പ്രഖ്യാപനത്തിലൊതുങ്ങി താഴത്തങ്ങാടി സൗന്ദര്യവത്കരണ പദ്ധതി അനിശ്ചിതത്വത്തിൽ
text_fieldsകോട്ടയം: താഴത്തങ്ങാടി ആറ്റുതീരം സൗന്ദര്യവത്കരിക്കാനുള്ള പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങുന്നു. പദ്ധതിക്കായി 50 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചെങ്കിലും തുടർനടപടികളൊന്നുമായിട്ടില്ല. മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ഇറിഗേഷൻവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും നവീകരണപ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കാനുള്ള നടപടിക്ക് തുടക്കമിടുകയും ചെയ്തു. എന്നാൽ, ഫണ്ട് ലഭിക്കാത്തതിനാൽ തുടർപ്രവർത്തനങ്ങൾ നിലച്ചു.
കോട്ടയം വെസ്റ്റ് ക്ലബ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം താഴത്തങ്ങാടി വള്ളംകളിയുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. താഴത്തങ്ങാടി ആറ്റുതീരം നവീകരിക്കാനും നടപ്പാതയടക്കം നിർമിക്കാനുമായി 50 ലക്ഷം അനുവദിക്കുമെന്നായിരുന്നു മന്ത്രി അറിയിച്ചത്. വൻ കൈയടികളോടെയാണ് പ്രഖ്യാപനത്തെ നാട്ടുകാർ സ്വീകരിച്ചത്. തൊട്ടുപിന്നാലെയായിരുന്നു, ഇറിഗേഷൻ വകുപ്പിലെ എൻജിനീയർമാരുടെ സംഘം സ്ഥലം സന്ദർശിച്ചത്.
ആദ്യഘട്ട നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി ആറ്റുതീരത്തിന്റെ തകർന്ന സംരക്ഷണ ഭിത്തികൾ പുനർനിർമിക്കാനായിരുന്നു തീരുമാനം. അടുത്തഘട്ടമായി നടപ്പാതയും ഇരിപ്പിടങ്ങളും നിർമിക്കാനായിരുന്നു ആലോചന. വിശാലമായ നടപ്പാതക്കൊപ്പം ഇരിപ്പിടങ്ങളും ഒരുക്കാൻ സ്ഥലമുണ്ടെന്നായിരുന്നു സംഘത്തിന്റെ വിലയിരുത്തൽ. വൈകുന്നേരങ്ങളിലടക്കം നാട്ടുകാർക്ക് വിശ്രമിക്കാനുള്ള കേന്ദ്രംകൂടിയാക്കി ഇതിലെ മാറ്റാനായിരുന്നു ചർച്ചകൾ. അടുത്തഘട്ടമായി ഓപൺ ജിം അടക്കമുള്ള സംവിധാനങ്ങളെക്കുറിച്ചും ആലോചിച്ചിരുന്നു. എന്നാൽ,സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ തട്ടി ഫണ്ട് വിതരണം അനിശ്ചിതത്വത്തിലായതോടെ പ്രവർത്തനങൾ നിലച്ചു. താഴത്തങ്ങാടി വള്ളംകളി പവിലിയൻ അടക്കം നവീകരിക്കാനും പദ്ധതിയുണ്ടായിരുന്നു. വീണ്ടുമൊരു വള്ളംകളി കഴിഞ്ഞയാഴ്ച നടന്നിട്ടും പദ്ധതി തുടക്കംകുറിക്കാൻപോലുമായിട്ടില്ല.
നിലവിൽ ആറിന്റെ പലഭാഗത്തെയും സംരക്ഷണഭിത്തികൾ തകർന്ന നിലയിലാണ്. മാലിന്യം നിറഞ്ഞുകിടക്കുകയാണ്. കഴിഞ്ഞദിവസം വള്ളംകളിക്കുശേഷം പവിലിയനിലെ മാലിന്യം അടക്കം യുവാക്കളുടെ നേതൃത്വത്തിലാണ് നീക്കിയത്. സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ പഴയ സെമിനാരി മുതൽ അറുപുഴ വരെയുള്ള പ്രദേശത്തെ ആറ്റുതീരം വലിയതോതിൽ ഇടിയുന്നുണ്ട്. ആലുംമൂട് മുതൽ അറുപുഴ വരെയുള്ള ഒരു കിലോമീറ്റർ പ്രദേശത്തെ ആറ്റുതീരം ഇടയുന്നത് റോഡിനും ഭീഷണിയാണ്. ഇത്തരം പ്രശ്നങ്ങൾക്കും ഈ പദ്ധതിയിലൂടെ പരിഹാരം കാണാൻ കഴിയുമായിരുന്നു.
അതേസമയം, പദ്ധതി പരിഗണനയിലാണെന്നും ഉടൻ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചു. ഈ സാമ്പത്തികവർഷം തന്നെ ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇവർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.