വയോധികന് മർദനം; സ്വകാര്യ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തു
text_fieldsവൈക്കം: തലയാഴത്ത് വയോധികനെ മർദിച്ചതിന് സ്വകാര്യ ബസിലെ ജീവനക്കാർ അറസ്റ്റിൽ. തലയാഴം തോട്ടുചിറയിൽ ചിദംബരനെ (64) മർദിച്ച ശ്രീഗണേഷ് എന്ന സ്വകാര്യ ബസിലെ ജീവനക്കാരായ കുമരകം സ്വദേശി ആദർശ് (27), ചെങ്ങളം സ്വദേശി വിഷ്ണു(28) എന്നിവരാണ് അറസ്റ്റിലായത്.
താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരിക്ക് ഭക്ഷണം നൽകിയ ശേഷം ബുധനാഴ്ച ഉച്ചകഴിഞ്ഞ് ചിദംബരൻ ബസിൽ തലയാഴത്തേക്ക് വരുകയായിരുന്നു. കണ്ടക്ടർ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നേരത്തെ ടിക്കറ്റ് എടുത്ത കാര്യം പറയുകയും കൈയിൽ പാത്രവും മറ്റും ഇരിക്കുന്നതിനാൽ കുറച്ച് കഴിഞ്ഞു ടിക്കറ്റ് കാണിക്കാമെന്ന് അറിയിക്കുകയും ചെയ്തെങ്കിലും അത് കേൾക്കാൻ തയാറാകാതെ കണ്ടക്ടർ മർദിക്കുകയായിരുന്നുവെന്ന് ചിദംബരൻ പറയുന്നു. ബസിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോൾ ഡ്രൈവറും ഓടിയെത്തി ക്രൂരമായി മർദിച്ച് ബസിൽനിന്ന് തള്ളി താഴെയിട്ടു. ബസിൽനിന്ന് താഴെ വീണ ചിദംബരന് മുട്ടിന്റെ ചിരട്ടക്ക് പൊട്ടലും മൂക്കിന്റെ പാലത്തിന് ഒടിവുമുണ്ട്.
വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെങ്ങു കയറ്റ തൊഴിലാളിയും നിർധന കുടുംബത്തിലെ അംഗവുമാണ് ചിദംബരൻ. മുമ്പും യാത്രക്കാരെ മർദിച്ചതായ പരാതി ഈ ബസിന്റെ ജീവനക്കാർക്കെതിരെ ആക്ഷേപമുണ്ട്. രണ്ട് മാസം മുമ്പ് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ മർദിച്ചതിനും ഈ ബസിലെ ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.