കോട്ടയത്ത് വാതില്‍പടി സേവനം ആദ്യഘട്ടത്തില്‍ ആറു തദ്ദേശ സ്ഥാപനങ്ങളില്‍
text_fieldsകോട്ടയം: അശരണര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളും ജീവന് രക്ഷാ മരുന്നുകളും വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കുന്ന വാതില്‍പടി സേവന പദ്ധതി ആദ്യഘട്ടത്തില്‍ ജില്ലയിലെ ആറു തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പാക്കും. മാടപ്പള്ളി, വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, കുറിച്ചി ഗ്രാമപഞ്ചായത്തുകളിലും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലുമാണ് സംസ്ഥാനത്തെ മറ്റ് 44 തദ്ദേശ സ്ഥാപനങ്ങള്‍ക്കൊപ്പം സെപ്റ്റംബര്‍ 15ന് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
അവശത അനുഭവിക്കുന്നവരെയും അറിവില്ലായ്മയും മറ്റ് നിസ്സഹായാവസ്ഥകളും മൂലം സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം കൃത്യമായി ലഭിക്കാത്ത ജനവിഭാഗങ്ങളെയും ലക്ഷ്യമിട്ടാണ് വാതില്‍പടി സേവന പദ്ധതി നടപ്പാക്കുന്നത്.
മസ്റ്ററിങ് സേവനങ്ങള്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹിക സുരക്ഷ പെന്ഷന് അപേക്ഷ, ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം ലഭിക്കുന്നതിനുള്ള അപേക്ഷ, ജീവന് രക്ഷാ മരുന്നുകള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രമേണ മറ്റു സേവനങ്ങളും ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം ലഭിക്കുന്നതിനുള്ള അപേക്ഷ തയാറാക്കലും ജീവന് രക്ഷാ മരുന്നുകളുടെ വിതരണവുമാണ് നടത്തുക. സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെയാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കുന്നത്. വളൻറിയര്‍മാരുടെ രജിസ്ട്രേഷന് പുരോഗമിക്കുകയാണ്. സന്നദ്ധ സേവകര്‍, നാഷനല്‍ സര്‍വിസ് സ്കീം വളൻറിയര്‍മാര്‍, എന്‍.സി.സി കാഡറ്റുകള്‍ എന്നിവര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പദ്ധതിയുടെ ഭാഗമാകാമെന്ന് കലക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
സന്നദ്ധ സേവകരായി പ്രവര്‍ത്തിക്കാന്‍ താൽപര്യമുള്ളവര്ക്ക് sannadhasena.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാം. ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്ന തദ്ദേശ സ്ഥാപന മേഖലകളില്‍ സേവനം അനുഷ്ഠിക്കാന്‍ താൽപര്യമുള്ളവർ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുകയോ പഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറിമാരെ ബന്ധപ്പെടുകയോ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.