുന്ന മത്സ്യങ്ങളാണിവ. മത്സ്യം കൂട്ടത്തോടെ വരുന്നതിനാൽ ഊത്തയേറ്റത്തിന്‍റെ സമയത്ത് മീൻപിടിക്കൽ എളുപ്പമാണ്.
ഇവയെ പിടികൂടി ഭക്ഷ്യയോഗ്യമായവയെ ഉപയോഗിക്കുകയും അല്ലാത്തവയെ നശിപ്പിക്കുകയും ചെയ്യുന്ന ഊത്തപിടിത്തത്തിലൂടെ മത്സ്യവംശം ഇല്ലാതാകും. പരൽ, വരാൽ, കൂരി, കുറുവ, മുഷി, പല്ലൻ കുറുവ, മഞ്ഞക്കൂരി, കോലൻ, പള്ളത്തി, മനഞ്ഞിൽ എന്നിവയാണ് ഊത്തക്ക് കൂടുതലായും കണ്ടുവരുന്നത്. ഊത്തപിടിത്തത്തിലൂടെ ഇവയുടെ കൂട്ടക്കൊലയും വംശനാശവുമാണ് സംഭവിക്കുക. ശുദ്ധജലമത്സ്യം വംശനാശ ഭീഷണി നേരിട്ടതോടെയാണ് ഈ സമയത്തെ മീൻപിടിത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.
ആറുമാസം തടവും പിഴയും ശിക്ഷ
പ്രജനന കാലത്ത് മത്സ്യങ്ങളുടെ സഞ്ചാരവഴികൾക്ക് തടസ്സം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും കൂട്, അടിച്ചിൽ, പത്തായം എന്നിവ ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. അനധികൃത മത്സ്യബന്ധനം തടയാൻ പരിശോധന ശക്തമാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. ഉൾനാടൻ ജലാശയങ്ങളിൽ നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയാൽ കർശന നടപടി സ്വീകരിക്കും. നിരോധനം ലംഘിക്കുന്നവർക്ക് 10,000 രൂപ പിഴയും ആറുമാസം തടവുമാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.