എന്തൊരു നാണക്കേടാണ് നഗരസഭേ...
text_fieldsകോട്ടയം: നഗരമധ്യത്തിൽ റോഡിൽ ഓട പൊട്ടിയൊഴുകി യാത്രക്കാർക്ക് സഞ്ചരിക്കാൻ പറ്റാത്ത വിധമായിട്ടും കാഴ്ചക്കാരായി ഇരിക്കുകയാണ് നഗരസഭ അധികൃതർ. നഗരസഭ ഓഫിസിനു തൊട്ടുമുന്നിലാണ് ദുർഗന്ധംപരത്തി മലിനജലം ഒഴുകുന്നത്. ആകാശപ്പാതക്ക് സമീപം ജോയ് മാളിനു മുന്നിൽ എവിടെയോ ആണ് ഓട പൊട്ടിയത്. അവിടെ നടപ്പാതയിൽ മലിനജലം കെട്ടിക്കിടക്കുകയാണ്. അതിൽ ചവിട്ടിയാണ് കാൽനടക്കാർ സഞ്ചരിക്കുന്നത്. ഒരു മാസമായി ഇതാണ് അവസ്ഥ.
വാഹനങ്ങളുടെ തിരക്ക് ഏറെയുള്ള ഇടമായതിനാൽ റോഡിലിറങ്ങി നടന്നാൽ അപകടമാവും. അഴുക്കുവെള്ളം ഒഴിവാക്കാൻ ചിലർ ജോയ് മാളിന്റെ ഗേറ്റിന് അകത്തുകൂടിയാണ് പോകുന്നത്. റോഡിൽ ട്രാഫിക് ജങ്ഷൻ വരെ മലിനജലം ഒഴുകിയെത്തുന്നുണ്ട്. വാഹനങ്ങൾ പോകുമ്പോൾ യാത്രക്കാരുടെ ദേഹത്തേക്ക് മലിനജലം തെറിക്കുന്നതും പതിവാണ്.
വീതി കുറവായതിനാൽ നടപ്പാതയോടു ചേർന്നാണ് ഇവിടെ വാഹനങ്ങൾ കടന്നുപോകുന്നത്. ട്രാഫിക് കുരുക്കാവുമ്പോൾ ഇരുചക്രവാഹനങ്ങൾ നടപ്പാതയിലൂടെയാണ് കയറിപ്പോകുന്നത്. തിരക്കുള്ള റോഡിൽ ഇത്തരത്തിൽ മലിനജലം ഒഴുകിയിട്ടും നഗരസഭ അധികൃതർ അടിയന്തര നടപടിയെടുത്തിട്ടില്ല.
സമീപത്തെ വ്യാപാരികൾ പരാതി നൽകിയതിനെ തുടർന്ന് നഗരസഭ ജീവനക്കാർ ഓടയിലെ സ്ലാബ് മാറ്റി നോക്കിയെങ്കിലും ചോർച്ച എവിടെയാണെന്ന് കണ്ടെത്താനായില്ലെന്നാണ് പറയുന്നത്. അതിന്റെ ദുരിതം അനുഭവിക്കുന്നത് യാത്രക്കാരാണ്. ദുർഗന്ധംമൂലം ഇതുവഴി സഞ്ചരിക്കാനാവുന്നില്ല.
യാത്രക്കാർക്കു മാത്രമല്ല സമീപത്തെ വ്യാപാരികൾക്കും മലിനജലം ദുരിതമായിരിക്കുകയാണ്. ഓട പൊട്ടിയത് എവിടെയെന്ന് നഗരസഭക്കു കണ്ടെത്താനായില്ലെങ്കിൽ ഇനി ആരോടു പരാതി പറയുമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.