60 കോടി കുടിശ്ശിക; മീനച്ചിൽ കുടിവെള്ള പദ്ധതി മുടങ്ങി
text_fieldsമുട്ടം: കോട്ടയം ജില്ലയിലെ 13 പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന മീനച്ചിൽ കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ മുടങ്ങി. കരാറുകാർക്ക് 60 കോടി രൂപ കുടിശ്ശികയായതിനെ തുടർന്നാണ് നിർമാണം നിർത്തിയത്. സംസ്ഥാനം നൽകേണ്ട വിഹിതത്തിൽ മുടക്കം വരുത്തിയതോടെ കേന്ദ്രവും ഫണ്ട് നൽകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 1243 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി വരുന്ന ആകെ ചെലവ്. 15 കരാറുകളായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ പണം ലഭിക്കാത്ത കരാറുകാർ പണി നിർത്തിവെച്ചിരിക്കുകയാണ്. കുടിശ്ശിക ലഭിക്കാതെ തുടർപ്രവൃത്തികൾ നടത്താൻ സാധിക്കില്ലെന്നാണ് കരാറുകാരുടെ നിലപാട്.
മൂന്നിലവ്, മേലുകാവ്, കടനാട്, രാമപുരം, തിടനാട്, ഭരണങ്ങാനം, മീനച്ചിൽ, തലപ്പലം, തലനാട്, തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കുട്ടിക്കൽ പഞ്ചായത്തുകളാണ് പദ്ധതിയുടെ ഉപഭോക്താക്കൾ. മൂന്നിലവ് 77.59 കോടി, കടനാട് 95.40 കോടി, രാമപുരം 146.75 കോടി, തലനാട് 55.83 കോടി, മേലുകാവ് 75.12 കോടി, പൂഞ്ഞാർ 86.81 കോടി, പൂഞ്ഞാർ തെക്കേക്കര 100.83 കോടി, തീക്കോയി 97.95 കോടി, തിടനാട് 111.68 കോടി, മീനച്ചിൽ 111.37 കോടി, ഭരണങ്ങാനം 92.79 കോടി, കൂട്ടിക്കൽ 148.74 കോടി, തലപ്പലം 49.24 കോടി എന്നിങ്ങനെയാണ് ഓരോ പഞ്ചായത്തുകൾക്കും തുക വകയിരുത്തിയിരിക്കുന്നത്.
ഈ പദ്ധതി പൂർത്തിയാകുമ്പോൾ പാലാ നിയോജക മണ്ഡലത്തിലെ എട്ടും പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തിലെയും കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
പദ്ധതിയിലൂടെ അരലക്ഷത്തോളം കുടുംബങ്ങൾക്ക് വർഷം മുഴുവൻ ശുദ്ധജലം ലഭിക്കും. പ്രതിദിനം 40 ദശലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 1998ൽ അന്ന് മന്ത്രിയായിരുന്ന കെ.എം. മാണിയാണ് പദ്ധതിക്ക് തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.