ഇളംകുളം സഹകരണ ബാങ്ക് തട്ടിപ്പ്; നഷ്ടമായത് 30 കോടി
text_fieldsകോട്ടയം: പൊൻകുന്നം ഇളംകുളം സർവിസ് സഹകരണ ബാങ്ക് തട്ടിപ്പിൽ 27 വര്‍ഷത്തിനുശേഷം പ്രധാന പ്രതി അറസ്റ്റിലായെങ്കിലും ആരോപണ വിധേയരിൽ ഭൂരിഭാഗവും അന്വേഷണ പരിധിക്ക് പുറത്ത്. അന്നത്തെ ഏറ്റവും വലിയ സഹകരണ തട്ടിപ്പുകളില്‍ ഒന്നായിരുന്നു ഇളംകുളത്തേത്. 30 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ അരങ്ങേറിയത്. ഈടില്ലാതെ വായ്പ, ഒരേ ആധാരത്തില്‍ പല ലോണുകള്‍, ഹുണ്ടിക ഇടപാടുകള്‍ എന്നിങ്ങനെ പല രൂപത്തിലായിരുന്നു തട്ടിപ്പ്. ജില്ല വിനോദസഞ്ചാര വികസന സൊസൈറ്റിക്ക് പണം കൈമാറിയതിലൂടെയും തട്ടിപ്പ് അരങ്ങേറി. അയ്യപ്പഭക്തര്‍ക്കായി പമ്പയില്‍ ഹോട്ടല്‍ നടത്തിയും പണം വെട്ടിച്ചതായി പരാതി ഉയര്‍ന്നിരുന്നു.
പിണറായി വിജയന് സഹകരണ മന്ത്രിയും ഷീല തോമസ് വകുപ്പ് സെക്രട്ടറിയുമായിരിക്കെ 1997ലാണ് ബാങ്കിലെ ക്രമക്കേടുകള്‍ സഹകരണ വകുപ്പ് കണ്ടെത്തിയത്. സി.പി.എം ഭരണസമിതിയായിരുന്നു ഈ സമയത്ത് ബാങ്ക് ഭരിച്ചിരുന്നത്. ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച് ദ്രുതഗതിയില്‍ മുന്നോട്ടുപോയെങ്കിലും സി.പി.എമ്മിന്റെ ജില്ലയിലെ പല പ്രമുഖരും പ്രതികളാകുമെന്ന ഘട്ടം വന്നതോടെ പിന്നോട്ട് പോയി.
തട്ടിപ്പിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഒരുമാസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.
പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് വിജിലന്‍സ് അന്വേഷണം ത്വരിതപ്പെടുത്താന്‍ നീക്കം നടന്നിരുന്നു. എന്നാൽ, യു.ഡി.എഫിലെ ചില പ്രമുഖരും പ്രതികളാകുമെന്ന് വന്നതോടെ അന്വേഷണം മരവിക്കുകയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നു. എൽ.ഡി.എഫ് ഭരണസമിതിക്ക് മുമ്പ് യു.ഡി.എഫായിരുന്നു വർഷങ്ങളായി ബാങ്കിന്റെ ഭരണം.
ബാങ്കിന്റെ അനുബന്ധ സ്ഥാപനമായിരുന്ന ജില്ല വിനോദസഞ്ചാര വികസന സൊസൈറ്റിയിലെ 3.50 കോടിയുടെ അഴിമതിയിലെ അന്വേഷണവും ഈ ഗതിയിലായിരുന്നു. രാഷ്ട്രീയക്കാര്‍, സഹകരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു പുറമെ ചില പൊലീസ് ഉദ്യോഗസ്ഥരും അഴിമതിയില്‍ ഉള്‍പ്പെട്ടതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാൽ, ഇവരിലേക്കൊന്നും വിജിലൻസ് അന്വേഷണമെത്തിയില്ല.
എന്നാൽ, പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്കെല്ലാം തുക മടക്കി നൽകാൻ സഹകരണ വകുപ്പ് നടപടി സ്വീകരിച്ചു. ഇത് നിക്ഷേപകൾക്ക് ആശ്വാസമായതിനൊപ്പം കേസ് അന്വേഷണത്തിന്റെ ‘ശക്തി’യെയും ബാധിച്ചു. എൽ.ഡി.എഫും സര്‍ക്കാറും പ്രതിക്കൂട്ടിലാകുമെന്ന ഘട്ടത്തില്‍ അന്നത്തെ സംസ്ഥാന സഹകരണ ബാങ്ക് ലോണായി നല്കിയ പണം ഉപയോഗിച്ചാണ് നിക്ഷേപകരെ ശാന്തരാക്കിയത്. പിന്നീട്, ഈ തുകയുടെ തിരിച്ചടവ് ഇളംകുളം സർവിസ് സഹകരണ ബാങ്കിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലേക്കും മാറിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.