പാതയിരട്ടിപ്പിക്കൽ: കെ.എസ്.ആര്‍.ടി.സി കൂടുതൽ സർവിസുകൾ നടത്തണമെന്നാവശ്യം
text_fieldsകോട്ടയം: ചിങ്ങവനം-ഏറ്റുമാനൂർ പാതയിരട്ടിപ്പിക്കലിന്‍റെ ഭാഗമായി ട്രെയിനുകൾ കൂട്ടമായി റദ്ദാക്കിയ സാഹചര്യത്തിൽ കെ.എസ്.ആര്‍.ടി.സി കൂടുതൽ സർവിസുകൾ നടത്തണമെന്നാവശ്യം.
കോട്ടയം - കായംകുളം, കോട്ടയം - എറണാകുളം റൂട്ടുകളില്‍ കൂടുതല്‍ സര്‍വിസ് വേണമെന്നാണ് ആവശ്യം. എന്നാല്‍, ശനിയാഴ്ച കാര്യമായ തിരക്ക് അനുഭവപ്പെട്ടിട്ടില്ലെന്നാണ് കെ.എസ്.ആർ.ടി.സി വ്യക്തമാക്കുന്നത്.
ഈ സാഹചര്യത്തിൽ യാത്രക്കാരുടെ തിരക്കനുസരിച്ച് മാത്രമാകും സര്‍വിസുകളെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്. ചൊവ്വാഴ്ച മുതൽ വേണാടും റദ്ദാക്കും. ഇതോടെ കൂടുതൽ പേർ ബസിനെ ആശ്രയിക്കുമെന്ന് യാത്രക്കാർ പറയുന്നു. കോട്ടയം - കൊല്ലം, കോട്ടയം - എറണാകുളം റൂട്ടിലാകും രൂക്ഷമായ യാത്രക്ലേശം.
പരശുറാം, വേണാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ റദ്ദാക്കലാകും യാത്രക്കാരെ ഏറെ വലക്കുക. മധ്യവേനല്‍ അവധിയുടെ അവസാന ആഴ്ചയിലാണ് ഗതാഗത നിയന്ത്രണമെന്നതും യാത്രക്കാർക്ക് തിരിച്ചടിയാണ്. ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകളായ വേണാടിനും പരശുറാമിനും ബദലായി രണ്ടു ട്രെയിനുകള്‍ ഓടിക്കുമെങ്കിലും കോട്ടയം മേഖലയിലെ യാത്രക്കാര്‍ക്ക് പ്രയോജനമുണ്ടാകില്ല.
കോട്ടയം റൂട്ടിലെ ഏറ്റവും തിരക്കേറിയ ട്രെയിനായ വേണാടിനു ബദലായി കൊല്ലം - ചങ്ങനാശ്ശേരി റൂട്ടിലാണ് സ്‌പെഷല്‍ ട്രെയിന്‍ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. 24 മുതല്‍ 28 വരെയാണ് കൊല്ലം -ചങ്ങനാശ്ശേരി റൂട്ടില്‍ മെമുവിന്‍റെ റേക്കുകള്‍ ഉപയോഗിച്ചു വേണാടിന്‍റെ സ്റ്റോപ്പുമായി സര്‍വിസ് നടത്തുക. ഓഫിസ് യാത്രക്കാര്‍ക്ക് വണ്ടി പ്രയോജനമാകുമെന്നാണ് റെയില്‍വേയുടെ വിശ്വാസം.
എന്നാല്‍, കൊല്ലത്തുനിന്ന് രാവിലെ എത്തുന്ന ഈ ട്രെയിൻ പകൽ മുഴുവൻ ചങ്ങനാശ്ശേരിയിൽ നിർത്തിയിടുന്നതിനുപകരം ഇടവേളകളിൽ കൂടുതൽ സർവിസുകൾ നടത്താമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രൻഡ്സ് ഓണ്‍ റെയില്‍സ് ആവശ്യപ്പെട്ടു.
അതിനിടെ, തെക്കന്‍ ജില്ലകളിലെ യാത്രക്കാര്‍ക്കായി ഭാഗികമായി പരശുറാം എക്സ്പ്രസ് റെയിൽവേ പുനഃസ്ഥാപിച്ചു. മംഗലാപുരം-ഷൊര്‍ണൂര്‍ റൂട്ടിലാണ് സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.