മഹാപ്രളയം തകർത്തെറിഞ്ഞ ഭൂമ; വികസനം കാത്ത് കൂട്ടിക്കൽ -കൊക്കയാർ മേഖല
text_fieldsമുണ്ടക്കയം: ദുരന്തഭീതി വിട്ടൊഴിയാത്ത കൂട്ടിക്കൽ- കൊക്കയാർ മേഖലകൾ വികസന പ്രതീക്ഷയിൽ. മഹാപ്രളയം നടന്ന് രണ്ടുവർഷമാകുമ്പോൾ അതിജീവനത്തിന്റെ പാതയിലാണ് ഗ്രാമീണമേഖല.
22ഓളം ജീവനുകൾ നഷ്ടമായ മഹാദുരന്തത്തിൽനിന്ന് ഇന്നും പലമേഖലയിലും പൂർണതോതിൽ കരകയറിയിട്ടില്ല. കൂട്ടിക്കൽ, കൊക്കയാർ മുണ്ടക്കയം പഞ്ചായത്തുകളിലായി ചെറുതും വലുതുമായ 44ഓളം പാലങ്ങൾ തകർന്നടിഞ്ഞെങ്കിലും രണ്ടുവർഷം പൂർത്തിയാകുമ്പോൾ നിർമാണം പൂർത്തിയായത് ഒരു പാലത്തിന്റേത് മാത്രമാണ്. കൂട്ടിക്കൽ-കൊക്കയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും നൂറുകണക്കിന് ആളുകളുടെ ആശ്രയമായ ഏന്തയാർ ഈസ്റ്റ് പാലത്തിന് നിർമാണപ്രവർത്തനം പോലും ആരംഭിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ദുരന്തം കൂടുതൽ നാശനഷ്ടമുണ്ടാക്കിയ പ്ലാപ്പള്ളി മ്ലാക്കര, ഇളങ്കാട് ടോപ്, ഉറുമ്പിക്കര, വടക്കേമല തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് നിരവധി കുടുംബങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കേറി.
പ്രളയത്തിൽ തകർന്ന നിരവധി റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ സാധിച്ചെങ്കിലും ഗതാഗത സൗകര്യങ്ങളില്ലാത്ത റോഡുകൾ നിരവധിയാണ്. പ്രളയത്തിൽ പുല്ലകയാറ്റിലും മണിമലയാറ്റിലും ഒഴുകിയെത്തിയ മണൽ കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളുടെ പൊതുസ്ഥലങ്ങളിൽ അടിഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇവ നീക്കംചെയ്യാൻ സാധിച്ചിട്ടില്ല. കോടിക്കണക്കിന് രൂപയുടെ മണലും ചരലുമെല്ലാം നഷ്ടങ്ങളുടെ കൂമ്പാരമായി അവശേഷിക്കുകയാണ്. ദുരന്തമേഖലയെ കൈപിടിച്ചുയർത്താൻ സന്നദ്ധസംഘടനകളും രാഷ്ട്രീയ പാർട്ടികളും വ്യക്തികളും നടത്തുന്ന പ്രവർത്തനം മഹത്തരമാണ്. ദുരിതബാധിതർക്കായി 150 ഓളം വീടുകളാണ് രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ നിർമിച്ചുനൽകിയത്.
തകർന്നടിഞ്ഞ കൂട്ടിക്കൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും നിരവധി സംഘടനകളും വ്യക്തികളും കൈത്താങ്ങായി. കൂട്ടിക്കൽ ടൗണിൽ വെള്ളപ്പൊക്കത്തിനിടയാക്കിയ ചെക്ക്ഡാം പൊളിച്ചുമാറ്റിയത് മേഖലക്ക് ആശ്വാസമേകിയിട്ടുണ്ട്. മഹാദുരന്തത്തിന് രണ്ടാണ്ട് പിന്നിടുമ്പോൾ കൂട്ടിക്കൽ ടൗണും ജനജീവിതവും സാധാരണനിലയിലേക്കുള്ള തിരിച്ചുവരവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.