കുടിവെള്ളക്ഷാമം; കൃഷിനാശം
text_fieldsഈരാറ്റുപേട്ട: വേനൽ കടുത്തതോടെ ജില്ലയുടെ മലയോര പഞ്ചായത്തുകളിൽ ജലക്ഷാമം രൂക്ഷം. ജലാശയങ്ങളും തണ്ണീർത്തടങ്ങളും വറ്റിവരണ്ടതോടെ കുടിവെള്ളത്തിനായി മലയോരങ്ങളിൽ താമസിക്കുന്നവർ നെട്ടോട്ടമോടിത്തുടങ്ങി. ഭൂരിഭാഗം കിണറുകളുംവറ്റിയ നിലയിലാണ്.
ഈരാറ്റുപേട്ട നഗരസഭയുടെ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധജല ക്ഷാമം രൂക്ഷമാണ്. മീനച്ചിലാറിനെ ആശ്രയിച്ചുള്ള മിക്ക ചെറുകിട കുടിവെള്ള പദ്ധതികളുടെയും കിണറുകൾ വറ്റി. ഇതിന് പരിഹാരമായി തൊടുപുഴ മലങ്കര ഡാമിൽനിന്ന് ടണൽവഴി ജലം മീനച്ചിലാറ്റിലേക്ക് എത്തുന്ന പദ്ധതിക്ക് ഉടൻ തുടക്കമിടണമെന്നാവശ്യവും ഉയരുന്നുണ്ട്.
•ജാതിയും കുരുമുളകും കരിഞ്ഞുണങ്ങി
ചൂട് കൂടിയതോടെ മലയോരമേഖലയിൽ കാർഷികവിളകൾക്കും തിരിച്ചടിയായി. വേനലിൽ പലതും കരിഞ്ഞുണങ്ങി. റബർതൈകളും ജാതിയും കുരുമുളകുകൊടികളും വാഴയുമാണ് ഭൂരിഭാഗവും കരിഞ്ഞുണങ്ങിയത്. ഇത് കടുത്ത സാമ്പത്തികനഷ്ടമാണ് കർഷകർക്കുണ്ടാക്കിയത്. വേനലിനെ പ്രതിരോധിക്കാനായി ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിട്ടും വെള്ളംനനച്ച് സംരക്ഷിച്ചിട്ടും പിടിച്ചുനിൽക്കാനാകില്ലെന്നാണ് കർഷകർ പറയുന്നത്.
റബർ വെട്ടിമാറ്റിയ തോട്ടങ്ങളിൽ ഇക്കുറി നിരവധി കർഷകരാണ് ജാതി, കുരുമുളക് കൃഷികൾ ആരംഭിച്ചത്. കുരുമുളകിന് മഞ്ഞളിപ്പ് രോഗവും വ്യാപകമാവുകയാണ്.വേനൽ കനത്തതോടെ പലരും വെള്ളംതളിച്ചും ചപ്പുചവറുകളിട്ട് ഈർപ്പം നിലനിർത്തുകയുമായിരുന്നു. എന്നാൽ, ചൂട് കൂടിയതോടെ മിക്കയിടത്തും ജാതി, കുരുമുളക് തൈകളുടെ ഇലകൾ പഴുത്ത് വാടിത്തുടങ്ങി. വിലത്തകർച്ച നിലനിൽക്കുമ്പോഴും റബർ വെട്ടിമാറ്റി പുതിയ തൈകൾ നട്ടവരും പ്രതിസന്ധിയിലായി. വെയിലിനെ പ്രതിരോധിക്കാൻ ഓലകൊണ്ട് മറനിർമിച്ചും വെള്ളപൂശുകയുമാണ് സാധാരണയായി വേനൽക്കാലത്ത് കർഷകർ ചെയ്യുന്നത്.
എന്നാൽ, പരിചരണം നൽകിയിട്ടും തൈകൾ നശിക്കുകയാണ്. പകലും രത്രിയും ചൂട് കാരണം ജനങ്ങളും വലയുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 36 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ചൂട് കൂടുന്നതെങ്കിലും ഇത്തവണ ഫെബ്രുവരി രണ്ടാംപകുതിയോടെ കനത്തു. ഇതിനിടെ വൈറൽ പനി വ്യാപകമായിട്ടുണ്ട്. കടുത്ത ചുമയും പനിയുമാണ് ലക്ഷണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.