ലഹരി: സ്കൂളുകളിൽ നിരീക്ഷണത്തിനായി മഫ്തി പൊലീസ്
text_fieldsകോട്ടയം: പുതിയ അധ്യയനവർഷത്തിന് തുടക്കമാകുമ്പോൾ വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കാനുള്ള നടപടികളുമായി ജില്ല പൊലീസ്. സ്കൂൾ പരിസരങ്ങളിൽ രാവിലെയും വൈകിട്ടും ഗതാഗത സുരക്ഷയൊരുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. സ്കൂൾ പരിസരങ്ങളില്‍ പുകയില ഉൽപന്നങ്ങൾ, ലഹരി പാനീയങ്ങൾ എന്നിവയുടെ വിൽപനയും ഉപയോഗവും തടയാൻ പൊലീസിന്റെ നേതൃത്വത്തിൽ റെയ്ഡുകൾ സംഘടിപ്പിക്കും. ഇതിനുമുന്നോടിയായി കഴിഞ്ഞ മൂന്നുദിവസങ്ങളിൽ സ്കൂൾ പരിസരത്തുള്ള വ്യാപാരസ്ഥാപനങ്ങളിൽ പൊലീസ് പ്രത്യേക പരിശോധന നടത്തിയിരുന്നു. ഇത്തരത്തിൽ സാമുഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. സ്കൂളുകളിലെ പി.ടി.എ.യുമായി ചേർന്ന് വിവിധ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സ്കൂളുകളിൽ നിരീക്ഷണത്തിനായി പ്രത്യേകം മഫ്തി പൊലീസിനെയും നിയോഗിക്കും.
ജനമൈത്രി പൊലീസും വ്യാപാരി വ്യവസായി സംഘടനകളും ചേർന്ന് സ്കൂൾ പരിസരത്തുള്ള കടകൾക്ക് മുമ്പിൽ ഇവിടെ ലഹരിപദാർഥങ്ങൾ വിൽക്കുന്നതല്ലെന്ന ബോർഡ് പ്രദർശിപ്പിക്കും. സ്കൂളിൽ ക്ലാസുകൾ അവസാനിച്ചതിനുശേഷം വീടുകളിൽ പോകാതെ നടക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിക്കുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യുക, സ്കൂൾ പരിസരങ്ങളിലുള്ള അപരിചിതരായ ആളുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, ചൂഷണം ലക്ഷ്യമാക്കി കുട്ടികളുമായി ചങ്ങാത്തം കൂടുന്നവരെ നിരീക്ഷിച്ച് ബന്ധപ്പെട്ടവരെ അറിയിക്കുക എന്നിവക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സ്കൂള്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനമാരംഭിക്കും. സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർ, അല്ലെങ്കിൽ പി.ടി.എ പ്രസിഡന്റ്, സ്റ്റേഷൻ ഹൗസ് ഓഫിസർ, പൊലീസ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന പ്രതിനിധി , സ്കൂൾ ലീഡർ, മാതാപിതാക്കൾ, അധ്യാപകർ, വ്യാപാരി, ഓട്ടോഡ്രൈവർ, ജാഗ്രതാ സമിതിയുടെയോ എസ്.പി.സി.യുടെയോ പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിയാണ് സ്കൂൾ സ്പെഷ്യല്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ ആരംഭിക്കുന്നത്. സ്കൂൾ ഡ്രൈവർമാരും കുട്ടികളെ എത്തിക്കുന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരും മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും അവരുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുകയും ചെയ്യുമെന്ന് ജില്ല പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.