കോട്ടയം ജില്ലയിൽ 32 ആശുപത്രിയിൽ ഇ-ഹെൽത്ത് സംവിധാനം
text_fieldsകോട്ടയം: ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഇ-ഹെൽത്ത് സംവിധാനം നടപ്പായതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. ഇതോടെ ആകെയുള്ള 80 ആരോഗ്യ സ്ഥാപനങ്ങളിൽ 40 ശതമാനവും ഡിജിറ്റൽ സേവനങ്ങൾ നൽകി തുടങ്ങി. ഈ ആശുപത്രികളിൽ ഒ.പി രജിസ്ട്രേഷൻ, പ്രീ ചെക്ക്, കൺസൾട്ടേഷൻ, ലബോറട്ടറി പരിശോധന, ഫാർമസി തുടങ്ങിയ എല്ലാഘട്ടങ്ങളിലും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകും. തുടർന്നുള്ള ചികിത്സക്കും ഇ-ഹെൽത്ത് സംവിധാനമുള്ള മറ്റ് ആശുപത്രികളിൽ തുടർസേവനങ്ങൾ ഡിജിറ്റലായി നൽകും. രോഗിയുടെ സ്വകാര്യതയും വിവരങ്ങളുടെ രഹസ്യാത്മകതയും പൂർണമായി സംരക്ഷിച്ചുകൊണ്ടാണ് ഡിജിറ്റൽ സേവങ്ങൾ നൽകുക. ഒരു വർഷത്തിനകം ജില്ലയിലെ എല്ലാ ആശുപത്രിയിലും ഇ-ഹെൽത്ത് സംവിധാനം നടപ്പാക്കും.
ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകാൻ എല്ലാവരും യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ എടുക്കേണ്ടത് അത്യാവശ്യമാണ്. ഈ നമ്പറുള്ള കാർഡ് ഉപയോഗിച്ചാകും ആരോഗ്യസേവങ്ങൾ നൽകുക. ജീവിതശൈലീരോഗ നിർണയത്തിനുള്ള ശൈലി അപ്ലിക്കേഷൻ, അർബുദ നിർണയത്തിനുള്ള ക്യാൻ കോട്ടയം തുടങ്ങിയ സർക്കാർ പദ്ധതികളിൽ പരിശോധന സുഗമമായി നടത്തുന്നതിനും നമ്പർ ആവശ്യമാണ്.
https://ehealth.kerala.gov.in/portal/uhid-reg എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആധാർ നമ്പർ നൽകിയാൽ യൂണിക് ഹെൽത്ത് ഐ.ഡി നമ്പർ സൗജന്യമായി ലഭിക്കും. ഇ-ഹെൽത്ത് സംവിധാനം ലഭ്യമായ ആശുപത്രികളിൽനിന്ന് ബാർകോഡ് ഉൾപ്പെടെയുള്ള കാർഡ് പ്രിന്റ് ചെയ്ത് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.