കോട്ടയം; റോഡ് കുഴിക്കാൻ അനുമതിയില്ല, കുടിവെള്ളം മുട്ടി 13 വാർഡ്
text_fieldsകോട്ടയം: 1.18 കിലോമീറ്റർ റോഡ് കുഴിച്ച് പൈപ്പിടാൻ ദേശീയ പാത അതോറിറ്റി അനുമതി നൽകുന്നില്ല. കുടിവെള്ളം മുട്ടി 13 വാർഡിലെ ജനങ്ങൾ. കോടികൾ ചെലവിട്ട നാട്ടകം പദ്ധതിയാണ് പാതിവഴിയിൽ മുടങ്ങിയത്. ദേശീയപാതയിലൂടെ പൈപ്പ് ഇടാൻ അനുമതി ലഭിക്കാത്തതിന്റെ പേരിലാണ് രണ്ടുവര്‍ഷമായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ വൈകുന്നത്. മന്ത്രിതലത്തില്‍ പ്രശ്നം ഉയര്‍ത്തിയിട്ടും പരിഹാരമില്ല. നഗരസഭയിലെ 30 മുതല്‍ 44 വരെ വാര്‍ഡിലുള്ളവരാണ് കുടിവെള്ള ക്ഷാമത്താല്‍ വലയുന്നത്. 35 വര്‍ഷം മുമ്പ് നാട്ടകത്ത് സ്ഥാപിച്ച ഏഴ് ലിറ്റർ ശേഷിയുള്ള ഓവർഹെഡ് ടാങ്കിൽ തിരുവഞ്ചൂർ പമ്പ് ഹൗസിൽനിന്ന് വെള്ളമെത്തിച്ചാണ് വിതരണം ചെയ്തിരുന്നത്. പഴയ ആസ്ബറ്റോസ് പൈപ്പായതിനാൽ ഇപ്പോൾ ശക്തി കുറഞ്ഞ രീതിയിലേ വെള്ളം പമ്പ് ചെയ്യാനാവൂ. ടാങ്ക് നിറയാൻ 36 മണിക്കൂറെടുക്കും.
15 മുതൽ 20 ദിവസം വരെ കൂടുമ്പോഴാണ് പൈപ്പിൽ വെള്ളം വരുന്നത്. മഴക്കാലത്ത് ആഴ്ചയിൽ രണ്ടു തവണയും. 21 ദിവസം കൂടിയാണ് അവസാനം വെള്ളം വന്നത്. നിലവില്‍ ടാങ്കര്‍ ലോറിക്ക് ദിവസവും പണം കൊടുത്ത് വെള്ളം വാങ്ങിയാണ് നാട്ടകം, മറിയപ്പള്ളി മേഖലയിലുള്ളവര്‍ ഉപയോഗിക്കുന്നത്. ഇതിനുപരിഹാരമായാണ് 2016ൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 21 കോടി രൂപ ചെലവഴിച്ച് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ അനുമതി നൽകിയത്. ഇതനുസരിച്ച് 600 എം.എം വ്യാസമുള്ള പൈപ്പ് ടാങ്കിലും പൊതുമരാമത്ത് റോഡുകളിലും സ്ഥാപിച്ചു. എന്നാൽ കലക്ടറേറ്റ് മുതൽ കഞ്ഞിക്കുഴി വരെയും കോടിമത മുതൽ മറിയപ്പള്ളി വരെയും റോഡ് കുഴിക്കാൻ അനുമതി നൽകുന്നില്ല. മൂന്നുതവണ ഇതിനായി ജലഅതോറിറ്റി ഓഫിസിൽനിന്ന് കത്തയച്ചെങ്കിലും റോഡ് മുറിക്കേണ്ടിവരുമെന്നതിനാൽ അനുവദിക്കാനാവില്ലെന്നാണ് മറുപടി.
12 കോടി രൂപ ഇതുവരെ മുടക്കി. പദ്ധതി നടപ്പായാൽ അഞ്ചുമണിക്കൂർ കൊണ്ട് ടാങ്ക് നിറയും. ആഴ്ചയിൽ രണ്ടുദിവസമെങ്കിലും വെള്ളം കിട്ടുകയും ചെയ്യും. 2012ൽ കോടിമത മണിപ്പുഴ നാലുവരിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ജല അതോറിറ്റിയുടെ പൈപ്പ് കട്ട്ചെയ്തിരുന്നു. ഇത് പുന:സ്ഥാപിക്കാത്തതിനാൽ 43, 44 വാർഡിലുള്ളവർക്ക് ഒട്ടും വെള്ളം കിട്ടുന്നില്ല. ഈ പ്രശ്നത്തിനും പരിഹാരമാണ് പുതിയ പദ്ധതി. പലതവണ വകുപ്പുമന്ത്രിയെ കണ്ടിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. പദ്ധതി നടപ്പാക്കാൻ സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.