വഴിയില്ല; സി.എം.എസ് കോളജ് കാമ്പസിനകത്തെ വീട്ടിൽ കുടുങ്ങി വയോധിക സഹോദരങ്ങൾ
text_fieldsകോട്ടയം: ഏക്കറുകൾ പരന്നുകിടക്കുന്ന സി.എം.എസ് കോളജ് കാമ്പസിനകത്തെ വീട്ടിൽനിന്ന് പുറത്തുകടക്കാൻ വഴിയില്ലാതെ വയോധിക സഹോദരങ്ങൾ. നൂറ്റാണ്ട് മുമ്പ് കോളജ് കാമ്പസ് ഒരുക്കാൻ പീരുമേട്ടിൽനിന്നെത്തിച്ച തൊഴിലാളിയുടെ നാലാംതലമുറക്കാരായ ടി.സി. മാത്യുവും (പാച്ചൻ) ടി.സി. സാറാമ്മയുമാണ് നടവഴിയില്ലാത്തതിനാൽ വീട്ടിൽ കുടുങ്ങിയത്. കോളജിന്റെ പിറകുവശത്തെ വഴി സുരക്ഷയുടെ പേരിൽ കോളജ് അധികൃതർ അടച്ചതാണ് ഇവർക്ക് വിനയായത്. ശരീരത്തിന്റെ ഒരു ഭാഗം തളർന്ന സാറാമ്മക്ക് പരസഹായമില്ലാതെ യാത്ര ചെയ്യാനാവില്ല. ആശുപത്രിയിലേക്കു പോകാൻ പോലും പുറത്തിറങ്ങാനാവാത്ത ദുര്യോഗത്തിലാണ് ഇവർ.
1845ലാണ് ഇവരുടെ മുത്തച്ഛൻ തോപ്പിൽ ജോൺ കോട്ടയത്തെത്തുന്നത്. പീരുമേട്ടിലെ സി.എസ്.ഐ ബംഗ്ലാവിലെ തോട്ടക്കാരനായിരുന്നു ജോൺ. തോട്ടത്തിന്റെ മനോഹാരിത കണ്ട് ഇഷ്ടപ്പെട്ട അന്നത്തെ സി.എം.എസ് കോളജ് പ്രിൻസിപ്പൽ ജോൺ ചാപ്മാൻ തോട്ടക്കാരനെ കോട്ടയത്ത് കാമ്പസ് ഒരുക്കാൻ കൂട്ടിക്കൊണ്ടുവരികയായിരുന്നു. മൂത്തമകനായ പൗലോസുമൊത്ത് എത്തിയ ജോൺ കാമ്പസിനകത്ത് വീടുവെച്ച് അവിടെ കൂടി. വീടിനോടുചേർന്ന് 80 സെന്റ് പാട്ടത്തിനെടുത്ത് കൃഷിയും ആരംഭിച്ചു. പിന്നീട് 1938ൽ കാമ്പസിനകത്തുതന്നെ അണ്ണാൻകുന്നിലെ ഏഴുസെന്റിലേക്ക് വീട് മാറി. പ്രിൻസിപ്പൽ ഫാ. ഫിലിപ്പ് ലീയുടെ കാലത്ത് ചുറ്റുമുള്ള അഞ്ചേക്കർ പാട്ടത്തിനെടുത്ത് കൃഷിയുമാരംഭിച്ചു. പൗലോസിന്റെ മകൻ ചാക്കോയുടെ മക്കളായ 77കാരനായ മാത്യുവും 74കാരിയായ സാറാമ്മയുമാണ് ഗ്രേറ്റ് ഹാളിന് പുറകിലെ വീട്ടിലെ ഇപ്പോഴത്തെ താമസക്കാർ. ഇരുവരും അവിവാഹിതരാണ്.
കോളജിന്റെ പുറകിലത്തെ വഴിയാണ് നേരത്തെ കുടുംബം ഉപയോഗിച്ചിരുന്നത്. അവിടെ പുതിയ ഫ്ലാറ്റ് വന്നതോടെ ആ വഴി അടഞ്ഞു. പിന്നീട് യാത്ര പുറകിൽ അണ്ണാൻകുന്ന് ഭാഗത്തെ ഗേറ്റ് വഴിയാക്കി. ആ ഗേറ്റ് വല്ലപ്പോഴുമേ തുറക്കൂ എന്നതിനാൽ സമീപത്തെ പൊളിഞ്ഞുകിടക്കുന്ന വേലിയായിരുന്നു ആശ്രയം. അടുത്തിടെ വേലി കെട്ടിയതോടെ അക്ഷരാർഥത്തിൽ വീട്ടിൽ കുടുങ്ങിയ അവസ്ഥയിലാണ് ഇവർ. കോളജിന്റെ പ്രധാന കവാടത്തിലൂടെയാണ് മാത്യു ഇപ്പോൾ അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നത്. വീട്ടുമുറ്റത്തുനിന്ന് പൊളിഞ്ഞ കയ്യാല വഴി മുകളിലേക്ക് കയറിയാലേ പ്രധാന കവാടത്തിലെത്താനാവൂ. ശാരീരിക ബുദ്ധിമുട്ടുള്ള സാറാമ്മക്ക് ഇതുവഴി കയറാൻ പറ്റില്ല.
വെളിച്ചത്തിന് കാത്തിരുന്നത് 47 വർഷം
നാടിന് അക്ഷരവെളിച്ചം പകർന്ന കലാലയത്തിലെ താമസക്കാരന് വൈദ്യുതി ലഭിച്ചത് 47 വർഷത്തെ പോരാട്ടത്തിനുശേഷമാണ്. 1975ൽ ഡോ. ജോർജ് എം. തോമസ് പ്രിൻസിപ്പൽ ആയിരുന്ന സമയത്താണ് ആദ്യമായി വൈദ്യുതിക്ക് അപേക്ഷ നൽകുന്നത്. അപേക്ഷ സി.എസ്.ഐ സഭ അധികൃതർക്ക് അയച്ചെങ്കിലും മറുപടി കിട്ടിയില്ല. തുടർന്ന് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന് മാത്യുവിന്റെ മാതാവ് പി.ജെ. മറിയം കത്തെഴുതി. പരാതി കലക്ടർക്കും മുനിസിപ്പാലിറ്റിക്കും കൈമാറിയെങ്കിലും അനക്കമുണ്ടായില്ല.
കെ.എസ്.ഇ.ബി നേരിട്ട് അപേക്ഷ നൽകിയിട്ടും അനുമതി ലഭിച്ചില്ല. സബ്കലക്ടറുടെ ഉത്തരവനുസരിച്ച് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കണക്ഷൻ നൽകാൻ എത്തിയെങ്കിലും സഭ അധികൃതർ സാവകാശം ചോദിച്ചു. തുടർന്ന് കോടതിയിൽ പോയി പത്തുവർഷത്തേക്ക് സ്റ്റേ നേടി. സ്റ്റേ നീങ്ങിയ ശേഷം ഈ വർഷം മാർച്ച് 30നാണ് വൈദ്യുതി ലഭിച്ചത്. പഴയകാല ഫുട്ബാൾ കളിക്കാരനും ഗുസ്തി താരവുമായ മാത്യു കോട്ടയം മുനിസിപ്പാലിറ്റിയിൽ കാഷ്വൽ ജീവനക്കാരനാണ്. രോഗിയായ സഹോദരിക്ക് താൻ മാത്രമേ തുണയുള്ളൂ. അവരെ ആശുപത്രിയിലെത്തിക്കാൻ പോലും കഴിയുന്നില്ല. കാമ്പസിന്റെ പുറകിലെ ഗേറ്റിലേക്ക് വീട്ടിൽനിന്ന് 45 മീറ്റർ ദൂരമേയുള്ളൂ. ഇതിലേ വഴി അനുവദിച്ചുതരണമെന്നാണ് മാത്യുവിന്റെ ആവശ്യം.
‘ഒഴിയാൻ അവസരം നൽകിയതാണ്’
‘1979 മുതൽ ടി.സി. മാത്യുവിനെ കോളജ് കോമ്പൗണ്ടിൽനിന്ന് ഒഴിപ്പിക്കാൻ കോടതി വിധി ഉള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് പല കേസുകളും നടന്നുകൊണ്ടിരിക്കുന്നു. 10 സെന്റ് സ്ഥലവും വീടും നൽകാമെന്നും പറഞ്ഞിട്ടും അദ്ദേഹം ഇറങ്ങാൻ തയാറല്ല. കോളജിന്റെ പ്രധാന കവാടം 24 മണിക്കൂറും തുറന്നിരിക്കുന്നതാണ്. സെക്യൂരിറ്റിയുമുണ്ട്. ഇതുവഴിയാണ് മാത്യു പുറത്തേക്ക് പോയിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ പുതിയ വഴി വെട്ടാൻ ആരോ പറഞ്ഞതനുസരിച്ചാണ് രംഗത്തിറങ്ങിയിട്ടുള്ളത്. അദ്ദേഹത്തിന് പല തവണ ഒഴിയാൻ അവസരം നൽകിയതാണ്. കോമ്പൗണ്ടിനകത്തുതന്നെ സ്ഥലം കിട്ടണമെന്നാണ് ആവശ്യം. അത് അനുവദിക്കാനാവില്ല’ -കോളജ് ബർസാർ ഫാ. ചെറിയാൻ തോമസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.