വിവാദങ്ങൾക്കിടെ സ്വകാര്യകമ്പനി ബയോമെഡിക്കൽ മാലിന്യം ശേഖരിച്ചു തുടങ്ങി
text_fieldsകോട്ടയം: വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കുമിടെ മധ്യകേരളത്തിലെ അഞ്ചുജില്ലകളിൽനിന്നുള്ള ആശുപത്രി മാലിന്യങ്ങൾ കൊച്ചിയിലെ സ്വകാര്യകമ്പനി ശേഖരിച്ചു തുടങ്ങി. സർക്കാർ ആശുപത്രികളിൽനിന്നുള്ള മാലിന്യമാണ് ആദ്യദിനങ്ങളിൽ ഇവർ പ്ലാൻറിലെത്തിച്ചത്.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ സർക്കാർ-സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങൾ ശേഖരിക്കാൻ കൊച്ചി അമ്പലമേട്ടിലെ സ്വകാര്യ മാലിന്യ സംസ്കരണ കമ്പനിക്ക് അനുമതി നൽകി സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് ഉത്തരവിറക്കിയിരുന്നു. സ്ഥാപനങ്ങളുടെ 75 കിലോമീറ്റർ ചുറ്റളവിൽ മാലിന്യനിർമാർജന സംവിധാനം വേണമെന്ന കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിെൻറ മാനദണ്ഡം ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്.
എന്നാൽ, അമ്പലമേട്ടിലെ സ്വകാര്യ മാലിന്യ സംസ്കരണ കമ്പനിയെ സഹായിക്കാനാണ് മലിനീകരണ നിയന്ത്രണ ബോർഡിെൻറ ഉത്തരവെന്നാരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ഇത് സംസ്ഥാനത്തെ ആശുപത്രിമാലിന്യ സംസ്കരണത്തെ പ്രതിസന്ധിയിലാക്കുമെന്ന് ആരോപിച്ച ഇവർ ഹൈകോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ ഐ.എം.എയുടെ നിയന്ത്രണത്തിലുള്ള ഇമേജാണ് (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഗോസ് ഇക്കോ ഫ്രണ്ട്ലി) പാലക്കാട് മലമ്പുഴയിലെ പ്ലാൻറിലെത്തിച്ച് കേരളത്തിലെ മുഴുവൻ ബയോമെഡിക്കൽ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്കരിക്കുന്നത്. ഇതിനുപകരമിപ്പോൾ ഇമേജിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളും അമ്പലമേട്ടിലെ കമ്പനിക്ക് മാലിന്യം സംസ്കരണത്തിനായി നൽകണമെന്ന ഉത്തരവിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ഐ.എം.എയുടെ ആരോപണം.
പ്രതിദിനം 16 ടൺ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയാണ് കമ്പനിയുടെ പ്ലാൻറിനുള്ളത്. ഐ.എം.എയുമായി ഏറ്റുമുട്ടലിനില്ലെന്നും സർക്കാർ നിർദേശമനുസരിച്ചാണ് പ്രവർത്തനമെന്നും ഇവർ പറയുന്നു. ഐ.എം.എയുടെ പ്ലാൻറിന് പ്രതിദിനം 58 ടൺ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയാണുള്ളത്. സംസ്ഥാനത്ത് നിലവിൽ 90 ടണ്ണോളം മാലിന്യങ്ങളാണ് പ്രതിദിനം ഉടലെടുക്കുന്നത്.
ഈ സാഹചര്യത്തിൽ തങ്ങൾ ഈ മേഖലയിലേക്ക് എത്തുന്നത് ആർക്കും വെല്ലുവിളിയല്ലെന്നും സംസ്കരണം കൂടുതൽ സുഗമമാക്കാൻ ഇത് ഇടയാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിെൻറ മാനദണ്ഡം പാലിക്കുന്നതിനായാണ് പുതിയ കമ്പനിക്ക് അനുമതി നൽകിയതെന്നും ഈ മേഖലയിലേക്ക് കൂടുതൽ കമ്പനികൾ കടന്നുവരേണ്ടതുണ്ടെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് അധികൃതർ വിശദീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.