താറാവുകറിയും മുട്ടയും വിളമ്പി 'ഡക്ക് ഫെസ്റ്റ്'
text_fieldsകോട്ടയം: താറാവ് കർഷകരുടെ കൈപിടിച്ച് കോട്ടയം ജില്ല കലക്ടറും ജില്ല പഞ്ചായത്ത് പ്രസിഡൻറും. പക്ഷിപ്പനിപ്പേടി അകറ്റാൻ ലക്ഷ്യമിട്ട് താറാവ് കർഷകർ നടത്തിയ ഡക്ക് ഫെസ്റ്റിൽ ഇരുവരും പങ്കുചേർന്നു. പക്ഷിപ്പനി മൂലം താറാവ് ഇറച്ചി, മുട്ട എന്നിവയുടെ വിൽപന നിലച്ച സാഹചര്യത്തിൽ അയ്മനം, കുമരകം മേഖലയിലെ താറാവ് കർഷകരുടെ നേതൃത്വത്തിലാണ് ഡക്ക് ഫെസ്റ്റ് സംഘടിപ്പിച്ചത്.
കർഷകർ ക്ഷണിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ജില്ല പഞ്ചായത്ത് പ്രസിഡൻറ് നിർമല ജിമ്മി, ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ എന്നിവർ അപ്പവും താറാവുകറിയും കഴിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ടി.എൻ. ഗിരീഷ്കുമാർ, മഞ്ജു സുജിത്ത്, ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഒ.ടി. തങ്കച്ചൻ, ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ഷാജി പണിക്കശ്ശേരി, കർഷകർ, ജീവനക്കാർ എന്നിവരും മേളയിൽ പങ്കാളികളായി. നന്നായി വേവിച്ച് താറാവ് ഇറച്ചിയും മുട്ടയും കഴിക്കുന്നതിന് പേടിക്കേണ്ടതില്ലെന്നും സുരക്ഷിതമാണെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. താറാവ് ഇറച്ചിയും മുട്ടയും കഴിച്ചു കാട്ടി ജനങ്ങളിൽ ധൈര്യം പകരാനാണ് ഫെസ്റ്റിൽ പങ്കെടുത്തതെന്നും ആശങ്കവേണ്ടെന്നും ജില്ല കലക്ടർ പറഞ്ഞു.
ബോധവത്കരണത്തിെൻറ ഭാഗമായി നൂറ്റിയമ്പതോളം പേർക്ക് അപ്പവും താറാവുകറിയും കർഷകർ സൗജന്യമായി നൽകി. ഏറെ പ്രതീക്ഷയോടെ ക്രിസ്മസ് - പുതുവത്സര വിപണിയെ കാത്തിരുന്ന താറാവ് കർഷകർക്ക് കനത്ത തിരിച്ചടിയാണ് ഡിസംബർ 14 ന് റിപ്പോർട്ട് ചെയ്ത പക്ഷിപ്പനി മൂലം ഉണ്ടായത്. നന്നായി വേവിച്ച താറാവ് ഇറച്ചിയും മുട്ടയും ഭക്ഷിക്കാമെന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും നിർദേശിച്ചിരുന്നെങ്കിലും താറാവ് വിപണി സജീവമായിരുന്നില്ല. ഡക്ക് ഫെസ്റ്റിലൂടെ ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കാനാകുമെന്നാണ് താറാവ് കർഷകരുടെ പ്രതീക്ഷ. മൃഗസംരക്ഷണ വകുപ്പിെൻറ പിന്തുണയും ഇവർക്കുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.